Latest News
Loading...

കടനാട് ഗ്രാമപഞ്ചായത്തില്‍ പാറമട വേണ്ടെന്ന് പഞ്ചായത്ത് കമ്മറ്റി


കടനാട് ഗ്രാമപഞ്ചായത്തില്‍ പാറമട വേണ്ടെന്ന്
 തീരുമാനം പഞ്ചായത്ത് കമ്മറ്റി ഐക്യകണ്‌ഠേന പാസ്സാക്കി. രാവിലെ ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി ഐകകണ്ഠേനയാണ് പാറമടക്കെതിരെ തീരുമാനമെടുത്തത്. സംഭവത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് പാറമട പ്രശ്നം രണ്ടാമത്തെ അജണ്ടയായിരുന്നെങ്കിലും ആദ്യംതന്നെ ഈ വിഷയം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു. 



പാറമട ലോബിക്ക് വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സിനുള്ള അപേക്ഷ സംബന്ധിച്ച് സെക്രട്ടറി എതിരായ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. സ്ഥലത്ത് പോയി പരിശോധിച്ചപ്പോള്‍ കുടിവെള്ള പദ്ധതിയുടെ ടാങ്ക് ഉള്‍പ്പെടെ ഇവിടെ ഉണ്ടെന്നും സമീപത്ത് വീടുകളും തോടും ഉണ്ടെന്നുമാണ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം പാറമടക്കെതിരെ രംഗത്ത് വരികയായിരുന്നു. 



കണ്ടത്തിമാവ്, നീലൂര്‍, നൂറുമല ഭാഗങ്ങളില്‍ പാറഖനനം ആരംഭിക്കുന്നതിന് മുന്നോടിയായി വെടിമരുന്ന്  സൂക്ഷിക്കുന്നതിനുള്ള കെട്ടിടം നിര്‍മ്മിക്കാനുള്ള ലൈസന്‍സിനായി പാറമട ലോബി രംഗത്തുണ്ട്. വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള കെട്ടിടത്തിന്റെ അനുമതിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് സ്ഥലത്തെത്തി പരിശോധിച്ച റിപ്പോര്‍ട്ട് പാറമട ലോബിക്കെതിരാണ്. മലനിരകള്‍ നിറഞ്ഞ പഞ്ചായത്തില്‍ പാറഖനനം ആരംഭിച്ചാല്‍ സ്ഥിതിഗതികള്‍ രൂക്ഷമാകും. 



വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള സ്ഥലം പരിശോധിച്ച് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ രാവിലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ പാറമടക്ക് അനുമതി നല്‍കരുതെന്ന ആവശ്യം ശക്തമായതോടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നാകെ പാറമടക്ക് എതിരെ ശബ്ദമുയര്‍ത്തി. പഞ്ചായത്തിലെ മലനിരകളില്‍ പാറമടകള്‍ ആരംഭിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അനുകൂലിക്കില്ലെന്ന് പ്രസിഡന്റ് ജിജി തമ്പി പറഞ്ഞു. ഇതിനെതിരെ സബ് കമ്മിറ്റി രൂപീകരിച്ചു നിയമപരമായി മുന്‍പോട്ടു പോകാനാണ് കമ്മറ്റി തീരുമാനം. ജനങ്ങളുടെ ജീവനും സ്വത്തിനും ആണ് കടനാട് പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നതെന്ന് കമ്മറ്റി പറഞ്ഞു. പഞ്ചായത്തു കമ്മറ്റി നടക്കുന്ന സമയത്ത് പുറത്ത് നീലൂര്‍ വാര്‍ഡിലെ ജനങ്ങള്‍ സമരവുമായി എത്തിയിരുന്നു. പഞ്ചായത്ത് കമ്മറ്റി പാറമടക്കെതിരെ തീരുമാനം എടുത്തതോടെ ഇവര്‍ പിരിഞ്ഞുപോയി. പാറമടക്കെതിരെ ഏതറ്റംവരെയും തങ്ങള്‍ പോകുമെന്ന നിലപാടിലാണ്  നീലൂരിലെ ജനങ്ങള്‍.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments