Latest News
Loading...

നഗരസഭാ ചെയർമാൻ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം



പാലാ നഗരത്തിലെ സ്വകാര്യ സ്ഥാപന ഉടമയോട് നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം. സിവിൽ സ്റ്റേഷൻ എതിർവശം പ്രവർത്തിക്കുന്ന അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനാണ് ആരോപണവുമായി രംഗത്തുവന്നത്. വെള്ളിയാഴ്ച സ്ഥാപനത്തിന് മുന്നിലെ ഫ്ലക്സ് ബോർഡ് ചെയർമാൻ നശിപ്പിച്ചതിന് പിന്നാലെയാണ് ടോണി ഈ ആരോപണം ഉന്നയിച്ചത്. 

 ഫുട്പാത്ത് കയ്യേറി സ്ഥാപിച്ചു എന്ന് ആരോപണം ഉയർന്നതിന്റെ പേരിൽ മാറ്റിവെച്ച ബോർഡ് , ഹൈക്കോടതി ഉത്തരവ് നേടി പാലാ അച്ചായൻസ് ഗോൾഡ് പുനസ്ഥാപിച്ചിരുന്നു. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ ഷോറൂമിന് മുന്നിലെത്തിയ ചെയർമാൻ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പുതിയ ബോർഡ് കുത്തി കീറുകയും സ്ഥാപനത്തിനുള്ളിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി തന്നെ സ്ഥാപന ഉടമ സ്ഥലത്ത് എത്തിയിരുന്നു. ഷാജു തുരുത്തൻ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇത് കൊടുക്കാൻ കൂട്ടാക്കാത്തതിനാലാണ് സ്ഥാപനം ആക്രമിച്ചത് എന്ന ഗുരുതര ആരോപണം ഉന്നയിച്ച് ടോണി വർക്കിച്ചൻ രംഗത്ത് വന്നു. 


ചെയർമാന് എതിരെ സിസിടിവി ദൃശ്യങ്ങൾ അടക്കം പാലാ പോലീസിൽ പരാതി നൽകി. ഹൈക്കോടതി ഉത്തരവിന്റെ ആനുകൂല്യത്തിൽ സ്ഥാപിച്ച ബോർഡ് ചെയർമാൻ നേരിട്ടെത്തി നശിപ്പിച്ചത് കോടതി അലക്ഷ്യത്തിന്റെ പരിധിയിലും വരാൻ സാധ്യതയുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. എന്തുതന്നെയായാലും കേസുമായി മുന്നോട്ടു പോകുമെന്നാണ് സ്ഥാപന ഉടമ വ്യക്തമാക്കിയിരിക്കുന്നത്. 




അതേസമയം പിഡബ്ല്യുഡി അതിർത്തിക്കുള്ളിൽ ആണ് രണ്ടാമതും ബോർഡ് സ്ഥാപിച്ചതെന്ന് നഗരസഭ കൗൺസിലർ സാവിയോ കാവ്കാട്ട് പറഞ്ഞു. പിഡബ്ല്യുഡി റോഡ് വക സ്ഥലം കയ്യേറി ബോർഡ് സ്ഥാപിക്കാൻ ആർക്കും അധികാരമില്ല. ഇത്തരത്തിലുള്ള അനധികൃത ബോർഡുകൾ സംബന്ധിച്ച് ഓരോ മാസവും കളക്ടർ റിപ്പോർട്ട് തേടാറുണ്ട്. ഹൈക്കോടതി ഉത്തരവ് നഗരസഭയെ കാണിച്ചിട്ടില്ല. കൈക്കൂലി ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ബോർഡ് സംബന്ധിച്ച ആദ്യഘട്ടത്തിൽ പ്രതിഷേധം നടത്തിയവരെയും പിന്തുണച്ചവരെയും ഇപ്പോൾ കാണാത്തത് സംശയാസ്പദമാണെന്നും സാവിയോ ചൂണ്ടിക്കാട്ടി . 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments