ആയുർവേദത്തിന്റെ പ്രചാരണത്തിനായി അങ്കണവാടികളേക്കൂടി ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. ഭാരതീയ ചികിത്സാവകുപ്പും ദേശീയ ആയുഷ് ദൗത്യവും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ആയുർവേദ ദിനാചരണം ഐ.എം.എ. ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലയിലെ ആയുർവേദാശുപത്രികളുടെ വികസനത്തിനായി ഒരുകോടിയിലധികം രൂപ ജില്ലാ പഞ്ചായത്ത് നൽകിയെന്നും കെ.വി. ബിന്ദു പറഞ്ഞു.
രാവിലെ ജില്ലാ പഞ്ചായത്തങ്കണത്തിൽ നിന്നാരംഭിച്ച ആയുർവേദദിന സന്ദേശ വിളംബരജാഥ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് ഐ.എം.എ. ഹാളിൽ നടന്ന യോഗത്തിൽ ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അമ്പിളികുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.എൻ. പുഷ്പമണി മുഖ്യപ്രഭാഷണം നടത്തി. ദേശീയ ആയുഷ് ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. പ്രതിഭ ആയുർവേദദിന സന്ദേശം നൽകി.
ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്്. മിനി, ഡോ. എസ്. ശ്രീജിത്ത്, ഡോ. സീനിയ അനുരാഗ്, ദീപു വി. ദിവാകർ, അജിത് കെ. അമ്പാടി, ടി.എൻ. പ്രസാദ്, പി.എസ്. ഷംല, ഡോ. കെ. കമൽദീപ്, ഡോ. സുരേഖാ കുര്യൻ, ഡോ.ടി. റൂബിൻ മേരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വനിതകളുടെ ആരോഗ്യത്തിന് ആയുർവേദം, നൂതന ആയുർവേദ ആശയങ്ങളും വ്യവസായ വികസനവും, ജീവിതശൈലീരോഗങ്ങളും ആയുർവേദവും, തൊഴിലിടങ്ങളിലെ ആരോഗ്യവും ആയുർവേദവും, വിദ്യാർഥികളുടെ ആരോഗ്യവും ആയുർവേദവും, ആയുർവേദ ആഹാരരീതികളും നൂതന ആശയങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധ ആയുർവേദ ഡോക്ടർമാർ ക്ലാസ്സെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആയുർവേദ മേഖലയിലെ വിവിധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments