അധ്യാപക ദിനത്തോടനുബന്ധിച്ച് സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവവിദ്യാർത്ഥികളും, പാലാ രൂപതയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കലാലയങ്ങൾക്ക് നേതൃത്വം വഹിച്ചവരുമായ ഗുരുശ്രേഷ്ഠരേ ആദരിച്ചു. പാലാ രൂപതയുടെ മുൻ വികാരി ജനറാൾ , പാലാ സെന്റ് തോമസ് കോളേജിന്റെ പ്രിൻസിപ്പൾ, മാനേജർ എന്നീ ചുമതലകൾ വഹിച്ചിരുന്ന ഫാദർ ഈനാസ് ഒറ്റത്തെങ്ങുകൽ, പാലാ സെന്റ് തോമസ് ബി.എഡ്. കോളേജ് പ്രിൻസിപ്പൽ, പാലാ കത്തീഡ്രൽ വികാരി എന്നീ ചുമതലകൾ വഹിച്ചിരുന്ന ഫാദർ അലക്സ് കോഴിക്കോട്ട് എന്നിവരെയാണ് അധ്യാപക ദിനത്തിൽ സ്കൂൾ ആദരിച്ചത്.
സ്കൂളിനു വേണ്ടി ഹെഡ്മാസ്റ്റർ അജി വി. ജെ. ഇരുവരെയും പൊന്നാട അണിയിച്ച് സ്നേഹാദരവുകൾ നേർന്നു. ഈനാസച്ചനും, അലക്സച്ചനും പ്രവിത്താനം സ്കൂളിന്റെ അഭിമാനപാത്രങ്ങളും, വരും തലമുറയ്ക്ക് മാതൃകകളും ആണെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു. അന്ധകാരത്തെ അകറ്റുന്ന വെളിച്ചമാണ് വിദ്യാഭ്യാസം എന്ന മഹത് വചനത്തെ ഓർമിച്ചുകൊണ്ട് വന്ദ്യ ഗുരുക്കന്മാരുടെ പക്കൽ നിന്നും സ്കൂളിലെ അധ്യാപകർ കത്തിച്ച തിരികൾ ഏറ്റുവാങ്ങി വിദ്യാർത്ഥികൾക്ക് നൽകി.
. ആധുനിക കാലഘട്ടത്തിൽ അധ്യാപക വിദ്യാർത്ഥി ബന്ധം കേവലം കച്ചവടബന്ധമായി മാറിയിരിക്കുകയാണെന്ന് ഫാദർ ഈനാസ് ഒറ്റത്തെങ്ങുങ്കൽ അഭിപ്രായപ്പെട്ടു. അധ്യാപനം ഉപാസനയാണെന്നും, അധ്യാപകരോടുള്ള ബഹുമാനം അധ്യാപക ദിനത്തിൽ മാത്രം ഒതുക്കേണ്ടതല്ലെന്നും അത് ശിഷ്യരുടെ ഹൃദത്തിൽ ജീവിതകാലം മുഴുവൻ നിറഞ്ഞു നിൽക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ തെറ്റുകൾ അധ്യാപകർ തിരുത്തുന്നത് അവരോടുള്ള സ്നേഹം കൊണ്ടാണെന്നും അവരുടെ ഭാവിയെ കരുതിയാണെന്നും ഫാദർ അലക്സ് കോഴിക്കോട്ട് അനുസ്മരിപ്പിച്ചു.തിരുത്തലുകൾ ജീവിതവിജത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അനന്യ സാബു, അൽഫോൻസാ ബിനോജ്, ഏഞ്ചലീന മാർട്ടിൻ, ഐറിൻ റിജോ എന്നിവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments