ഡോക്ടർ ചമഞ്ഞ് ഇടുക്കി ഏലപ്പാറ സ്വദേശിയില്‍നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മാതാവിനെയും മകനെയും പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലാ കിടങ്ങൂർ സ്വദേശി ഉഷ, മകൻ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഏലപ്പാറ സ്വദേശി പ്രതീഷിൻ്റെ പരാതിയിലാണ് നടപടി. മകൻ്റെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിയ പ്രതീഷിനെ ഡോക്ടറുടെ വേഷത്തിലെത്തിയ വിഷ്ണു സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി .
ചികിത്സക്കാവശ്യമുള്ള 55 ലക്ഷം രൂപയുടെ 32 ശതമാനം ആരോഗ്യവകുപ്പില്‍നിന്ന് വാങ്ങി നല്‍കാമെന്ന പേരിലായിരുന്നു തട്ടിപ്പ്. പല തവണയായി വിഷ്ണുവും ഉഷയും അഞ്ചര ലക്ഷം രൂപയും തട്ടിയെടുത്തു.
വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പ്രതീഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 11 പരാതികളാണ് ഇവർക്കെതിരെയുള്ളത്. നോർത്ത് പറവൂർ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ റിമാൻ്റിലായിരുന്ന ഇവർ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. പീരുമേട് സി.ഐ ഗോപിചന്ദിൻ്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments