സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിക്ക് ആതിഥ്യമരുളുന്നത് സഭയിലെ അഞ്ചാമത്തെ രൂപത. സഭയിലെ അഞ്ചാമത്തെ രൂപതയായ പാലാ രൂപത രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലിയിൽ സിനഡിന് ആതിഥ്യമരുളുന്നുവെന്ന പ്രത്യേതയുമുണ്ട്. 1887 മെയ് 20നാണ് സഭയിലെ ആദ്യവികാരിയാത്തുകളായി കോട്ടയവും തൃശൂരും പ്രഖ്യാപിക്കപ്പെട്ടത്. ചാൾസ് ലവീഞ്ഞ്, അഡോൾഫ് മെഡ്ലികോട്ട് എന്നിവരുടെ ചുമതലയിലായിരുന്നു വികാരിയാത്തുകൾ. 1890 സെപ്റ്റംബർ 16ന് കോട്ടയം വികാരിയാത്തിന്റെ ആസ്ഥാനം ചങ്ങനാശ്ശേരിയിലേക്ക് മാറ്റി ഇപ്പോഴത്തെ ചങ്ങനാശ്ശേരി അതിരൂപത നിലവിൽ വന്നു. 1896 ജൂലൈ 28ന് എറണാകുളം രൂപത നിലവിൽ വന്നു. 1911 ആഗസ്റ്റ് 29ന് ക്നാനായ സമൂഹത്തിനായി കോട്ടയം രൂപത പ്രഖ്യാപിക്കപ്പെട്ടു.
1950 ജൂലൈ 25ന് പ്രഖ്യാപിക്കപ്പെട്ട പാലാ രൂപത ഇന്ന് വളർന്ന് പന്തലിച്ച് മൂന്നരലക്ഷത്തോളം വിശ്വാസികൾക്ക് ആത്മീയപോഷണം സമ്മാനിക്കാൻ കരുത്ത് നേടിയിരിക്കെയാണ് സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിക്ക് ആതിഥ്യമരുളുന്നത്.
1992ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവിയിലേക്ക് സീറോ മലബാർ സഭ ഉയർത്തപ്പെട്ടതിന് ശേഷം ആദ്യത്തെ അസംബ്ലി നടന്നത് 1998ലാണ്. തുടർന്ന് 2004, 2010, 2016 എന്നീ വർഷങ്ങളിലും അസംബ്ലി നടത്തി. കഴിഞ്ഞ അസംബ്ലി ഇരിഞ്ഞാലക്കുട രൂപതയുടെ ആതിഥേയത്വത്തിലാണ് സംഘടിപ്പിച്ചത്. ആദ്യ മൂന്ന് അസംബ്ലികളും സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് ക്രമീകരിച്ചത്. അഞ്ചാമത് അസംബ്ലി 2021ൽ നടക്കേണ്ടിയിരുന്നുവെങ്കിലും കോവിഡ് മഹാമാരിക്കുശേഷം എട്ടുവർഷത്തിൻ്റെ ഇടവേളയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്.
അസംബ്ലി ആതിഥേയത്വം ജോസഫുമാരുടെ കരങ്ങളിൽ
മാർത്തോമ്മാ പാരമ്പര്യവും മാർ യൗസേപ്പിനോടുള്ള മധ്യസ്ഥതയും ദൃഡമായുള്ള സീറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ ആതിഥേയത്വം ജോസഫുമാരുടെ കരങ്ങളിൽ. ആതിഥേയരായ പാലാ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള ക്രമീകരണങ്ങളുടെ ചുമതലക്കാരേറെയും ജോസഫ് നാമധാരികൾ തന്നെ. കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്ന രൂപത മുഖ്യവികാരി ജനറാളും വികാരി ജനറാൾമാരിൽ മൂന്നിൽ രണ്ടുപേരും ജോസഫ് നാമധാരികൾ. രൂപത ചാൻസലർ, വൈസ് ചാൻസലർ, രൂപത ഫിനാൻസ് ഓഫീസർ എന്നിവരും ജോസഫ് നാമധാരികൾ തന്നെ. പ്രാർത്ഥനാ പിന്തുണയുമായി സജീവമായുള്ള രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിലും മാർ യൗസേപ്പിന്റെ നാമധാരി.
മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ, മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, ചാൻസലർ റവ.ഡോ ജോസഫ് കുറ്റിയാങ്കൽ, പ്രൊക്യുറേറ്റർ റവ.ഡോ. ജോസഫ് മുത്തനാട്ട്, വൈസ് ചാൻസലർ ഫാ. ജോസഫ് മണർകാട്ട്, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ.കെ.കെ ജോസ് എന്നിങ്ങനെ നീളുന്ന ജോസഫ് നാമധാരികളുടെ കരുത്തും മികവും. വിവിധകമ്മിറ്റികൾ അംഗകളായും ശുശ്രൂഷകരായുമുള്ള ജോസഫ് നാമധാരികൾ ഏറെയാണ്. അസംബ്ലിയിലെത്തുന്ന രൂപതാധ്യക്ഷന്മാരിലും അത്മായരിലും ജോസഫ് നാമധാരികളേറെയുണ്ടെന്നത് മാർ യൗസേപ്പിനോടുള്ള മധ്യസ്ഥതയുടെ നേർസാക്ഷ്യവും നേരനുഭവും സമ്മാനിക്കാൻ കഴിയുന്നു.
സീറോമലബാർസഭ അസംബ്ലിക്ക് തുടക്കമിടുന്നത്
നീണ്ട ഒരുക്കങ്ങളുടേയും പ്രാർത്ഥനകളുടേയും ബലത്തിൽ
പാലാ: മേജർ ആർച്ച്ബിഷപ്പ് അധ്യക്ഷനായുള്ള സീറോമലബാർസഭ മുഴുവന്റെയും ആലോചനായോഗമായ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയക്ക് തുടക്കമിടുന്നത് നീണ്ട തയ്യാറെടുപ്പുകളുടേയും പരിശ്രമങ്ങളുടേയും പ്രാർത്ഥനകളുടേയും ശേഷം. സഭയിലെ മെത്രാൻമാരുടെയും പുരോഹിതരുടേയും സമർപ്പിത, അല്മായ പ്രതിനിധികളുടെയും സംയുക്തയോഗമായ അസംബ്ലിക്കായി സഭാകാര്യാലയത്തിലും ആതിഥേയരായ പാലാ രൂപത കാര്യാലയത്തിലും മാസങ്ങൾ നീണ്ട പരിശ്രമങ്ങളാണ് നടത്തിയത്. സഭയിലെ എല്ലാ ദേവാലയങ്ങളിലും സന്യസ്ത, സന്യാസിനി ഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനകളും ആത്മീയ ഒരുക്കങ്ങളും പൂർത്തീകരിച്ചാണ് സഭയുടെ പ്രതിനിധികൾ സഭായോഗത്തിലേക്ക് പ്രവേശിക്കുന്നത്. സഭയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടിവരുമ്പോൾ മേജർ ആർച്ച് ബിഷപ്പിനെയും മെത്രാൻ സിനഡിനെയും സഹായിക്കാനുള്ള ആലോചനായോഗമായാണ് അസംബ്ലി ക്രമീകരിച്ചിട്ടുള്ളത്.
സഭായോഗത്തിലേക്ക് മെത്രാന്മാർ പ്രവേശിക്കുന്നത് സിനഡ് സമ്മേളനത്തിൽ നിന്നാണെന്നതുതന്നെ ഇതിന്റെ പ്രത്യേകതയും ഗൗരവവും വ്യക്തമാക്കുന്നു. മെത്രാൻ സിനഡിനോടു ചേർന്ന് ഓരോ രൂപതയിലെയും സന്യാസസമൂഹങ്ങളിലെയും വിവിധ ഭക്തസംഘടനകളിലെയും പ്രസ്ഥാനങ്ങളിലെയും പ്രതിനിധികളാണ് അസംബ്ലിയിൽ പങ്കെടുക്കുന്നത്. അസംബ്ലി പഠനവിധേയമാക്കുന്ന വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 2023 ജൂലൈയിൽ പുറത്തിറക്കിയ പഠനരേഖ എല്ലാ രൂപതകളിലും സമർപ്പിത സമൂഹങ്ങളിലും വിവിധ തലങ്ങളിൽ പഠനം നടത്തിയിരുന്നു. ദക്ഷിണേന്ത്യൻ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഉത്തരേന്ത്യൻ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ ഉജ്ജയിൻ പാസ്റ്ററൽ സെന്ററിലും സംഗമിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള രൂപതകളുടെയും അപ്പസ്തോലിക്ക് വിസിറ്റേഷന്റെയും മറ്റു പ്രവാസി സമൂഹങ്ങളുടെയും പ്രതിനിധികൾ ഓൺലൈനായും സമ്മേളിച്ചു. യുവജനങ്ങളുടേയും വിശ്വാസപരിശീലകരുടെയും പ്രതിനിധികൾ ഒരുമിച്ച് ചേർന്ന് പഠനരേഖ ചർച്ച ചെയ്തു. രൂപതാഅസംബ്ലികളിലും അസംബ്ലി നടത്തുവാൻ സാധിക്കാത്ത രൂപതകളിലെ കാനോനിക സമിതികളിലും സമർപ്പിത സമൂഹങ്ങളിലും പഠന രേഖ ചർച്ചചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പ്രവർത്തനരേഖ രൂപീകരിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അസംബ്ലിയിൽ പ്രബന്ധാവതരണങ്ങളും പഠനങ്ങളും ചർച്ചകളും നടത്തുന്നത്. അസംബ്ലിയിൽ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ രൂപംകൊള്ളുന്ന ആശയങ്ങൾ സീറോമലബാർസഭയുടെ പഠനത്തിനും പ്രായോഗികതയ്ക്കും ഉതകുംവിധം ഒരു പ്രബോധനരേഖയായി മേജർ ആർച്ചുബിഷപ്പ് പുറത്തിറക്കുന്ന കീഴ്വഴക്കവുമുണ്ട്. കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോമലബാർസഭയിൽ എന്നതാണ് അസംബ്ലിയുടെ പ്രധാന പ്രമേയം. സീറോമലബാർസഭയിലെ വിശ്വാസപരിശീലന രൂപീകരണം, സുവിശേഷപ്രഘോഷണത്തിൽ അല്മായരുടെ സജീവ പങ്കാളിത്തം, സീറോമലബാർ സമുദായ ശാക്തീകരണം എന്നീവിഷയങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാട്സ്ആപ് ചാനലില് അംഗമാകാന് ഇവിടെ ക്ലിക് ചെയ്യൂ
0 Comments