Latest News
Loading...

രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി റബ്ബർ കർഷക കണ്ണീർ ജ്വാല.



റബർ വിലയിടിവിൽ സർക്കാർ - കോർപ്പറേറ്റ് - റബർ ബോർഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമര പരിപാടികളുടെ തുടക്കമായി. കോട്ടയത്ത് 'റബർ കർഷക കണ്ണീർ ജ്വാല' എന്ന പേരിൽ വമ്പിച്ച റബ്ബർ കർഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് പ്രൊഫ രാജീവ് കൊച്ചുപറമ്പിൽ ഉൽഘാടനം ചെയ്തു.

ഇറക്കുമതി മാനദണ്ഡങ്ങൾ പുതുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുകയും ഇറക്കുമതിയ്ക്ക് കുറഞ്ഞ ഇറക്കുമതി തുക (MIP) പ്രഖ്യാപിക്കുകയും വേണം. പോർട്ട് നിയന്ത്രണവും ഗുണ നിലവാര മാനദണ്ഡവും കൊണ്ടു വന്നാലേ ഗുണനിലവാരമുള്ള കേരള റബ്ബറിന് പിടിച്ചു നിൽക്കാനാകൂ. മാർക്കറ്റ് വിലയിരുത്തി കർഷകന് വേണ്ട നിർദ്ദേശം കൊടുക്കുകയും കർഷകന് റബ്ബറിന് ന്യായവില ലഭ്യമാക്കാനും കൃഷി പ്രോത്സാഹിപ്പിക്കാനും പ്രവർത്തിക്കേണ്ട റബ്ബർ ബോർഡ് നിഷ്ക്രിയമായി നില കൊള്ളുകയാണ് എന്നും കത്തോലിക്ക കോൺഗ്രസ് സമരത്തിലൂടെ പറഞ്ഞു. ആഭ്യന്തര റബ്ബർ സംരഭങ്ങൾക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കാനും സർക്കാരുകൾ തയ്യാറാകണം. റബ്ബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം.






റബറിന് 250 രൂപ പ്രകടന പത്രികയിൽ ഉറപ്പ് നൽകി അധികാരത്തിലേറിയ സംസ്ഥാന സർക്കാർ വാഗ്ദാനം പാലിക്കണമെന്നും,ബജറ്റിൽ വകയിരുത്തിയ തുക നൽകി റബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.ഭാരിച്ച കൃഷിച്ചെലവ് മൂലവും വളം കീടനാശിനി വില വർദ്ധനവ് മൂലവും കാലാവസ്ഥ വ്യതിയാനം മൂലവും കൃഷി മുൻപോട്ട് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിൽ റബർ ബോർഡ് കർഷകർക്ക് വേണ്ടി നില കൊള്ളണം.

തിരഞ്ഞെടുപ്പ് സമയത്ത് വില ഉയർത്തി പിന്നീട് വില ഇടിച്ച് കർഷകരെ വഞ്ചിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ തന്ത്രങ്ങൾ കർഷകർ തിരിച്ചറിയുന്നുണ്ട് എന്നും, വോട്ടിലൂടെ പ്രതികരിക്കാൻ റബ്ബർ കർഷക കുടുംബങ്ങൾക്ക് മടിയില്ല എന്നും റബ്ബർ കർഷക വിരുദ്ധ നടപടികൾക്കെതിരെ ശക്തമായ സമര പരിപാടികളുമായി കേരള മുഴുവൻ മുന്നിട്ടിറങ്ങും എന്നും 'റബ്ബർ കർഷക കണ്ണീർ ജ്വാല' ഉദ്ഘാടനം ചെയ്ത് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് പ്രൊഫ രാജീവ് കൊച്ചുപറമ്പിൽ പ്രഖ്യാപിച്ചു. 



കോട്ടയം കളക്ടറേറ്റ് പടിക്കൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ലൂർദ് ഫൊറോന വികാരി റവ ഡോ ഫിലിപ്പ് നെൽപൂര പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് റബർ ബോർഡ് പടിക്കൽ എത്തിചേർന്ന് പ്രതിഷേധ ജ്വാല' തെളിയിച്ചു.

കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ റവ ഡോ ഫിലിപ്പ് കവിയിൽ,ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ,ഡോ കെ എം ഫ്രാൻസിസ്,രാജേഷ് ജോൺ,രൂപതാ ഡയറക്ടർമാരായ റവ ഡോ ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ,റവ ഡോ മാത്യൂ പാലക്കുടി,ഭാരവാഹികളായ ബിജു സെബാസ്റ്റ്യൻ, ഇമ്മാനുവൽ നിധീരി,ബേബി കണ്ടത്തിൽ,തമ്പി എരുമേലിക്കര,ജോസ് വട്ടുകുളം,ബിനു ഡൊമിനിക്,ബെന്നി ആൻ്റണി,ട്രീസ ലിസ് സെബാസ്റ്റ്യൻ,ആൻസമ്മ സാബു,ജേക്കബ് നിക്കോളാസ്,പിയൂസ് പറേടം,ജോർജുകുട്ടി പുന്നക്കുഴി,അഡ്വ ജോൺസൺ വീട്ടിയാങ്കൽ,അഡ്വ മനു വരാപ്പള്ളി,ബിജു ഡൊമിനിക്,രാജീവ് തോമസ് എന്നിവർ നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments