Latest News
Loading...

പനയ്ക്കപ്പാലത്ത് ലോറി ഇടിച്ച് കലുങ്ക് തകര്‍ന്നു



പനയ്ക്കപ്പാലം വലിയമംഗലം പാലത്തില്‍ നിയന്ത്രണംവിട്ട ലോറി ഇടിച്ച് കലുങ്ക് തകര്‍ന്നു. തോട്ടിലേയ്ക്ക് ലോറി മറിയാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം. വാഴക്കുലകളുമായി വയനാട് നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. 
സംഭവസ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകനായ പീറ്റര്‍പന്തലാനിയാണ് അപകടവിവരം പോലീസില്‍ അറിയിച്ചത്. ഇടിയേറ്റ് വട്ടംതിരിഞ്ഞ ലോറി റോഡിന് കുറുകെ കിടന്നതോടെ ചെറുവാഹനങ്ങള്‍ മാത്രമാണ് കടന്നുപോകാനായത്. പിന്നീട് ക്രെയിന്‍ എത്തിച്ച് ലോറി റോഡിന് നടുവില്‍ നിന്നും മാറ്റി. ഇടിയേറ്റ് കലുങ്ക് പൂര്‍ണമായും തകര്‍ന്നു. മറ്റൊരു അപകടത്തില്‍ തകര്‍ന്ന കലുങ്ക് പുനര്‍ നിര്‍മിച്ചിട്ട് അധികകാലം ആയിട്ടില്ല. 



ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ റോഡിലെ അപകരകരമായ പാലമായി വലിയമംഗലം പാലം മാറുകയാണ്. ഹൈവേ റോഡിന്റെ ഇരുവശത്തെയും മാര്‍ക്കിംഗ് കടന്നുപോകുന്ന കൃത്യം വീതി മാത്രമാണ് പാലത്തിനുള്ളത്. ഇവിടെ ഇതിനുമുന്‍പും നിരവധി അപകടങ്ങളുണ്ടാവുകയും വാഹനങ്ങള്‍ തോട്ടില്‍പതിയ്ക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് അപകടത്തില്‍ ബൈക്ക് യാത്രികന്റെ കാലൊടിഞ്ഞിരുന്നു. 




ശബരിമല സീസണില്‍ നിരവധി തീര്‍ത്ഥാടക വാഹനങ്ങള്‍ കടന്നുപോകുന്നത് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷ ഇവിടെ ഒരുക്കണമെന്ന് പീറ്റര്‍ പന്തലാനി ആവശ്യപ്പെട്ടു. മറ്റ് ശബരിമല റൂട്ടുകളിലേത് പോലെ ഡ്രൈവര്‍മാര്‍ക്ക് ചുക്കുകാപ്പിയും മറ്റും വിതരണം ചെയ്ത് ഡ്രൈവര്‍മാരുടെ ഉറക്കമകറ്റാന്‍ നടപടി സ്വീകരിക്കണമെന്നും പീറ്റര്‍ പന്തലാനി പറഞ്ഞു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments