അധ്യാപകർ തമ്മിലുള്ള തമ്മിൽതല്ല് രൂക്ഷമായതോടെ അന്തിനാട് ഗവൺമെൻറ് യുപി സ്കൂളിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. അച്ചടക്ക നടപടികളുടെ ഭാഗമായി ഏഴ് അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥിയും പ്രഥമ അധ്യാപികയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ശിക്ഷാനടപടി. ഹെഡ്മിസ്ട്രസ് ഒഴികെ, പരാതി നൽകിയവരും ആരോപണ വിധേയരും അടക്കം ഏഴ് പേരെയും സ്ഥലംമാറ്റി.
സ്കൂളിൻറെ പ്രവർത്തനം സംബന്ധിച്ച് അധ്യാപകർക്കെതിരെയും നിരവധി പരാതികൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ലഭിച്ചിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ പരിശോധനയിൽ പരാതികളിൽ കഴമ്പുണ്ട് എന്ന് കണ്ടെത്തിയിരുന്നു. അധ്യാപകർ കുട്ടികളുടെ സാന്നിധ്യത്തിൽ പരസ്പരം വഴക്കിടുന്നതായും വാക്ക് തർക്കങ്ങൾ ഏർപ്പെടുന്നതായും തെളിഞ്ഞു. അധ്യാപകർ പരസ്പര സഹകരണമില്ലാതെ മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നതായും ഇത് അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുന്നതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കണ്ടെത്തി.
പ്രധാന അധ്യാപകന്റെ വാക്കുകൾക്ക് വില നൽകാതെ ആയിരുന്നു ഏതാനും അധ്യാപകരുടെ പെരുമാറ്റം. ഔദ്യോഗിക സംവിധാനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. അധ്യാപകർ തമ്മിലുള്ള വഴക്കുകൾ സ്കൂളിൻറെ സുഖമമായ പ്രവർത്തനത്തെ ബാധിക്കുന്ന നിലയിലേക്ക് എത്തുകയായിരുന്നു. പ്രഥമ അധ്യാപകന്റെ വാക്കുകൾക്ക് ചില അധ്യാപകർ വില നൽകുന്നില്ല എന്ന്ഏതാനും അധ്യാപകരും പരാതി നൽകിയിരുന്നു. രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളുടെയും പരാതിയും വിദ്യാഭ്യാസ ഓഫീസിൽ ലഭിച്ചു.
അധ്യാപകർ തമ്മിലുള്ള വഴക്ക് കുട്ടികളിൽ മാനസികമായ പ്രത്യാഘാതം സൃഷ്ടിച്ചു എന്ന വിലയിരുത്തലിലാണ് നടപടി . പൊതുവിദ്യാഭ്യാസ വകുപ്പിന്റെ യശസ്സിന് കളങ്കം വരുത്തി, ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചു, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനം എന്നിവ കണക്കിലെടുത്താണ് വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. സ്കൂളിലെ അധ്യാപകരായ നയനാ ജേക്കബ്, ധന്യ പി ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, മനുമോൾ കെജി , റോസമ്മ കെവി എന്നിവർക്കാണ് സ്ഥലംമാറ്റം.
അതേസമയം, പരാതിപ്പെട്ടവരെയും സ്ഥലം മാറ്റിയതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ആണെന്ന ആരോപണവും ഉയരുന്നുണ്ട്. ഭരണാനുകൂല സംഘടനയിൽ പെട്ട അധ്യാപകരെ അച്ചടക്കനടപടികൾക്ക് വിധേയമായി സ്ഥലം മാറ്റേണ്ടി വന്നപ്പോൾ, മറ്റുള്ളവരെയും കൂടി സ്ഥലംമാറ്റുകയായിരുന്നു എന്നാണ് ആക്ഷേപം. പൊതുസമൂഹത്തിനും കുട്ടികൾക്കും മാതൃകയാകേണ്ടവരും വരും തലമുറയെ വാർത്തെടുക്കേണ്ടവരും ആകുന്ന അധ്യാപകർ നടത്തിയ തമ്മിൽ തല്ലും അനുസരണക്കേടും ഒരു സ്ഥാപനത്തിൻറെ സൽപേരിന് കളങ്കം ചാർത്തി എന്നതിന്റെ ഉത്തമ ഉദാഹരണമാണ്, അന്തിനാട് ഗവൺമെൻറ് യു. പി . സ്കൂളിലെ അധ്യാപകരുടെ കൂട്ട സ്ഥലംമാറ്റം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments