തീക്കോയിലും സമീപപ്രദേശങ്ങളിലുമുള്ള ഒരു തലമുറയ്ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ കോനുക്കുന്നേല്‍ സേവ്യര്‍ ചേട്ടന്‍ (101-കുഞ്ഞൂഞ്ഞു സാര്‍) യാത്രയായി.
പ്രദേശത്ത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തീക്കോയി സെന്റ് മേരീസ് പള്ളി മുന്‍കൈയെടുത്ത് 80 വര്‍ഷം മുമ്പ് ആരംഭിച്ച കേംബ്രിഡ്ജ് സ്‌കൂളിലെ 3 അധ്യാപകരില്‍ അവസാന കണ്ണിയാണ് വിട പറഞ്ഞത് .
കേംബ്രിഡ്ജ് സ്‌കൂള്‍ ആരംഭിച്ച വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീക്കോയില്‍ സെന്‍മേരിസ് ഹൈസ്‌കൂള്‍ ആരംഭിക്കുന്നത് . കേംബ്രിഡ്ജ് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ എറണാകുളം വരെ പോകേണ്ടി വന്നിരുന്നത് അക്കാലത്ത് സ്‌കൂളിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് തടസ്സമായി. തിക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ അക്കൗണ്ടന്റ് ആയി 40 വര്‍ഷത്തിലേറെ കുഞ്ഞൂഞ്ഞേട്ടന്‍ സേവനമനുഷ്ഠിച്ചു.
ഇക്കാലയളവില്‍ പള്ളിയില്‍ സേവനമനുഷ്ഠിച്ചവരും പാലാ രൂപതയിലുമുള്ള വൈദികരുമായി വളരെ അടുത്ത ആത്മബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് . പാലാ അസംപ്ഷന്‍ സിസ്‌റ്റേഴ്‌സിന് തിക്കോയില്‍ ഉണ്ടായിരുന്ന റബര്‍ എസ്റ്റേറ്റിന്റെ മേല്‍നോട്ടവും കുഞ്ഞൂഞ്ഞേട്ടനായിരുന്നു .
മക്കളും കൊച്ചുമക്കളും പേരക്കുട്ടികളുമായി നാല് തലമുറയുടെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങിയാണ് നൂറ്റിയൊന്നാം വയസ്സില്‍ അപ്രതീക്ഷിതമായ വേര്‍പാട്. അടുത്ത പിറന്നാള്‍ ആഘോഷിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കയാണ് ഉറ്റവരില്‍ നിന്നും അദ്ദേഹം വിട പറഞ്ഞത് . ഒരു ദിവസം പോലും മുടങ്ങാതെ തീക്കോയി പള്ളിയില്‍ എത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്ക്‌കൊള്ളുന്നത് വര്‍ഷങ്ങളായുള്ള മുടങ്ങാത്ത ദിനചര്യയായിരുന്നു. കോവിഡ് മഹാമാരി വരെ ഈ പതിവിന് അദ്ദേഹം മുടക്കം വരുത്തിയില്ല.
ഒരാഴ്ച മുമ്പാണ് വീണു പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് . തലേദിവസം വരെ കൃഷിയിടത്തില്‍ എത്തിയിരുന്നു. കാര്‍ഷിക വിളകളുടെ പരിപാലനവും മുടങ്ങാത്ത ദിനചര്യകളില്‍ ഒന്നായിരുന്നു . എല്ലാ ദിവസവും രാവിലെ പതിവായുള്ള പത്രവായന ആശുപത്രി കിടക്കയിലും മുടക്കിയില്ല . തിക്കോയി ഇടവകയിലെ ഏറ്റവും തലമുതിര്‍ന്ന കാരണവരായിരുന്നു കുഞ്ഞൂഞ്ഞേട്ടന്‍.
തോട്ടപ്പള്ളില്‍ കുടുംബാംഗം ഏലിക്കുട്ടിയാണ് ഭാര്യ. വിവാഹത്തിന്റെ 78 -ാം വാര്‍ഷികം അടുത്ത നാളിലാണ് ആഘോഷിച്ചത്.
ഒരുകാലത്ത് തീക്കോയിയുടെ സ്വപ്‌നമായിരുന്ന പള്ളി ,സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതൃത്വം നല്‍കിയ തലമുറയിലെ അവസാന കണ്ണി കൂടിയാണ് വിസ്മൃതിയില്‍ മറയുന്നത്.സംസ്‌കാരം നാളെ രാവിലെ 11ന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments