പരിസ്ഥിതിലോല പ്രദേശങ്ങളേക്കുറിച്ചുള്ള (ESA - Ecological Sensitive Area ) കേന്ദ്ര ഗവൺമെൻ്റ് വിജ്ഞാപനം സാമൂഹികവും രാഷ്ട്രീയവും സാമുദായികവും പ്രാദേശികവുമായ ചേരിതിരിവുകൾ ഉണ്ടാക്കുന്നു എന്നത് ആശങ്കാജനകമാണ്. ഗാഡ്ഗിൽ - കസ്തൂരി രംഗൻ റിപ്പോർട്ടുകൾ ദുർവ്യാഖ്യാനിച്ച്, അവ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഭീതിജനങ്ങളിൽ പരത്തുന്നത് നിക്ഷിപ്ത താല്പര്യങ്ങൾ ഉള്ളവരാണ്.ESA-യിൽപാറ - മണൽ ഖനനങ്ങൾക്ക് നിരോധനമുണ്ട്. ചുവന്ന വിഭാഗത്തിൽ (Red Category) ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികൾക്ക് മാത്രമാണ് നിരോധനം ഏർപ്പെടുത്താൻ ശിപാർശയുള്ളത്.
ഖനനം, വലിയ നിർമ്മാണ പ്രവർത്തനങ്ങൾ, വനനശീകരണം, പ്രകൃതിയെ മലിനപ്പെടുത്തുന്ന വൻ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് ചുവന്ന വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
മേല്പറഞ്ഞവയുടെ നിരോധനം സാധാരണക്കാരുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കുന്നതല്ല. 20,000 ചതുരശ്ര മീറ്ററും അതിന് മുകളിലും വിസ്തീർണ്ണമുള്ള കെട്ടിട നിർമ്മാണത്തിന് മാത്രമാണ് നിരോധന സാധ്യതയുള്ളത്. പരിസ്ഥിതി ലോല മേഖലയിലെ വസ്തുവിൻ്റെ ഉടമസ്ഥാവകാരത്തെ ഈ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ ബാധിക്കില്ല എന്നും കേന്ദ്ര പരിസ്ഥിതി ,വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ വിജ്ഞാപനത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2022 ജൂലൈ 6, 2024 ജൂലൈ 31 എന്നീ തീയതികളിൽ ഇറക്കിയ കേന്ദ്ര ഗവൺമെൻ്റ് വിജ്ഞാപനത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളിലെ വീടുകൾ, കൃഷികൾ മുതലായവ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളാണുള്ളത്. എല്ലാ ജനവിഭാഗങ്ങളുടെയും നാളെയുടെ നന്മക്ക് വേണ്ടിയുള്ള വ്യവസ്ഥകൾ മാത്രമേ വിജ്ഞാപനത്തിൽ ഉൾക്കൊള്ളിച്ചിട്ടുളളൂ
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തമായ നിലപാടാണ് സി.എസ്.ഐ സഭ മുമ്പും എടുത്തിട്ടുള്ളത്. പശ്ചിമഘട്ട മലനിരകളിലെ കുരുമുളക്, ഏലം, കറുവപ്പട്ട , മാങ്ങ, ചക്ക തുടങ്ങിയവയുടെ സംരക്ഷണവും കൃഷിയും വിജ്ഞാപനത്തിൽ വ്യക്തമായി പറയുന്നുണ്ട്. പരിസ്ഥിതിലോല പ്രദേശങ്ങൾക്കുള്ളിൽ താമസിക്കുന്ന പ്രാദേശി ജനതയുടെ സ്ഥാനചലനമോ , സ്ഥാനഭ്രംശമോ , ഉണ്ടാകില്ല എന്നും കൃഷിയും തോട്ടപ്പണികളും നടത്തുന്നതിന് നിരോധനമില്ല എന്നും തീരുമാനിച്ചതായി ഗവൺമെൻ്റ് രേഖ ഉറപ്പ് നല്കുന്നു. പരിസ്ഥിതിലോലമേഖലകളിൽ നിലവിലുള്ള വാസയോഗ്യമായ വീടുകളുടെ അറ്റകുറ്റപണികൾക്കോ വിപുലീകരണത്തിനോ നവീകരണത്തിനോ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല എന്നും ഗവൺമെൻറ് രേഖ വ്യക്തമാക്കുന്നുണ്ട്. പരിസ്ഥിതിലോല മേഖലകളുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തേപ്പറ്റിയും രേഖയിൽ പ്രതിപാദ്യമുണ്ട്. ടൂറിസം വികസനത്തിൽ തദ്ദേശ ജനതക്കായിരിക്കും പ്രാമുഖ്യമുണ്ടാവുക.
പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടിയുള്ള മനുഷ്യപ്രയത്നമാണ് ESA നടപ്പാക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്.
ESA -ക്ക് എതിരെ നിലപാട് എടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ഖനന - മദ്യ വ്യവസായ ലോബികളാണ് എന്നതും ചിന്തനീയമാണ്.
ESA നിലവിൽ വരുന്നതിനോട് സി.എസ്.ഐ സഭ മുമ്പ് എടുത്തിട്ടുള്ള അനുകൂല നിലപാടിന് ഈസ്റ്റ് കേരള മഹായിടവകയും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കുന്ന എല്ലാത്തരം പ്രവർത്തനങ്ങളെയും പിന്തുണക്കേണ്ടത് ക്രിസ്തീയ ധാർമ്മികതയും ദൈവശാസ്ത്രപരവുമാണെന്നും ഈസ്റ്റ് കേരള മഹായിടവക മനസ്സിലാക്കുന്നു. ESA നടപ്പിൽവരുത്തുന്നതിന് വേണ്ടി എല്ലാ സഭാജനങ്ങളും വൈദികരും അത്മായ നേതൃത്വവും ഐക്യത്തോടെ പ്രവർത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
റൈറ്റ് റവ.വി.എസ്. ഫ്രാൻസിസ് (ബിഷപ്പ്, ഈസ്റ്റ് കേരള മഹായിടവക )
റവ.റ്റി.ജെ ബിജോയ് ( വൈദിക സെക്രട്ടറി)
ശ്രീ. വർഗീസ് ജോർജ് പി. (അത് മായ സെക്രട്ടറി)
റവ. പി.സി. മാത്യു ക്കുട്ടി (ട്രഷറർ)
ശ്രീ. റ്റി. ജോയ്കുമാർ (രജിസ്ടാർ)
മേലുകാവ്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments