തീക്കോയി വാഗമണ്‍ റോഡിലുണ്ടായ അപകടത്തിന് കാരണം മിനിവാനിന്റെ ബ്രേക്ക് തകരാര്‍. മാവടിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട വാന്‍ മുന്നിലുണ്ടായിരുന്ന ഇന്നോവയില്‍ ഇടിയ്ക്കുകയും ഇന്നോവ ബൈക്കില്‍ ഇടിക്കുകയുമായിരുന്നു.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തമിഴ്നാട് സ്വദേശി ജയരമണനും (38), മിനി വാനില്‍ സഞ്ചരിച്ച തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരസംഘത്തിലെ എട്ട് പേര്‍ക്കുമാണ് പരിക്കേറ്റത്. കാര്‍ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ജയരമണന്റെ വലതുകൈയ്ക്ക് പൊട്ടലുണ്ട്. തലയ്ക്കും തോളിനും പരിക്കേറ്റു.
പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ച ജയരമണന്റെ അടിവയറ്റില്‍ വേദന ശക്തമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇയാളുടെ ബന്ധുക്കള്‍ തമിഴ്‌നാട്ടില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. വാഗമണ്ണില്‍ വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു ജയരമണന്‍.
അപകടത്തെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട ഇയാളെ ആശുപത്രിയിലെത്തിച്ചത് തീക്കോയി പഞ്ചായത്തംഗമായ രതീഷ് പി.എസാണ്. ബന്ധുക്കളെത്തുംവരെ ഒപ്പമുണ്ടാകുമെന്ന് രതീഷ് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments