പാലാ: പൊതുഗതാഗത സൗകര്യം പരിമിതമായ ഗ്രാമീണ റൂട്ടുകൾ കണ്ടെത്തി നഗരവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഗതാഗത സംരഭത്തിന് രൂപരേഖ തയ്യാറാക്കുന്നതിനായി ഗതാഗത വകുപ്പു മന്ത്രിയുടെ നിർദ്ദേശാനുസരണം മോട്ടോർ വാഹന വകുപ്പ് നിയോജക മണ്ഡലം അടിസ്ഥാനത്തിൽവിളിച്ചു ചേർന്ന റൂട്ട് ഫോർമുലേഷൻ - ജന സദസ്സിലേക്ക് നിരവധി പേർ നിർദ്ദേശങ്ങളുമായി എത്തി.
പാലാ പി.ഡബ്ല്യ.ഡി റസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ മാണി.സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം പഞ്ചായത്ത് പ്രസിഡണ്ടുമാരും ജനപ്രതിനിധികളും, പാസഞ്ചേഴ്സ് അസോസിയേഷൻ, വിവിധ രാഷ്ടീയകക്ഷി പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കുവച്ചു.
പുതിയ തൊഴിൽ മേഖല കൂടി സൃഷ്ടിക്കപ്പെടുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു.ഗതാഗത രംഗത്ത് പുതിയ സംരംഭകർ ഉണ്ടായാൽ ഗ്രാമീണ റൂട്ടുകൾ നിശ്ചയിച്ച് പ്രത്യേക പെർമിറ്റുകൾ നൽകുവാനാണ് പദ്ധതി എന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ കെ.അജിത്കുമാർ അറിയിച്ചു.പുതിയ സംരഭകർക്ക് 25 ലക്ഷം വായ്പയും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുത്തവർ വിവിധ റൂട്ടുകളിൽ സർവ്വീസ് ഉണ്ടാവേണ്ട ആവശ്യകത യോഗത്തിൽ ചൂണ്ടിക്കാട്ടി. നികുതി ഇളവുകൾ കൂടി ഉണ്ടാവുകയാണെങ്കിൽ പുതിയ സംരഭകർ ഉണ്ടാവുമെന്ന് പലരും ചുണ്ടിക്കാട്ടി.
യോഗത്തിൽ നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ, ജിജി തമ്പി ,സാജോ പൂവത്താനി ,ലിസമ്മ സെബാസ്ത്യൻ, പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം, സതീശ് ചൊള്ളാനി, ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ മോട്ടോർ വാഹന വകുപ്പ് ,കെ .എസ് .ആർ .ടി, പോലീസ്, പ്രൈവറ്റ് ബസ് ഓപ്റേറ്റേഴ്സ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി ജനപക്ഷമാവണം.
സർവ്വീസുകൾ നിർത്തരുത്. മുടക്കരുത്.
പാലാ: കെ.എസ്.ആർ.ടി: സി അധികൃതരുടെ നടപടികൾക്കെതിരെ പരാതികളുടേയും നിർദ്ദേശങ്ങളുടേയും പട്ടിക നിരത്തി ബഹുജനം.പാലായിൽ നടന്ന ജന സദസ്സിലെത്തിയവർക്ക് ഒരേ ആവശ്യം'
മുടക്കിയ സർവ്വീസുകൾ പുനരാരംഭിക്കണം.
സർവ്വീസുകൾ മുടക്കരുത്. കൂടുതൽ സർവ്വീസുകൾ വേണം. മോട്ടോർ വാഹന വകുപ്പിൻ്റെ ജന സദസ്സിലെത്തിയവരുടെ പ്രധാന ആവശ്യം കെ.എസ്.ആർ.ടി.സി സർവ്വീസുകളായിരുന്നതിനാൽ എം.എൽ.എയുടെ നിർദ്ദേശാനുസരണം കെ.എസ്.ആർ.ടി.സിക്കു മാത്രമായി ചർച്ച സംഘടിപ്പിച്ചു. നിരവധി പരാതികളാണ് യോഗത്തിനു മുമ്പാകെ പരാതി പരിഹാരം തേടി എത്തിയത്.
പരാതികൾ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് എ.ടി.ഒ.യോഗത്തിൽ അറിയിച്ചു.ബസ്സുകളുടേയും ജീവനക്കാരുടേയും കുറവ് സർവീസുകളെ ബാധിക്കുന്നതായും സ്റ്റേ സർവീസുകൾക്ക് ജീവനക്കാർ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് രാത്രി വിശ്രമത്തിന് തൃപ്തികരമായ സൗകര്യം ലഭ്യമാമാക്കിയാൽ സ്റ്റേ സർവ്വീസുകൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.എം.എൽ.എയ്ക്ക് ലഭിച്ച പരാതികളും നടപടിക്കായി എ.ടി.ഒയ്ക്ക് കൈമാറി. യാത്രക്കാരുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി പ്രത്യേക യോഗം വിളിച്ചു ചേർക്കുവാൻ മാണി സി .കാപ്പൻ നിർദ്ദേശിച്ചു.
നിർത്തലാക്കിയ രാമപുരം സർവ്വീസുകൾ തുടർന്നേ മതിയാവൂ.
പാലാ: രാമപുരത്തേയ്ക്ക് കൊങ്ങാട് വഴിയും ഏഴാച്ചേരി വഴിയും കാലങ്ങളായി ഓടുന്ന ഓർഡിനറി സർക്കുലർ സർവ്വീസുകൾ നിർത്തലാക്കിയതിൽ സംഘടനാ ഭേദമെന്യേ വൻ പ്രതിഷേധമാണ് ഉയർന്നത്.ഏഴാച്ചേരി വഴി യുണ്ടായിരുന്ന ബസ് അതേ സമയത്ത് തുടർന്നുo സർവ്വീസ് നടത്തുവാൻ നടപടി ഉണ്ടാവണമെന്ന് ഏവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
ജീവനക്കാരുമായി സംസാരിച്ച് ശേഷം സത്വര നടപടി സ്വീകരിക്കാമെന്ന് എ.ടി.ഒ. അറിയിച്ചു.മലയോര മേഖലയിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും സർവ്വീസുകൾ വേണമെന്ന് മേലുകാവ്, മൂന്നിലവ്, തലനാട് നിന്നുള്ള ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
പാലാ- കോയമ്പത്തൂർ
പുതിയ സർവ്വീസ് ആരംഭിക്കുന്നതിന് നടപടി ഉണ്ടാവും.
പാലാ: നാളുകൾക്ക് മുൻപ് അന്തർ സംസ്ഥാന പെർമിറ്റ് ലഭ്യമാക്കിയിട്ടും പാലാ - കോയമ്പത്തൂർ സർവ്വീസ് ആരംഭിക്കാത്തതിനെ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാനും അഡ്വൈസറി ബോർഡ് അംഗവുമായ ജയ്സൺമാന്തോട്ടം യോഗത്തിൽ ചോദ്യം ചെയ്തു
സർവ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നുവെന്ന് എ.ടി.ഒ.യോഗത്തിൽ അറിയിച്ചു. ഗതാഗതപ്രശ്നങ്ങൾ സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments