Latest News
Loading...

സ്വകാര്യ വ്യക്തി നിർമ്മിച്ച പടുതാകുളം അപകട ഭീഷണിയാകുന്നതായി പരാതി




 തീക്കോയി ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ വേലത്തുശ്ശേരി ജംഗ്‌ഷന് സമീപം ചെങ്കുത്തായ ഭൂമിയിൽ നിർമ്മിച്ച വൻ പടുതാകുളം താഴ് വാരത്ത് താമസിക്കുന്നവർക്ക് അപകട ഭീഷണിയാകുന്നതായി പരാതി. ഈരാറ്റുപേട്ട സ്വദേശിയായ സ്ഥലം ഉടമ പുരയിടത്തിൽ ഉണ്ടായിരുന്ന റബർ മരങ്ങൾ വെട്ടി മാറ്റി ഇവിടെ വലിയ രണ്ടു പടുതാകുളങ്ങൾ നിർമ്മിക്കുകയായിരുന്നു. ചെങ്കുത്തായ ഉറപ്പില്ലാത്ത മണൽ നിർമ്മിച്ച കുളങ്ങൾ താഴെ താമസിക്കുന്ന നൂറോളം കുടുംബങ്ങളുടെ ജീവന് അപകട ഭീഷണിയാണെന്നാണ് പരാതി. 



പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന റോഡിൻ്റെ വടക്കുവശം കുത്തനെ ചെരിവായി കിടക്കുന്നതാണ്. സ്ഥലത്തിൻ്റെ മുകൾ ഭാഗത്താണ് 10 ഏക്കറോളം വരുന്ന സ്ഥലത്ത് കുളം നിർമ്മിച്ചിരിക്കുന്നത്. 



20 - 25 ലക്ഷം ലിറ്റർ വീതം വെള്ളം നിറയ്ക്കാവുന്ന പടുത്താ കുളങ്ങൾ നിർമ്മിച്ച് വെള്ളം നിറച്ചതിനെ തുടർന്ന് നാട്ടുകാർ തീക്കോയി പഞ്ചായത്തിൽ പരാതിപ്പെടുകയും പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള അധികൃതർ സ്ഥലത്ത് എത്തി വസ്‌തു ഉടമസ്ഥന് താക്കീത് കൊടുത്തതിനെ തുടർന്ന് കുളങ്ങൾ മഴക്കാലത്ത് വെള്ളം നിറയ്ക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നതായി പറയപ്പെടുന്നു.. 



എന്നാൽ ഈ മഴക്കാലത്ത് കുളങ്ങൾ എല്ലാം വെള്ളം നിറയ്ക്കുകയും കൂടാതെ പുതിയതായി കുത്തനെ ചരിവുള്ള ഭാഗത്ത് 20 അടിക്ക് മുകളിൽ താഴ്ച‌യിൽ ഉദ്ദേശം 30 അടി നീളത്തിൽ കുളങ്ങൾ നിർമ്മിച്ച് വെള്ളം നിറയ്ക്കുകയും ചെയ്തു. 



പുതിയതായി പണിത കുളത്തിന് മണ്ണ് സപ്പോർട്ട് ഇല്ലാത്തതും എത് നിമിഷവും താഴോട്ട് ഇടിഞ്ഞ് പോകാവുന്നതുമാണ്. കുളങ്ങൾ പൊട്ടുകയാണെങ്കിൽ വേലത്തുശേരി പള്ളി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും ഈരാറ്റുപേട്ട വാഗമൺ റോഡും നിരവധി വീടുകളും ഏക്കർ കണക്കിന് കൃഷിഭൂമിയും നഷ്ടപ്പെടുകയും നൂറുകണക്കിന് ആൾക്കാർക്ക് ജീവൻ നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു.



 നാട്ടിൽ സംഭവിക്കുവാൻ സാദ്ധ്യതയുള്ള വലിയ ഒരു ദുരന്തം ഒഴിവാക്കുന്നതിനായി അശാസ്ത്രീയമായി മലമുകളിൽ നിർമ്മിച്ച് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നിറച്ചിരിക്കുന്ന പടുതാ കുളങ്ങളിൽ വെള്ളം കെട്ടി നിർത്താതെ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെലത്തുശ്ശേരി സ്വദേശിയായ ജോസ് മാത്യു തയ്യിൽ ആണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. 

പടുതാക്കുളങ്ങളിലെ വെള്ളം തുറന്നുവിടാൻ പഞ്ചായത്ത് നിർദ്ദേശം നൽകിയതായാണ് വിവരം.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments