പാലാ: റിവർവ്യൂ ആകാശപാതയിൽ നിർമ്മാണത്തിന് അവശേഷിക്കുന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന്നുള്ള നടപടികൾക്ക് ഉത്തരവ് പുറപ്പെടുവിച്ചതായി ജോസ്.കെ.മാണി എം.പി.അറിയിച്ചു. നിർമ്മാണ പ്രവർത്തനം പുരോഗമിക്കവെ മുനിസിപ്പൽ പാർക്കിനു സമീപമുള്ള ഭാഗത്ത് പദ്ധതിക്കായുള്ളഭൂമി ഏറ്റെടുക്കൽ നടപടിയിൽ നിന്നും വിട്ടു പോയ ഭാഗമാണ് ഏറ്റെടുക്കുക. ഇവിടെ സ്ഥിതി ചെയ്യുന്ന 2.47 സെൻ്റ് സ്ഥലമാണ് പദ്ധതി പൂർത്തീകരണത്തിനായി ഏറ്റെടുക്കുക.
സമൂഹിക പ്രത്യാഘാത പഠന (എസ്.ഐ.എ) അന്തിമ റിപ്പോർട്ട് പ്രകാരം ജില്ലാ വിദഗ്ദ സമിതി പരിശേധിച്ച് ശുപാർശ നൽകിയതിനെ തുടർന്നാണ് ജില്ലാ കളക്ടർ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചത്.രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിനെയാണ് പ്രത്യാഘാത റിപ്പോർട്ട് തയ്യാറാക്കുവാൻ നിയമിച്ചിരുന്നത്.
2013 എൽ.എ.ആർ.ആർ നിയമം അനുശാസിക്കും വിധമുള്ള നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുക്കുക. ഇതിനായി പാലാ സ്പെഷ്യൽ തഹസിൽദാർ (എൽ.എ ) യെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നു എം എൽ എയും അറിയിച്ചു .
ഭൂമി ഏറ്റെടുക്കലിനായിട്ടുള്ള 11 (1) നോട്ടിഫിക്കേഷൻ കരടും നഷ്ടപരിഹാര പാക്കേജും സമർപ്പിക്കുവാനും എൽ.എ തഹസിൽദാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഭൂമി പൊതുമരാമത്ത് വകുപ്പിനു കൈമാറുന്നതോടെ അവശേഷിക്കുന്ന നിർമ്മാണവും പൂർത്തിയാക്കുമെന്ന് ജോസ്.കെ.മാണി അറിയിച്ചു.
പാലാ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത റിവർവ്യൂ റോഡിൻ്റെ ആദ്യഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ പിഴവ് മൂലം നിർമാണം മുടങ്ങിക്കിടക്കുകയായിരുന്നു. കൊട്ടാരമറ്റത്തു നിന്നാരംഭിച്ച് ആർ .വി പാർക്കിന് സമീപം അവസാനിക്കുന്ന റോഡിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമായത്.
ആർ. വി പാർക്കിന് സമീപം ഹോട്ടൽ കോമളം സ്ഥിതി ചെയ്യുന്ന സ്ഥലം ആദ്യ ഘട്ടത്തിലെ സർവ്വേ നടപടികളിൽ ഉണ്ടായ തകരാർ മൂലം ഒഴിവാക്കപ്പെട്ടിരുന്നു. സ്ഥലം ഏറ്റെടുക്കാൻ ശ്രമമുണ്ടായപ്പോ ൾ ഉടമ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. തടസ്സം പരിഹരിക്കുന്നതിന് മാണി സി.കാപ്പൻ എംഎൽഎ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് തീരുമാനമുണ്ടായത്. പൊന്നും വിലക്ക് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സാമൂഹിക പ്രത്യാഘാത പഠനം നടത്താൻ രാജഗിരി കോളേജ് ഓഫ് സയൻസിനെ ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതനുസരിച്ച് സാമൂഹ്യാഘാത പഠന റിപ്പോർട്ട് അംഗീകരിക്കാവുന്നതാണെന്നും സ്ഥല ഉടമക്ക് നഷ്ടപരിഹാരം പുനരധിവാസം, പുന:സ്ഥാപനം എന്നിവയെ സംബന്ധിച്ചും വ്യക്തമാക്കിയാണ് ഉത്തരവ്. . സ്ഥലം ഉടമയുടെ പുനരധിവാസവും ഗതാഗത തടസ്സമുണ്ടാകാതെയുള്ള മുന്നൊരുക്കവും പൊടിശല്യം, യന്ത്രങ്ങളുടെ ശബ്ദനിയന്ത്രണം എന്നിവ സംബന്ധിച്ചും ഉത്തരവിൽ പ്രത്യേക പരാമർശമുണ്ടെന്ന് എം.എൽ.എ പറഞ്ഞു.
കോമളം ഹോട്ടൽ ഉടമയുടെ വിശദ വിവരങ്ങളും പഠനറിപ്പോർട്ട് തയ്യാറാക്കിയവർക്കുള്ള പ്രതിഫലവും സമിതി അംഗങ്ങൾക്കുള്ള ഓണറേറിയവും അടിയന്തരമായി വിതരണം ചെയ്യണമെന്നും ഉത്തരവിലുണ്ട്. . വേണ്ടത്ര പഠനമില്ലാതെ റോഡ് നിർമ്മാണം ആരംഭിച്ചതുകൊണ്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് തുടർ നടപടികൾ വേഗത്തിലാക്കാൻ സഹായിച്ച മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് എം.എൽ.എ പറഞ്ഞു. എത്രയും വേഗം പണി പൂർത്തീകരിച്ച് റിവർവ്യൂ റോഡ് ഗതാഗതയോഗ്യമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments