Latest News
Loading...

സഖാവ് പുഷ്പന്‍ അന്തരിച്ചു



കൂത്തുപറമ്പിലെ വെടിവയ്പിനെ തുടര്‍ന്ന് പരിക്കേറ്റ്, ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന സഖാവ് പുഷ്പന്‍ (54) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 1994 നവംബര്‍ 25നാണ് കൂത്തുപറമ്പില്‍ പുഷ്പന് വെടിയേറ്റത്. സുഷുമ്‌ന നാഡിയ്ക്ക് വെടിയേറ്റതിനെ തുടര്‍ന്നാണ് ശരീരം തളര്‍ന്നത്. 3 പതിറ്റാണ്ടുകളായി കിടക്കയിലായിരുന്നു ജീവിതം. 





24-ാം വയസിലായിരുന്നു പുഷ്പന്റെ ജീവിതം കിടക്കയിലേയ്ക്ക് മാറിയ സംഭവം ഉണ്ടായത്.  ഡിവൈഎഫ്‌ഐ സമരത്തിന് നേരെ നടന്ന വെടിവയ്പിലാണ് പരിക്കേറ്റത്.  കരുണാകരന്‍ സര്‍ക്കാരിന്റെ സ്വാശ്രയ കോളേജ് വിദ്യാഭ്യാസ നയത്തിനെതിരെയായിരുന്നു സമരം. സ്വാശ്രയവിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ടു മന്ത്രിമാരെ വഴിയില്‍ തടയാന്‍ ഡിവൈഎഫ്ഐ പരിപാടിയിട്ടിരിക്കുന്ന സമയം. കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം.വി. രാഘവന്‍. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എന്‍. രാമകൃഷ്ണന്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടര്‍ന്നു പിന്‍വാങ്ങുന്നു. പിന്‍മാറാതെ രാഘവന്‍. കൂത്തുപറമ്പിലും പരിസരത്തും വന്‍ പൊലീസ് സന്നാഹം. രണ്ടായിരത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പകല്‍ 11.55 ആയപ്പോഴേക്കും പൊലീസ് സംരക്ഷണത്തോടെ മന്ത്രിയെത്തി. മുദ്രാവാക്യം മുഴക്കി ഇരമ്പിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. തിരിച്ചു കല്ലേറ്. ചിതറി ഓടിയവര്‍ക്കിടയിലൂടെ വഴിയുണ്ടാക്കി മന്ത്രിയുടെ വാഹനം ടൗണ്‍ഹാളിലേക്ക്. മന്ത്രി ഹാളില്‍ കയറുന്നതിനിടയില്‍ റോഡില്‍ വെടിവയ്പു തുടങ്ങി. ഹാളിനുള്ളിലും ലാത്തിച്ചാര്‍ജ്. പലരും അടിയേറ്റു വീണു.





പൊലീസുകാര്‍ ഒരുക്കിയ വലയത്തിനുളളില്‍നിന്നു നിലവിളക്കുകൊളുത്തി ബാങ്ക് ഉദ്ഘാടനം ചെയ്ത എംവിആര്‍ 13 മിനിറ്റ് പ്രസംഗിച്ചു. സ്വതസിദ്ധ ശൈലിയിലുള്ള ഈ പ്രസംഗവും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. പൊലീസുകാരുടെ കനത്ത വലയത്തിലൂടെ പുറത്തേക്കിറങ്ങിയ മന്ത്രി തിരിച്ചു കണ്ണൂരിലേക്ക്. ഇതിനിടയില്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്പും തുടങ്ങി. രണ്ടുമണിക്കൂറോളം തുടര്‍ന്ന വെടിവയ്പിനൊടുവില്‍ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷന്‍, പ്രവര്‍ത്തകരായ വി. മധു, ഷിബുലാല്‍, കുണ്ടുചിറ ബാബു എന്നിവര്‍ മരിച്ചു വീണു. പുഷ്പന്‍, മാങ്ങാട്ടിടം മങ്ങാട് സജീവന്‍, കൂത്തുപറമ്പ് ചാലില്‍ സജീവന്‍, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവര്‍ക്കു പരുക്കേറ്റു.




കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാംക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാന്‍ ജോലി ആവശ്യമാണെന്ന ഘട്ടത്തില്‍ ബെംഗളൂരുവിനു വണ്ടി കയറി. അവിടെ പലചരക്കുകടയിലായിരുന്നു ജോലി. അവധിക്കു നാട്ടിലെത്തിയപ്പോള്‍ സ്വാശ്രയവിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ നടുവിലായിരുന്നു സംഘടന. അതിന്റെ ഒത്തനടുവിലേക്കു തന്നെ പുഷ്പനും എടുത്തുചാടുകയായിരുന്നു. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്‌ന നാഡിക്കാണു പ്രഹരമേല്‍പിച്ചത്. കഴുത്തിനു താഴേക്കു തളര്‍ന്നു. അന്നു കിടപ്പിലായതായിരുന്നു പുഷ്പന്‍.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments