Latest News
Loading...

ജോൺസന്റെ പോരാട്ടം ഫലം കണ്ടു. മാലിന്യം കണ്ടെത്തി



കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചിട്ടെന്ന പരാതിയിൽ വഴിത്തിരിവ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുറ്റംകുഴിച്ചു നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ കണ്ടെത്തി. അഞ്ചു ചാക്കോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. മാലിന്യങ്ങൾ നരിമറ്റത്തുള്ള പ്ലാസ്റ്റിക് സമ്പൂർണ കേന്ദ്രത്തിലേക്ക് മാറ്റി. കളത്തൂകടവ് സ്വദേശിയായ ജോൺസൺ മാസങ്ങളായി പഞ്ചായത്തിലും അധികാരകേന്ദ്രങ്ങളിലും നടത്തിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് മാലിന്യം കുഴിച്ചിട്ടതായി കണ്ടെത്തുന്നത്. 




ഈ വർഷം മാർച്ചിൽ ആണ് വിഷയങ്ങൾക്ക് അടിസ്ഥാനമായ സംഭവം ഉണ്ടാകുന്നത്. പതിനൊന്നാം വാർഡിലെ കുടുംബക്ഷേമ കേന്ദ്രത്തിൻ്റെ മുറ്റത്ത് തിരക്കിട്ട് ടൈൽ പണി നടത്തിയതിന് പിന്നാലെയാണ് ആരോപണം ഉയർന്നത്. കെട്ടിടത്തിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിയിലിട്ട് നികത്തിയ ശേഷമാണ് ആണ് ടൈൽ ഇട്ടത് എന്നായിരുന്നു ആരോപണം. അധികാരികൾ ഇത് നിഷേധിച്ചെങ്കിലും ജോൺസൺ പിന്നോട്ട് പോയില്ല.



തുടർന്നുവന്ന മഴക്കാലത്ത് മുറ്റം ഇടിഞ്ഞതാടെ ആരോപണം വീണ്ടും ശക്തമായി. പഞ്ചായത്ത് കമ്മിറ്റിയിൽ അടക്കം ആവശ്യമുയർത്തിയതോടെ ഇതിന് ആവശ്യമായ തുക ജോൺസൺ അടയ്ക്കണമെന്നായിരുന്നു നിർദ്ദേശം. 10 ലക്ഷത്തിന്റെയും രണ്ടു ലക്ഷത്തിന്റെയും എസ്റ്റിമേറ്റുകൾ തയ്യാറാക്കി നൽകിയെങ്കിലും ജോൺസൺ അടയ്ക്കാൻ തയ്യാറായില്ല. ഒടുവിൽ ഒക്ടോബറിൽ ചേർന്ന കമ്മിറ്റി, പഞ്ചായത്ത് തന്നെ കുഴിച്ച് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.



ഇന്ന് രാവിലെ ജെസിബി എത്തിച്ച് ടൈൽ ഇളക്കി മാറ്റിയാണ് കുഴിയെടുത്ത് പരിശോധിച്ചത്. ഹരിത കർമ്മ സേന ശേഖരിച്ചു വച്ചിരുന്ന മാലിന്യമാണ് ഇവിടെ തള്ളിയത്. ജെസിബി കോരി മാറ്റിയ മണ്ണിനൊപ്പം പ്ലാസ്റ്റിക് കലർന്ന നിലയിലായിരുന്നു. സംഭവത്തിന് പിന്നിൽ കരാറുകാരനും ബന്ധമുണ്ടെന്നാണ് ജോൺസൺ ആക്ഷേപം ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ മറ്റൊരു പഞ്ചായത്ത് അംഗവും ജോൺസണുമായി വാക്കേറ്റവും കയ്യേറ്റവും വരെ ഉണ്ടായിരുന്നു.



സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ചാർലി ഐസക് പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം കുഴിയിൽ തള്ളിയത് ആരാണെന്ന് കണ്ടെത്തും. കുറ്റക്കാർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് വ്യക്തമാക്കി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments