Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കരയില്‍ അവിശ്വാസനോട്ടീസ് നല്കി കോണ്‍ഗ്രസ്



പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു അത്തിയാലിയിലിനെതിരെ കോണ്‍ഗ്രസിലെ 5 അംഗങ്ങള്‍ ചേര്‍ന്ന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കി. ഈരാറ്റുപേട്ട ബിഡിഒയ്ക്കാണ് അവിശ്വാസ നോട്ടീസ് നല്കിയത്. ഭരണം സ്തംഭനാവസ്ഥയിലാണെന്നും ഇഎസ്‌ഐ വിഷയത്തില്‍ പ്രസിഡന്റ് എന്ന നിലയില്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും കാണാതായ ഫയലുകള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടും നടപടിഎടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ നോട്ടീസ് നല്കിയത്. 





2020-ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 14 അംഗ ഭരണസമിതിയില്‍ യുഡിഎഫ് 5, എല്‍ഡിഎഫ് 5, ജനപക്ഷം 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്റെ വോട്ട് നേടിയാണ് സിപിഎം അംഗമായിരുന്ന ജോര്‍ജ്ജ് മാത്യു അത്യാലില്‍ പ്രസിഡന്റായത്. ജനപക്ഷം വോട്ട് ലഭിച്ചത് അന്ന് വലിയ വിവാദമാവുകയും ചെയ്തു. 



ഏരിയ കമ്മറ്റിയും ജില്ലാ കമ്മറ്റിയും ചര്‍ച്ച ചെയ്ത് സംസ്ഥാന കമ്മറ്റിയിലേയ്ക്ക് വരെ ചര്‍ച്ച നീണ്ടു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ജനപക്ഷ പിന്തുണ നേടിയാണ് ഇടത് അംഗം വിജിയിച്ചത്. അതേസമയം, ജനപക്ഷത്തിന്റെ പിന്തുണ തങ്ങള്‍ക്ക് വേണ്ടെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ജനപക്ഷ പിന്തുണ വേണ്ടെന്നും രാജി വയ്ക്കാനും നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ജോര്‍ജ്ജ് മാത്യു തയാറായില്ല. ഇതെ തുടര്‍ന്ന് ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 




ജോര്‍ജ്ജ് പാര്‍ട്ടിയില്‍ നിന്നും പുറത്തായതോടെ നിലവില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. അവിശ്വാസപ്രമേയം പാസാകണമെങ്കില്‍ ബിജെപിയായി മാറിയ ജനപക്ഷ അംഗങ്ങളോ ഇടതുപക്ഷ അംഗങ്ങളോ പിന്തുണയ്‌ക്കേണ്ടിവരും. നിലവില്‍ പ്രസിഡന്റിനെതിരെ സിപിഎമ്മും രംഗത്തുണ്ട്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ടൗണില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ഈ നിലപാട് അവിശ്വാസത്തിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫിന്റെ നീക്കം. 






അവിശ്വാസം പാസായാല്‍ അടുത്ത പ്രസിഡന്റ് ഇലക്ഷനും വലിയ വാര്‍ത്താപ്രാധാന്യം നേടും. പരസ്പരം പിന്തുണയില്ലാതെ ഒരു കക്ഷിയ്ക്കും ഇവിടെ വിജയം നേടാനാവില്ല. 2019-ല്‍ പ്രസിഡന്റായിരുന്ന ജനപക്ഷത്തിലെ ഷൈനി സന്തോഷിനെ പുറത്താക്കാന്‍ സിപിഎമ്മിന്റെ അവിശ്വാസത്തിന് യുഡിഎഫ് പിന്തുണ നല്കിയ ചരിത്രവും നിലവിലുണ്ട്. 

അതേസമയം, അവിശ്വാസത്തിന് ആധാരമായി പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു പറഞ്ഞു. വില്ലേജ് വിഘടിക്കപ്പെട്ടതോടെ മാപ്പ് തയാറാക്കുന്നതിനും റിപ്പോര്‍ട്ട് തയാറാക്കുന്നതിലും കാലതാമസം വന്നു. എന്നാല്‍ നിശ്ചിതസമയത്തിനുള്ളില്‍ ഇഎസ്എയ്‌ക്കെതിരെ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തെക്കേക്കര പഞ്ചായത്തിനെ ഒഴിവാക്കി സംസ്ഥാനം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കിയതായി പഞ്ചായത്തിനെ അറിയിച്ചതായും പ്രസിഡന്റ് പറഞ്ഞു. ഭരണം സ്തംഭനാവസ്ഥയിലാണെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ ശരിയല്ലെന്നും ജോര്‍ജ്ജ് മാത്യു വ്യക്തമാക്കി. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments