കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലെ ഭൂഗര്‍ഭപാതയുടെ നിര്‍മാണ പുരോഗതി സഹകരണ- തുറമുഖ -ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ വിലയിരുത്തി. ഭൂഗര്‍ഭപാത ഓണത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂഗര്‍ഭപാത നിര്‍മാണത്തോടനുബന്ധിച്ച് അടച്ച മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുമ്പിലെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഭൂഗർഭ പാത നിർമിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്. 1.30 കോടി രൂപ ചെലവിൽ 18.57 മീറ്റര്‍ നീളത്തിലും അഞ്ചു മീറ്റര്‍ വീതിയിലും മൂന്നര മീറ്റര്‍ ഉയരത്തിലും നിർമിക്കുന്ന 'ഭൂഗര്‍ഭപാതയില്‍ ടൈലുകള്‍ പാകൽ, വൈദ്യുതീകരണം, പെയിന്റിംഗ്, സീലിങ് തുടങ്ങിയ പ്രവർത്തികളാണ് പുരോഗമിക്കുന്നത്. ഭൂഗര്‍ഭപാതയില്‍ വീല്‍ചെയറുകളില്‍ രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ട സജ്ജീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് രാജൻ, ഡി.സി.എച്ച് വൈസ് പ്രസിഡൻ്റ് കെ. എന്‍. വേണുഗോപാൽ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അടിപ്പാതയുടെ കോണ്‍ക്രീറ്റിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തികൾ പൂര്‍ത്തിയായതിനെ തുടർന്നാണ് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ഭൂഗര്‍ഭപാതയുടെ ഇരുവശവും നികത്തി മുകളില്‍ സോളിങ് നടത്തി ഉറപ്പിച്ച ശേഷമാണ് റോഡ് തുറന്നത്. മഴ മാറിയ ശേഷം ടാറിങ് നടത്തും. റോഡ് അടച്ചതിനെ തുടര്‍ന്ന് ബസ് സ്റ്റാന്റഡ് വഴിയാണ് വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments