പിഴക് പാലം ജംഗ്ഷനിൽ യാത്രക്കാരുടെ ബസ് കാത്തിരിപ്പ് വെയ്റ്റിംഗ് ഷെഡ് കയ്യേറി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെന്ന് കാവുംകണ്ടം എ. കെ .സി . സി & പിതൃവേദി യൂണിറ്റ്. തൊടുപുഴ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് വേണ്ടി തൊടുപുഴ - പാലാ - പുനലൂർ റോഡ് നിർമ്മാണ സമയത്ത് പണിപൂർത്തീകരിച്ച വെയിറ്റിംഗ് ഷെഡാണ് ഇപ്പോൾ വിവിധ ഫ്ലക്സ് ബോർഡുകൾ നിറഞ്ഞിരിക്കുന്നത്.
കാഴ്ച മറച്ചുകൊണ്ട് സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സുകൾ യാത്രക്കാരെ പെരുവഴിയിലാക്കി. മഴയത്തും വെയിലത്തും യാത്രക്കാർ ബസ് കാത്ത് പുറത്ത് നില്ക്കേണ്ട ഗതികേടിലായി. വെയിറ്റിംഗ് ഷെഡ് മുഴുവൻ ഫ്ളക്സുകൾ കെട്ടി മത്സരിക്കുന്ന കാഴ്ചയാണുള്ളത്. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സ്ഥലത്താണ് ഇത്തരം ഫ്ളക്സ് ബോർഡുകൾ കാഴ്ചമറയ്ക്കുന്ന വിധത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
വിശ്രമത്തിനായി തയ്യാറാക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ പോലും ഇരിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അഭ്യാസിയായവർക്ക് മാത്രമേ ഒരു കമ്പിയിൽ ബാലൻസ് ചെയ്ത് ഇരിക്കാൻ സാധിക്കത്തുള്ളു. വെയിറ്റിംഗ് ഷെഡ്ഡിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫ്ലക്സുകൾ നീക്കം ചെയ്യണമെന്ന് കാവുംകണ്ടം എ' കെ.സി. സി & പിതൃവേദി സംഘടന അധികാരികളോട് ആവശ്യപ്പെട്ടു. യാത്രക്കാരുടെ ഇരിപ്പിടത്തിനായി തയ്യാറാക്കിയിരിക്കുന്ന ഇരിപ്പിടങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുവാനുള്ള നടപടിയും അധികൃതർ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോജോ പടിഞ്ഞാറയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം, ഡേവീസ് കല്ലറക്കൽ, ജോസ് കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്, ജോഷി കുമ്മേനിയിൽ, ബേബി തോട്ടാക്കുന്നേൽ, രാജു അറയ്ക്കകണ്ടത്തിൽ, ബിജു കണ്ണൻചിറ തുടങ്ങിയവർ പ്രസംഗിച്ചു.
അതേസമയം, കടനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പിഴക് മാനത്തൂര്‍ ഭാഗങ്ങളില്‍ ബിജെപി ഫ്‌ലക്‌സ് വെച്ചിരുന്നതായും യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി മണിക്കൂറുകള്‍ക്കുശേഷം ബിജെപി അവിടെനിന്ന് ഫ്‌ലക്‌സ് അഴിച്ചുമാറ്റിയതായും ബിജെപി നേതാക്കള്‍ അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments