മാർ തോമസ് തറയിലിനെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായും മാർ പ്രിൻസ് ആന്റണി പാണേങ്ങാടിനെ ഷംഷാബാദ് ബിഷപ്പായും നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനു പിന്നാലെയാണ് നിലവിലെ സഹായ മെത്രാനായിരുന്ന മാര്‍ തോമസ് തറയിലിനെ പുതിയ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തത്.
കഴിഞ്ഞ ഏഴു വര്‍ഷമായി സഹായ മെത്രാനായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു. 52-ാം വയസിലാണു മാര്‍ തോമസ് തറയിലിനെ തേടി വലിയ ചുമതലയെത്തുന്നത്. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു പ്രഖ്യാപനം.
ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഇടവക തറയില്‍ പരേതനായ ടി.ജെ. ജോസഫിന്റെയും മറിയാമ്മയുടെയും ഏഴ് മക്കളില്‍ ഇളയവനാണു ബിഷപ് മാര്‍ തറയില്‍. 1972 ഫെബ്രുവരി രണ്ടിനാണു ജനനം. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും എസ് ബി കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി.
1989 ല്‍ വൈദിക പരിശീലനത്തിനായി കുറിച്ചി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്ര പഠനവും ദൈവ ശാസ്ത്ര പഠനവും നടത്തി. 2000 ജനുവരി ഒന്നിന് ആര്‍ച്ച് ബിഷപ് മാര്‍ പവ്വത്തിലില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ, നെടുംകുന്നം, എടത്വാ പള്ളികളില്‍ സഹ വികാരിയായും താഴത്തുവടകര പള്ളിയില്‍ വികാര്‍ അഡ്മിനിസ്‌ട്രേറ്ററായും ശുശ്രൂഷ ചെയ്തു.
2004ല്‍ ഉപരിപഠനത്തിനു റോമിലേക്കു പോയി. പ്രസിദ്ധമായ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മനശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. തുടര്‍ന്ന് പുന്നപ്ര ദനഹാലയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെയാണ് സഹായ മെത്രാനായി ചുമതലയേറ്റെടുക്കുന്നത്.
മനശാസ്ത്ര സംബന്ധമായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
ഷംഷാബാദ് രൂപതയുടെ മെത്രാനായി സേവനം ചെയ്തിരുന്ന മാർ. റാഫേൽ തട്ടിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ മെത്രാനായി മാർ. പ്രിൻസ് ആന്റണി പാണേങ്ങാടനെ സിനഡ് തിരഞ്ഞെടുത്തത്. 1976 മേയ് 13ന് തൃശൂരിലെ അരിമ്പൂരിൽ ജനിച്ച മാർ. പ്രിൻസ് 2007 ഏപ്രിൽ 25-ന് വൈദികനായി അഭിഷിക്തനായി. തുടർന്ന് വിവിധ ഇടങ്ങളിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം, റോമിലെ ഉർബാനിയൻ സർവകലാശാലയിൽ നിന്ന് ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 2015 ഓഗസ്റ്റ് 6 നാണ് അദിലാബാദ് രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments