Latest News
Loading...

പൂഞ്ഞാര്‍ സ്റ്റോപ്പ് അവസാനിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍.




ഈരാറ്റുപേട്ടയിലെ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി പൂഞ്ഞാര്‍ ബസ് സ്റ്റോപ്പ് അവസാനിപ്പിച്ച നീക്കത്തില്‍ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചെയര്‍പേഴ്‌സന്റെ മുറിയിലെത്തിയാണ് വ്യാപാരികള്‍ പരാതി അറിയിച്ചത്.  ഏറ്റവുമധികം വ്യാപാരസ്ഥാപനങ്ങളുള്ള സ്ഥലമാണ് സെന്‍ട്രല്‍ ജംഗ്ഷനിലെ ഈ സ്റ്റോപ്പ്. പാലാ, തൊടുപുഴ , കാഞ്ഞിരപ്പള്ളി ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ ഇവിടെ നിര്‍ത്തിയില്ലെങ്കില്‍ ആളുകള്‍ സ്റ്റാന്‍ഡില്‍ നിന്നും ആളുകള്‍ ഇവിടെയുള്ള സ്ഥാപനങ്ങളിലെത്തില്ല. സെന്‍ട്രല്‍ ജംഗ്ഷനലിടക്കം കടകള്‍ പൂട്ടുകയാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. കോവിഡിന് മുന്‍പ് കടമുറികള്‍ ലഭ്യമല്ലാതിരുന്നെങ്കില്‍ ഇന്ന് നിരവധി ഷട്ടറുകള്‍ വെറുതെ കിടക്കുകയാണ്. ഇഎംഐ വഴി വ്യാപാരം നടത്തിയിരുന്ന നിരവധി വ്യാപാരികള്‍ കച്ചവടം അവസാനിപ്പിച്ചു. 




വടക്കേക്കരയില്‍ സ്റ്റാന്‍ഡ് വന്നെങ്കിലും ബസുകളെ അവിടേ്ക്ക് തിരിച്ചുവിടാന്‍ നടപടി ഉണ്ടായില്ല. തല്‍ഫലമായി അവിടുത്തെ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പൂഞ്ഞാര്‍ സ്റ്റോപ്പ് അവസാനിപ്പിച്ചാല്‍ സമാന അവസ്ഥ ഉണ്ടാകുമെന്നും വ്യാപാരികള്‍ പറഞ്ഞു. ഈ ട്രാഫിക് പരിഷ്‌കാരം 350-ഓളം വ്യാപാരികളെ ബാധിക്കും. ഇത് സംബന്ധിച്ച് വ്യാപാരികള്‍ നിവേദനം നല്കിയതിനെ തുടര്‍ന്ന് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും സബ്കമ്മറ്റി കൂടി തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. 




വ്യാപാരസ്ഥാപനങ്ങളാണ് നഗരത്തെ വികസിപ്പിക്കുന്നത്. അത് നഗരസഭാ ഭരണസമിതി തിരിച്ചറിയണമെന്നും പഴയപടി പൂഞ്ഞാര്‍ ബസ് സ്റ്റോപ്പ് നിലനിര്‍ത്തണമെന്നും വ്യാപാരസമൂഹം ആവശ്യപ്പെട്ടു. ഒരു പോലീസിനെ നിയോഗിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ട്രാഫിക് കുരുക്ക് കൊണ്ട് ഉണ്ടാവുന്നുള്ളൂ. ട്രയല്‍റണ്‍ സമയത്ത് ഇത് വ്യക്തമായതാണ്. ഓട്ടോറിക്ഷകളും പിന്‍വലിഞ്ഞു. സ്റ്റോപ്പ് തിരിച്ചുകൊണ്ടുവന്നില്ലെങ്കില്‍ കടകള്‍ പൂട്ടിപ്പോവുകയേ മാര്‍ഗമുള്ളൂവെന്നും വ്യാപാരികള്‍ പറഞ്ഞു. 




15 ദിവസമാണ് ട്രയല്‍ റണ്‍ നടത്തിയതെന്നു ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പരാതികളും നിര്‍ദേശങ്ങളും അറിയിക്കാനും അവസരം നല്കിയിരുന്നു. 28ന് പരിഷ്‌കാരം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നതാണ്. നഗരസഭ എടുക്കുന്ന തീരുമാനം മാറ്റണമെങ്കില്‍ അടുത്ത റിവ്യൂവില്‍ പരിഗണിക്കും. ഇന്ന് തുടങ്ങി നാളെ മാറ്റാനാവില്ല. വ്യാപാരം ഒരു ദിവസം കൊണ്ട് അവസാനിക്കില്ലെന്നും ട്രാഫിക് കുരുക്കില്‍ കുരുങ്ങി ആളുകള്‍ മറ്റിടങ്ങളിലേയ്ക്ക് പോകുന്നതിലും നല്ലത് പുതിയ പരിഷ്‌കാരമാണെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. 




വ്യാപാരികള്‍ ഉള്‍പ്പെടെ എല്ലാവരും പങ്കെടുത്ത കമ്മറ്റിയില്‍ ഐക്യകണ്‌ഠേനയാണ് ബസ് സ്റ്റോപ്പ് മാറ്റാന്‍ തീരുമാനിച്ചതെന്ന് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ് പറഞ്ഞതോടെ വ്യാപാരികള്‍ എതിര്‍പ്പ് ഉയര്‍ത്തി. എന്നാല്‍ മിനടുസ് ഉണ്ടെന്ന് ഇല്യാസ് പറഞ്ഞു. എല്ലാ വിഭാഗവും സ്‌റ്റോപ്പിന് എതിരെയാണ് സംസാരിച്ചത്. തുടര്‍ന്ന് കൂടിയ യോഗത്തില്‍ 11-ല്‍ 2 പേര്‍ മാത്രമാണ് സ്റ്റോപ്പ് നിലനിര്‍ത്തണമെന്ന് പറഞ്ഞത്. മറ്റ് ടൗണുകളിലൊന്നും പാര്‍ക്കിംഗ് അനുവദിച്ചിട്ടില്ലെങ്കിലും ഈരാറ്റുപേട്ടയില്‍ അത് അനുവദിച്ചിട്ടുണ്ട്. അത് വ്യാപാരികളെ കരുതിയാണെന്നും അദ്ദേഹം പറഞ്ഞു . ബസ് സ്റ്റോപ്പ് വിഷയം സംബന്ധിച്ച് വ്യാപാരികളുടെ പരാതി എഴുതി നല്കാനും അത് കൗണ്‍സിലിലും ട്രാഫിക് കമ്മറ്റിയിലും ചര്‍ചചെയ്ത് തീരുമാനമെടുക്കാനും തീരുമാനമായി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments