പാലാ: തായ്‌വാൻ്റെ തലസ്ഥാനമായ തായ്പേയിൽ ഒക്ടോബർ 15 മുതൽ നടക്കുന്ന നാലാമത് ഏഷ്യാകപ്പ് സോഫ്റ്റ്ബോൾ ഏഷ്യൻ യൂണിവേഴ്‌സിറ്റി വനിതാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സോഫ്റ്റ് ബോൾ ടീമിൽ പാലാ അമ്പാറ സ്വദേശിനി ഇടം പിടിച്ചു. അമ്പാറ കറുകപ്പള്ളിൽ കെ വി ജോസുകുട്ടിയുടെ മകൾ മനീഷ ജോസഫാണ് ദേശീയ ടീമിൽ ഇടം നേടിയത്. കേരളത്തിൽ നിന്നും അലീന ജോബി(എറണാകുളം), നന്ദ എസ് പ്രവീൺ (തിരുവനന്തപുരം) എന്നിവരും ദേശീയ ടീമിൽ ഇടം നേടിയിട്ടുണ്ട്.
ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൻ്റെ പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാർത്ഥിനിയാണ് മനീഷ ജോസഫ്. പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് സോഫ്റ്റ് ബോളിലേയ്ക്ക് തിരിഞ്ഞതെന്ന് മനീഷ പറഞ്ഞു.
തുടർന്നു ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലും ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലുമായി 6 വർഷത്തോളമായി സോഫ്റ്റ് ബോളിൽ പരിശീലനം നടത്തി വരുന്നു. കോച്ച് ടെന്നിസൺ പി ജോസിൻ്റെ കീഴിലാണ് പരിശീലനം. എം ജി യൂണിവേഴ്സിറ്റി ടീമിൻ്റെ ഭാഗമായി ഓൾ ഇന്ത്യാ മത്സരത്തിൽ മനീഷ പങ്കെടുത്തിരുന്നു. ഇപ്പോൾ ഓപ്പൺ സെലക്ഷനിലൂടെയാണ് ദേശീയ ടീമിൽ എത്തിയത്.
മനീഷയുടെ പിതാവ് ജോസുകുട്ടി ചൂണ്ടച്ചേരി സെൻ്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളജിലെ ഹോസ്റ്റൽ വാർഡനാണ്. മാതാവ് ഷൈനി ജോസ് മാലിദ്വീപിൽ സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. സഹോദരൻ ജസ്റ്റിൻ (യു കെ ), സഹോദരി ഷീബ (ജർമ്മനി) എന്നിവർ വിദ്യാർത്ഥികളാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments