സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കു കടിഞ്ഞാണിടാൻ കർശന നിയമ നടപടികളുമായി മീനച്ചിൽ ഗ്രാമ പഞ്ചായത്ത്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ചു കൊണ്ടുള്ള ലഹരി വിൽപ്പനയ്ക്കെതിരെ വലിയ ദൗത്യത്തിന് ഒരുങ്ങിയിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് ഭരണ സമിതി. ലഹരിക്കെതിരെ സുശക്തവും പഴുതടച്ചുമുള്ള പ്രതിരോധ മാർഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി അനധികൃത നിരോധിത പുകയില വില്പന നടത്തുന്ന കടകൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണ്
മീനച്ചിൽ ഗ്രാമപഞ്ചായത്ത്.
കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിൻ്റെ നിർദ്ദേശാനുസരണം പൈക ടൗണിൽ എക്സൈസും പോലീസും നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടുകയും വിൽപ്പ നടത്തിയ കടകൾ അടപ്പിക്കുകയും ചെയ്തിരുന്നു. സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിളക്കുമാടത്ത് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയിരുന്ന ലഹരി വിൽപ്പന കേന്ദ്രം മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നേരിട്ടെത്തി അടപ്പിക്കുകയുണ്ടായി. നേരത്തെ ഹോട്ടലുകളിലും മത്സ്യ മാർക്കറ്റുകളിലും ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയു സംയുക്ത പരിശോധന ഉണ്ടായിരുന്നു.
മത്സ്യ മാർക്കറ്റുകളിൽ നിന്നും മുപ്പത് കിലോയോളം വരുന്ന പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തിരുന്നു. വേണ്ടത്ര ശുചിത്വമില്ലായ്മയും മലിന്യ സംസ്കരണ ഉപാധികളില്ലാത്തതിനാലും പൈകയിൽ പ്രവർത്തിച്ചിരുന്ന ചില ഹോട്ടലുകളുടെ പ്രവർത്തനാനുമതി റദ്ദാക്കുകയും ചെയ്തിരുന്നു. പഞ്ചായത്തിലെ ജനങ്ങൾക്ക് ഭീഷണിയാവുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കില്ലായെന്നും ജനങ്ങളുടെ പക്ഷത്തു നിന്നുകൊണ്ട് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കു പ്രാധാന്യം കൽപ്പിക്കുന്ന ഭരണ സമിതിയാണ് മീനച്ചിൽ പഞ്ചായത്തിലേതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഇത്തരത്തിലുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ഊർജ്ജിതമാക്കുമെന്നും രാത്രികാലങ്ങളിലെ ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുന്നതി ന് രാത്രികാല പോലീസ് പെട്രോളിംഗ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളോട് ആവിശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments