ഇന്നലെ രാത്രി ഈരാറ്റുപേട്ട നടക്കലിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മഠത്തിൽ അബ്ദുൽഖാദറാണ് മരിച്ചത്. രാത്രി പത്ത് മണിയോടെ കൊണ്ടൂർ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ വെയറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇവിടെ കൂട്ടുകാരുമായി സംസാരിച്ച് നിന്നിരുന്ന അബ്ദുൽഖാദർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഇവരെ ഉടൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വയറിന് ഗുരുതരമായി പരിക്കേറ്റ അബ്ദുൽഖാദറിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ പുത്തൻപറമ്പിൽ മാഹീൻ ആശുപത്രിയിൽ ചികിത്സയിലാണ്.
വാഹനത്തിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മദ്യകുപ്പികൾ ഉൾപ്പെടെയുള്ളവ വാഹനത്തിൽ കിടപ്പുണ്ട്.
ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിന്റെ അടിഭാഗം രണ്ടായി ഒടിഞ്ഞിട്ടുണ്ട്. സാമൂഹിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവും വ്യവസായിയുമായിരുന്നു അബ്ദുൽഖാദർ.
പെന്തനാൽ സത്താറിന്റെ മകൾ സുമിയാണ് അബ്ദുൽ ഖാദറിന്റെ ഭാര്യ. ഐഷ, റിസ്വാൻ, രഹാൻ എന്നിവരാണ് മക്കൾ.
പോസ്റ്റുമോർട്ടത്തിനു ശേഷം പുത്തൻപള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments