Latest News
Loading...

കാവാലിപ്പുഴയിലെ മിനി ബ്രിഡ്ജ്. സോയിൽ ടെസ്റ്റിംഗ് ആരംഭിച്ചു



കിടങ്ങൂർ കാവാലിപ്പുഴ ബീച്ചിൽ മിനി ബ്രിഡ്ജ് നിർമ്മിക്കുന്നതിന് ആയുള്ള പ്രാരംഭനടപടികളുടെ ഭാഗമായി സോയിൽ ടെസ്റ്റിംഗ് ആരംഭിച്ചു. പാറയുടെ ഉറപ്പ് , ലഭ്യത, അടിത്തട്ടിൽ പാറ ലഭ്യമാകുന്ന ആഴം എന്നിവ കണ്ടെത്തുന്നതിനായാണ് ടെസ്റ്റിംഗ് നടക്കുന്നത്. തീരത്തെ ടെസ്റ്റിംഗ് പൂർത്തിയാക്കി ഇപ്പോൾ പുഴയുടെ മധ്യഭാഗത്താണ് ബോറിങ് നടക്കുന്നത്. തുടർന്ന് മാറുകയിലും ടെസ്റ്റിംഗ് നടക്കും. പരിശോധന നടപടിക്രമങ്ങൾ മോൻസി ജോസഫ് എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.





ഓരോ നിയോജകമണ്ഡലങ്ങളിലെയും ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി സർക്കാർ നിർദ്ദേശപ്രകാരം കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ എംഎൽഎ കാവാലിപ്പുഴ ആണ് നിർദ്ദേശിച്ചിരിക്കുന്നത്. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പ്രദേശവാസികളുടെ യാത്ര സൗകര്യത്തിനു വേണ്ടിയാണ് ഇവിടെ മിനി ബ്രിഡ്ജ് നിർമ്മിക്കുന്നത്. നിലവിൽ ആളുകൾക്ക് ഇവിടെ കടത്ത് വെള്ളം മാത്രമാണ് പ്രയോജനപ്പെടുന്നത്. ചേർപ്പുങ്കലിലും കിടങ്ങൂർ ക്ഷേത്രത്തിന് സമീപവുമാണ് ഇതിന് സമീപത്തായി പാലങ്ങൾ ഉള്ളത്. കാൽനട യാത്ര സാധ്യമാകുന്നതിനൊപ്പം ചെറിയ വാഹനങ്ങൾ കൂടി കടന്നു പോകുന്ന തരത്തിലാകും പാലം നിർമ്മിക്കുക എന്ന് എംഎൽഎ പറഞ്ഞു.



പാലം നിർമാണത്തിനായി ആറുകോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സോയിൽ ടെസ്റ്റിംഗ് പൂർത്തിയായശേഷം പിഡബ്ല്യുഡി എസ്റ്റിമേറ്റ് തയ്യാറാക്കും. എസ്റ്റിമേറ്റ് പ്രകാരം ഈ തുകയ്ക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാകുന്ന പക്ഷം നിർമ്മാണ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ ആകുമെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.



പ്രളയ കാലത്ത് മണൽ അടിഞ്ഞ് ബീച്ചിന് സമാനമായി രൂപപ്പെട്ട കാവാലിപ്പുഴയിൽ നിരവധി ആളുകളാണ് എത്തുന്നത്. യുവാക്കളും കുടുംബങ്ങളും അടക്കം സമയം ചെലവഴിക്കാനായി ഇവിടെ എത്തുന്നുണ്ട്. ടൂറിസം ഡെസ്റ്റിനേഷനായി ഇവിടെ മാറ്റിയെടുക്കാനും ശ്രമങ്ങൾ നടന്നുവരികയാണ്. കൂടുതൽ വികസന പദ്ധതികൾ ഇവിടെ ആവിഷ്കരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.





അതേസമയം കാവാലിപ്പുഴയിലേക്കുള്ള റോഡ് ഇടുങ്ങിയതും തകർന്നതുമാണ്. പാലം നിർമ്മാണത്തിനൊപ്പം റോഡിൻറെ വീതി കൂട്ടി നവീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രദേശവാസികൾ സഹകരിച്ച് സ്ഥലം വിട്ടുനൽകിയാൽ പ്രദേശവാസികൾക്ക് തന്നെ അതുകൊണ്ട് വലിയ ഗുണം ലഭിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.


കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോള്‍ ടോമി, പി.ജി സുരേഷ്, കെ.ജി വിജയന്‍, പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം എഎക്‌സിഇ സന്തോഷ്‌കുമാര്‍, അസി. എന്‍ജിനീയര്‍ കിരണ്‍ ലാല്‍ എന്നിവര്‍ എംഎൽഎക്കൊപ്പം എത്തിയിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments