പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ആഘോഷപരിപാടികൾക്ക് ഈ മാസം 16-ാം തീയതി രാവിലെ 10 മണിക്ക് തുടക്കം കുറിക്കുന്നു. ബിഷപ് വയലിൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ആമുഖ വിവരണം നിർവ്വഹിക്കും. കേന്ദ്രസഹമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
കോളേജിൻ്റെ സ്ഥാപകരും മാർഗ്ഗദർശികളുമായിരുന്ന മഹത് വ്യക്തികൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് പാലാ രൂപത മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ ഡോ ജോസഫ് തടത്തിൽ സംസാരിക്കും. സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രിയും പൂർവ്വവിദ്യാർത്ഥിയുമായ റോഷി അഗസ്റ്റിൻ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്യും.
ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന പുതിയ ബ്ലോക്കിൻ്റെ മാതൃക കോട്ടയം പാർലമെൻ്റ് അംഗം അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് അനാഛാദനം ചെയ്യും. നവീകരിച്ച പരീക്ഷ വിഭാഗത്തിൻ്റെ താക്കോൽകൈമാറ്റം കർമ്മം നടത്തുന്നത് രാജ്യസഭാംഗമായ ജോസ് കെ. മാണിയാണ്. ക്യാമ്പസിൽ, മിയാവാക്കി മാതൃകയിൽ രൂപപ്പെടുത്തുന്ന നഗരവനത്തിൻ്റെ ഉദ്ഘാടനം പത്തനംതിട്ട എംപിയും പൂർവ്വവിദ്യാർത്ഥിയുമായ ആന്റോ ആന്റണി വൃക്ഷത്തൈ നട്ടു നിർവഹിക്കും.
ജൂബിലി മെമന്റോ പ്രകാശന കർമ്മം പാലാ എം.എൽ.എ മാണി സി. കാപ്പനും ജൂബിലിവർഷ സൂചകമായി 75 ചന്ദനതൈകൾ ക്യാമ്പസിൽ നടന്നതിൻ്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ഷാജു വി. തുരുത്തനും നിർവ്വഹിക്കും. ജൂബിലി വര്ഷത്തിലെ വിവിധ പരിപാടികളുടെ സംക്ഷിപ്‌താവരണം നടത്തുന്നത് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻ്റ് ഡിജോ കാപ്പനാണ്. നവീകരിച്ച ജിംനേഷ്യത്തിൻ്റെ താക്കോൽദാനം മുൻസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് നിർവ്വഹിക്കും. തുടർന്ന് വിശിഷ്‌ടാതിഥികളെ മെമന്റോ നല്‌കി ആദരിക്കുകയും ദേശീയഗാനത്തോടെ സമ്മേളനം അവസാനിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 1.30 മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.
കോളേജ് മാനേജർ റവ ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ
ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കെ. തോമസ്, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ ജൂബിലി കമ്മറ്റി സെക്രട്ടറി ആഷിഷ് ജോസഫ്, പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ്, ഡിജോ കാപ്പൻ, സെക്രട്ടറി ഡോ. സാബു ഡി മാത്യു എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി നിറവിൽ
‘വിജ്ഞാനികളും സന്മാർഗ്ഗനിഷ്ഠരുമായ ഒരു തലമുറയെ സൃഷ്ടിക്കുക’ എന്ന വയലിൽ പിതാവിന്റെ സ്വപ്ന സാക്ഷൽക്കരമാണ് പാലാ സെന്റ് തോമസ് കോളേജ്. 1950 ആഗസ്റ്റ് മാസം 7 ന് കോട്ടയം രൂപതാധ്യക്ഷനും മലബാർ ബിഷപ്സ് കോൺഫ്രൻസ് സെക്രട്ടറിയുമായ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് കോളേജിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുമ്പോൾ മീനച്ചിൽ പ്രദേശത്തുള്ളവരുടെ മാത്രമല്ല കേരളത്തിലെ സാധാരണക്കാരായ അനേകായിരം യുവജനങ്ങളുടെ ജീവിത സ്വപ്നങ്ങൾക്കാണ് ചിറകു മുളച്ചത്. ചങ്ങനാശ്ശേരി എസ്.ബി.കോളേജും കോട്ടയം സി.എം.എസ്. കോളേജും ആലുവ യു.സി കോളേജും മാത്രമായിരുന്നു അന്ന് ഇവിടെയുള്ളവർക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയിക്കാവുന്ന സ്ഥാപനങ്ങൾ. ഈ പശ്ചാത്തലത്തിലാണ് പാലാ സെന്റ് തോമസ് ഹൈസ്കൂളിനെ ഒരു സെക്കന്റ് ഗ്രേഡ് കോളേജായി ഉയർത്തണമെന്ന ആശയം ഉദിക്കുന്നത്.
ഇതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പാലാ വലിയപള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട കുളംകുത്തിയിൽ ദേവസ്യ കത്തനാർ, കെ.സി. സെബാസ്റ്റ്യൻ, എ. ഒ. ജോസഫ്, ജോർജ് തോമസ് കൊട്ടുകാപ്പള്ളി, മാത്യു സി. കട്ടക്കയം എന്നിവരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയിലാണ് ആദ്യ അപേക്ഷ സമർപ്പിച്ചതെങ്കിലും തിരുവിതാംകൂർ യൂണിവേഴ്സിറ്റി ഉടൻ ആരംഭിക്കാൻ നീക്കം നടക്കുന്നതിനാൽ തിരുവിതാംകൂർ ഗവൺമെന്റിനാണ് അപേക്ഷ നല്കേണ്ടത് എന്നായിരുന്നു മദ്രാസ് യൂണിവേഴ്സിറ്റി അധികൃതരുടെ നിലപാട്. തുടർന്ന് ദിവാൻ സി.പി. രാമസ്വാമി അയ്യർക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും അനുമതി ലഭിക്കുവാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു. 1937 ൽ ആരംഭിച്ച ഉദ്യമങ്ങൾ ലക്ഷ്യത്തോട് അടുക്കുന്നത് ഭാരതം സ്വതന്ത്രമായതിനു ശേഷമാണ്. ദിവാൻ ഭരണം അവസാനിച്ചതിനു ശേഷം പാലാ വലിയപള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട എമ്മാനുവേൽ മേച്ചേരിക്കുന്നേലച്ചൻ 1948 ഓഗസ്റ്റ് 15 ന് തിരുവിതാം സർക്കാരിന് ഒരു അപേക്ഷ കൂടി സമർപ്പിക്കുകയും 1949 ഓഗസ്റ്റ് 22 ന് പാലായിൽ ഒരു മഹായോഗം വിളിച്ചു ചേർക്കുകയും ചെയ്തു. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് പ്രിൻസിപ്പലായിരുന്ന ബഹുമാനപ്പെട്ട വില്യം സി.ഡി. അച്ചനായിരുന്നു യോഗത്തിന്റെ അധ്യക്ഷൻ. കോളേജിന് അനുവാദവും ആശിർവാദവും നല്കിക്കൊണ്ടുള്ള അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവിന്റെ കത്ത് യോഗത്തിൽ വായിച്ചു. ഫാ. മാണി സെബാസ്റ്റ്യൻ വയലിൽ കളപ്പുരയാണ് അന്ന് സ്വാഗതപ്രസംഗം നടത്തിയത്.
പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ആദ്യത്തെ ജനകീയ മന്ത്രിസഭ തിരുവിതാംകൂർ ഭരണം ഏറ്റെടുത്തതും ആർ.വി. തോമസ്, ചെറിയാൻ ജെ. കാപ്പൻ, കെ. എം. ചാണ്ടി എന്നിവരുടെ സാമാജികത്വവും നിയമസഭാ അംഗങ്ങൾ ശ്രീ. ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെയും വയലിൽ കളപ്പുര മാണിയച്ചന്റെയും നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളും കാര്യങ്ങളെ ലക്ഷ്യത്തോടടുപ്പിക്കുകയും 1949 ഡിസംബർ ആറിന് കോളേജിന് താത്ക്കാലിക അനുമതി ലഭിക്കുകയും ചെയ്തു. 1950 ഏപ്രിൽ 16 ന് മദ്രാസ് ആർച്ച്ബിഷപ്പ് മാർ മത്യാസ് തിരുമേനി ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് ഇന്റർ മീഡിയറ്റ് ക്ലാസുകൾ ആരംഭിക്കാനുള്ള അനുവാദം ലഭിക്കുകയും വിദ്യാർത്ഥികളിൽ നിന്ന് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുകയും ചെയ്തു. പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ ഒരു മുറിയായിരുന്നു കോളേജ് ഓഫീസായി പ്രവർത്തിച്ചിരുന്നത്. 1950 ഓഗസ്റ്റ് 7 ന് അഭിവന്ദ്യ തോമസ് തറയിൽ പിതാവ് കോളേജ് ഉദ്ഘാടനം നിർവഹിച്ചു. ജവഹർലാൽ നെഹ്റുവിന്റെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഡോ. പി.ജെ. തോമസായിരുന്നു പ്രഥമ പ്രിൻസിപ്പൽ. പ്രൊഫ വി. ജെ. ജോസഫ് വൈസ് പ്രിൻസിപ്പലായും നിയമിക്കപ്പെട്ടു. മുന്നൂറിലധികം വിദ്യാർത്ഥികളും 14 അധ്യാപകരും ഏതാനും അനധ്യാപകരുമാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. ഉദ്ഘാടനദിനം തന്നെയാണ് പാലാ രൂപത സ്ഥാപിക്കപ്പെട്ടതും കോളേജ് നിർമ്മാണ കമ്മിറ്റിക്ക് നേതൃത്വം നല്കിയിരുന്ന വയലിൽ കളപ്പുര മാണിയച്ചൻ പ്രഥമ മെത്രാനായി പ്രഖ്യാപിക്കപ്പെട്ടതും എന്നത് ധന്യമായ മറ്റൊരു സ്മരണയാണ്.
കോളേജിന്റെ പ്രധാന കെട്ടിടമിരിക്കുന്ന 6 ഏക്കർ സ്ഥലം സംഭാവന ചെയ്തത് ശ്രീ. ജോർജ് തോമസ് കൊട്ടുകാപ്പള്ളിയാണ്. മുൻവശത്തുള്ള സ്ഥലം വൈപ്പന മാത്തു ചേട്ടൻ സംഭാവന നല്കി.
പ്രധാന റോഡിനോടു ചേർന്നുള്ള 3 ഏക്കർ സ്ഥലം ജോസഫ് ആഗസ്തി കയ്യാലയ്ക്കകം സംഭാവന ചെയ്തു. പിന്നീട് ഉളള സ്ഥലം വിവിധ വ്യക്തികളിൽ നിന്ന് പണം നല്കി വാങ്ങുകയായിരുന്നു. അഭിവന്ദ്യ വയലിൽ പിതാവിന്റെ ആത്മകഥയായ 'നിന്റെ വഴികൾ എത്ര സുന്ദരം' എന്ന കൃതിയിൽ കോളേജിന്റെ ആരംഭത്തെക്കുറിച്ചും അതിനു വേണ്ടി നടത്തിയ ഭഗീരഥപ്രയത്നങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.
1952-53 അധ്യയന വർഷത്തിൽ ഇക്കണോമിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ ആരംഭിച്ചപ്പോൾ 60 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇന്റർമീഡിയറ്റിൽ 612 വിദ്യാർത്ഥികളും. 1957-58 അധ്യയന വർഷം തിരുവിതാംകൂർ സർവ്വകലാശാല കേരള യൂണിവേഴ്സിറ്റിയായതും ഇന്റർമീഡിയറ്റ് സമ്പ്രദായം അവസാനിപ്പിച്ച് പ്രി യുണിവേഴ്സിറ്റി കോഴ്സുകൾ ആരംഭിച്ചതും ശ്രദ്ധേയ മാറ്റങ്ങളായിരുന്നു. 1952 മുതൽ 1968 വരെയുള്ള കാലഘട്ടങ്ങളിൽ പ്രിൻസിപ്പലായിരുന്ന മോൺ കുരീത്തടം അക്കാദമിക് തലത്തിലും ഭൗതിക മേഖലയിലും കോളേജിനെ ഏറെ ദൂരം മുന്നിലേക്ക് നയിച്ചു.
A, B, C എന്നീ ബ്ലോക്കുകളും കോളേജ് ഓഡിറ്റോറിയവും സി.ആർ. ഹോസ്റ്റലും ഫാത്തിമ ഹോസ്റ്റലും കാന്റീനും സ്റ്റാഫ് ക്വാർട്ടേഴ്സും നീന്തൽക്കുളവും നിർമ്മിക്കപ്പെട്ടത് ബഹുമാനപ്പെട്ട കുരീത്തടത്തിലച്ചന്റെ കാലത്താണ്. 10 ഡിഗ്രി കോഴ്സുകളും 9 ബിരുദാനന്തര ബിരുദ കോഴ്സുകളും ഇക്കാലത്ത് ആരംഭിച്ചു. 1971-72 കാലമാകുമ്പോൾ 2502 വിദ്യാർത്ഥികളും 139 അധ്യാപകരുമാണ് ഉള്ളത്. ജിമ്മി ജോർജ്, സഹോദരൻ ജോസ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ സെന്റ് തോമസിന്റെ വോളിബോൾപ്പെരുമയ്ക്ക് ലോകം സാക്ഷ്യം വഹിക്കുന്നതും ഇതേ കാലഘട്ടത്തിലാണ്. 1976 ഫെബ്രുവരി 12 ന് രജത ജൂബിലി ഉദ്ഘാടനം നിർവഹിച്ചത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. 1983 ൽ എം. ജി. യൂണിവേഴ്സിറ്റിസ്ഥാപിക്കപ്പെട്ടപ്പോൾ പ്രഥമ വൈസ് ചാൻസിലറായി നിയമിക്കപ്പെട്ടത് സെന്റ് തോമസ് കോളേജിലെ അധ്യാപകൻ കൂടിയായിരുന്ന എ.ടി.ദേവസ്യ സാർ ആയിരുന്നു. പിന്നീട് ഡോ. സിറിയക്ക് തോമസ്,
ഡോ. ബാബു സെബാസ്റ്റ്യൻ എന്നിവരും സെൻ്റ് തോമസിലെ അധ്യാപക നിരയിൽ നിന്ന് വൈസ് ചാൻസിലർ പദവിയിൽ എത്തി എന്നത് അഭിമാനകരമാണ്.
1999-2000 ൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത് മേഘാലയ ഗവർണ്ണർ എം.എം. ജേക്കബ്ബ് ആയിരുന്നു. കേന്ദ്ര മന്ത്രി ഒ. രാജഗോപാൽ, വൈസ് ചാൻസിലർ ഡോ. വി.എൻ രാജശേഖരൻ പിള്ള തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
ഗാർഡിയൻസ് അസോസിയേഷൻ എന്ന പേരിൽ രക്ഷകർത്താക്കളുടേതായ ഒരു സംഘടന 1969 ൽ ആരംഭിക്കുകയും 1976-77 അധ്യയന വർഷത്തിൽ അധ്യാപകരെക്കൂടി ഉൾപ്പെടുത്തി അധ്യാപക രക്ഷാകർത്തൃസംഘടന രൂപീകരിക്കുകയും ചെയ്തു. പ്രഥമ പ്രസിഡൻ്റ് കെ.സി. സെബാസ്റ്റ്യനും സെക്രട്ടറി ചെറിയാൻ ജെ. കാപ്പനുമായിരുന്നു. 1967 ൽ ശ്രീ കെ.എം. ചുമ്മാർ അധ്യക്ഷനായി അലുംനി അസോസിയേഷൻ രൂപീകരിച്ചു.
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, കേന്ദ്ര ആഭ്യന്തര മന്ത്രി കെ.എൻ. കട്ജു, സംസ്ഥാന മുഖ്യമന്ത്രി എ.ജെ. ജോൺ, തിരുക്കൊച്ചി രാജപ്രമുഖൻ ശ്രീചിത്തിര തിരുനാൾ, ഇന്ദിരാ ഗാന്ധി, പനമ്പിള്ളി ഗോവിന്ദമേനോൻ, വി.വി. ഗിരി, ജമിനി ഗണേശൻ, കേന്ദ്ര മന്ത്രി ലക്ഷ്മി എൻ. മേനോൻ, ഗായകൻ മുഹമ്മദ് റാഫി, കേന്ദ്ര മന്ത്രി ഒ. രാജഗോപാൽ, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. കലാം, ഇറോം ശർമ്മിള , ഡോ. സുകുമാർ അഴിക്കോട്, ഇ.കെ നായനാർ, ഉമ്മൻ ചാണ്ടി, എം.എം. ജേക്കബ്ബ് തുടങ്ങിയ പ്രമുഖ വ്യക്തികൾ വിവിധ കാലഘട്ടങ്ങളിലായി കോളേജിലെത്തുകയും വിദ്യാർത്ഥികളോടു സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
അര നൂറ്റാണ്ടോളം പാലായുടെ ജനപ്രതിനിധിയും സംസ്ഥാന മന്ത്രിയുമായിരുന്ന ശ്രീ. കെ.എം. മാണി സെന്റ് തോമസ് കോളേജിന് വലിയ പിന്തുണയാണ് നല്കിയത്. ഇപ്പോഴത്തെ നിയമസഭാംഗം ശ്രീ മാണി സി.കാപ്പൻ, പാർലമെന്റഅം ഗം ശ്രീ. ജോസ് കെ. മാണി എന്നിവരും കോളേജിന്റെ വളർച്ചയിൽ എല്ലാ സഹായ സഹകരണങ്ങളും നല്കുന്നു. ശ്രീ. ഫ്രാൻസിസ് ജോർജ് എം. പി, മുൻ എംപി. തോമസ് ചാഴികാടൻ തുടങ്ങിയവരുടെ പിന്തുണയും എടുത്തു പറയേണ്ടതാണ്.
രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തികളിൽ പലരും വിദ്യാർത്ഥികളായോ അധ്യാപകരായോ സെൻ്റ് തോമസ് കോളേജിന്റെ ഭാഗമായിരുന്നു എന്നതിൽ അഭിമാനിക്കാം. ഇപ്പോഴത്തെ കേന്ദ്ര മന്ത്രി ശ്രീ. ജോർജ് കുര്യൻ, സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ,കാലടി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. കെ.വി. ദിലീപ് കുമാർ, കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. വി.സി. ഉണ്ണികൃഷ്ണൻ,കാലടി യൂണിവേഴ്സിറ്റി മുൻ പ്രോ. വൈസ് ചാൻസിലർ ഡോ. എസ്. രാജശേഖരൻ, കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. എ വി .വർഗ്ഗീസ്, മൂന്നു സംസ്ഥാനങ്ങളുടെ ഗവർണ്ണറായിരുന്ന ശ്രീ.കെ.എം ചാണ്ടി, മുൻ ചീഫ് സെകട്ടറിമാരായ കെ.ജെ മാത്യു,
ശ്രീ. ടോം ജോസ്, മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും ഇപ്പോൾ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ചെയർമാനുമായ ശ്രീ. ടി.കെ. ജോസ്, ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജ്, വിവിധ കാലങ്ങളിൽ ജനപ്രതിനിധികളായ ആൻ്റോ ആൻ്റണി, ജോയി നടുക്കര, ജോയി എബ്രാഹം, ഡോ. കെ. സി. ജോസഫ്, ജോസഫ് വാഴക്കൻ, വി.ജെ. ജോസഫ്, മുൻ മന്ത്രി ശ്രീ. എൻ.എം. ജോസഫ്, ശ്രീ. പി.സി.ജോസഫ്, അഭിവന്ദ്യ പിതാക്കന്മാരായ മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, ചലച്ചിത്ര താരം മിയ ജോർജ്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, സാഹിത്യകാരന്മാരായ സക്കറിയ, ശ്രീ. ഏഴാച്ചേരി രാമചന്ദ്രൻ, ശ്രീ. എതിരൻ കതിരവൻ, പ്രൊഫ.ആർ എസ് . വർമ്മജി, പ്രൊഫ. ജോസഫ് മറ്റം, ഭട്നഗർ പുരസ്കാര ജേതാവ് ശ്രീ. കെ.എൻ. സെബാസ്റ്റ്യൻ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് ശ്രീ. കെ. ജി. ബാലകൃഷ്ണൻ, സുപ്രീം കോടതി മുൻ ജഡ്ജി ശ്രീ. സിറിയക്ക് ജോസഫ്, വിജിലൻസ് ഡിപ്പാർട്ട്മെൻ്റിൽ ഉന്നത പദവികൾ വഹിച്ചിരുന്ന ശ്രീ. ജേക്കബ് തോമസ്, ശ്രീ. സിബി മാത്യൂസ്, മുതലായവരെല്ലാം ഈ കലാലയത്തിന്റെ യശസ്സ് ഉയർത്തിയവരാണ്. കൂടാതെ പി.എസ്.സി. ബോർഡിലും ഐ.ആർഎസ്, ഐ.എ.എസ്, ഐ.എഫ്.എസ്. തലങ്ങളിലും സെന്റ് തോമസ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളോ അധ്യാപകരോ ആയിരുന്നവർ ഇടം പിടിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സക്കീർ തോമസ് IRS, സുനിത ഭാസ്കർ ISS, അഗസ്റ്റിൻ പീറ്റർ IES, കഴിഞ്ഞ വർഷം സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം തേടിയ ഗഹന നവ്യ ജയിംസ് തുടങ്ങിയവർ ഇതിനുദാഹരണമാണ്. പി .എസ് .സി.അംഗങ്ങളായി സേവനമനുഷ്ഠിച്ച സോണിച്ചൻ ജോർജ്, ബോണി കുര്യാക്കോസ്, ബോസ് അഗസ്റ്റിൻ, അഡ്വ. വി.റ്റി. തോമസ്, പ്രൊഫ.കൊച്ചു ത്രേസ്യ എബ്രാഹം, പ്രൊഫ.ലോപ്പസ് മാത്യു എന്നിവരും നിലവിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. സ്റ്റാനി തോമസും ഈ കോളേജിന്റെ പൂർവ്വവിദ്യാർത്ഥികളാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ച് മെഡിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ വിപ്ലവകരമായ മുന്നേറ്റത്തിനു തുടക്കം കുറിച്ച ബ്രില്യന്റ് സ്റ്റഡി സെന്റ്റിന്റെ ഡയറക്ടർമാരായ സ്റ്റീഫൻ ജോസഫ്, ജോർജ് തോമസ്, സെബാസ്റ്റ്യൻ മാത്യു എന്നിവർ ഈ കലാലയത്തിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്.
മോൺ. ഇമ്മാനുവൽ മേച്ചേരി ക്കുന്നേൽ, മോൺ ഫിലിപ്പ് വയലിൽ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മോൺ. കുര്യൻ വഞ്ചിപ്പുരയ്ക്കൽ, റവ. ഡോ. ജോസഫ് മറ്റം, റവ ഫാ. ഫിലിപ്പ് ഞരളക്കാട്ട്, റവ ഫാ.ഈനാസ് ഒറ്റത്തെങ്ങുങ്കൽ, റവ. ഡോ. ജോസഫ് കൊല്ലംപറമ്പിൽ, മാർ ജേക്കബ് മുരിക്കൻ എന്നിവർക്കു ശേഷം ഇപ്പോൾ കോളേജിന്റെ മാനേജരായി സേവനം ചെയ്യുന്നത് മുഖ്യ വികാരി ജനറാൾ കൂടിയായ റവ. ഡോ. ജോസഫ് തടത്തിലാണ്.
ഡോ.പി.ജെ തോമസ്, റവ. കുരിത്തടം, ഡോ. എൻ. എം. തോമസ്, പ്രൊഫ. പി.എം.ചാക്കോ, റവ. ഫാ. ജോസഫ് വെള്ളാങ്കൽ, റവ. ഫാ. ഒ.പി.ഈനാസ് ഒറ്റത്തെങ്ങുങ്കൽ, റവ. ഫാ. ഫിലിപ്പ് ഞരളക്കാട്ട്, റവ. ഡോ. കുര്യൻ മറ്റം, റവ ഡോ. മാത്യു മലേപ്പറമ്പിൽ, റവ.ഡോ. മാത്യു ജോൺ കോക്കാട്ട്, ഡോ.കെ.കെ.ജോസ്, റവ. ഫാ. ജോസഫ് ഞാറക്കാട്ടിൽ, ഡോ സണ്ണി ജോസഫ് പഞ്ഞിക്കുന്നേൽ, ഡോ. ജോയി ജോർജ് , റവ. ഡോ. ജയിംസ് ജോൺ മംഗലത്ത് എന്നിവർക്കു ശേഷം ഡോ. സിബി ജയിംസ് ഇപ്പോൾ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു. അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിനും അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിനും ശേഷം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് ഇപ്പോൾ കോളേജിന്റെ രക്ഷാധികാരി.
റവ ഡോ. സാൽവിൻ കെ. തോമസ് വൈസ് പ്രിൻസിപ്പലായും റവ.ഫാ മാത്യു ആലപ്പാട്ടു മേടയിൽ ബർസാറായും പ്രവർത്തിക്കുന്നു. അക്കാദമിക് രംഗത്തും ഭൗതികസൗകര്യങ്ങളിലും അഭിമാനാർഹമായ നേട്ടങ്ങളിലൂടെയാണ് പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി വർഷത്തിൽ സഞ്ചരിക്കുന്നത്. എല്ലാ കോഴ്സുകളിലും പെൺകുട്ടികൾക്കു കൂടി പ്രവേശനം എർപ്പെടുത്തി.
2021 ഫെബ്രുവരി 10,11 തീയതികളിലായി നാക് സമിതി കോളേജ് സന്ദർശിക്കുകയും പാഠ്യ-പാഠ്യേതര മേഖലകളിലെ പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി CGPA-3.56 പോയിന്റോടുകൂടി A++ ഗ്രേഡ് നല്കുകയും ചെയ്തു. 2023-24 അധ്യയന വർഷത്തിൽ കോളേജ് ഓട്ടോണമസ് പദവി കരസ്ഥമാക്കി. ലോകനിലവാരത്തിലുള്ള സ്വിമ്മിംഗ് പൂളും സ്പോർട്ട്സ് കോംപ്ലക്സും ഇൻഡോർ സ്റ്റേഡിയവും ഓപ്പൺ ജിനേഷ്യവും നിർമ്മിച്ചു. വിപുലമായ ലൈബ്രറിയും സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിലുള്ള അവസരവും വിദ്യാർത്ഥികൾക്കായി ഒരുക്കിയതും ശ്രദ്ധയമാണ്. 17 ബിരുദ പ്രോഗ്രാമുകളും 15 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 10 ഗവേഷണ കേന്ദ്രങ്ങളുമാണ് കോളേജിന് നിലവിലുള്ളത്.വരുംകാലത്തിന്റെ സ്വപ്നങ്ങൾക്കു ചിറകാവാൻ സർവ്വസജ്ജമായി, കാലത്തി ന്റെ വഴികളിൽ വെളിച്ചമായി സെന്റ് തോമസ് എന്ന വലിയ കലാലയം അതിന്റെ യാത്ര തുടരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments