വാകക്കാട് : മാതാപിതാക്കൾക്ക് വിവിധ ഓൺലൈൻ സേവനങ്ങളെ കുറിച്ച് അറിവ് പകർന്നു കൊടുക്കുന്നതിനായി വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പോസിറ്റീവ് പേരൻ്റിങ് പ്രോഗ്രാമിൻ്റെ ഭാഗമായി ബെയ്സിക് ഇ ലേണിങ് ഫോർ പേരൻ്റ്സ് എന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.
കോട്ടയം ജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഓരോരുത്തരുടെയും കൈവശമുള്ള മൊബൈൽ വഴി ചെയ്യാവുന്ന വിവിധ കാര്യങ്ങൾക്കായി പല ഓഫീസുകളും കമ്പ്യൂട്ടർ സെൻ്ററുകളുമൊക്കെ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കുന്നതിന് ഈ ട്രെയിനിങ് പ്രോഗ്രാം കാരണമായിത്തീരുമെന്ന് അദ്ദേഹം പറഞ്ഞു.
ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുക വഴി വളരെയധികം സമയം സേവ് ചെയ്യുന്നതിനും ചെലവ് കുറക്കുന്നതിനും കഴിയുമെന്ന് പ്രഥമധ്യാപിക സി. റ്റെസ്സ് അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് ലീഡർ ജിസാ എലിസബത്ത് ജിജോ പ്രോഗ്രാം വിശദീകരിച്ചു. വിവിധ സർട്ടിഫിക്കറ്റുകൾക്കും പരീക്ഷകൾക്കും ഓൺലൈനായി അപേക്ഷ കൊടുക്കുന്നതിനും ഇലക്ട്രിസിറ്റി, ഫോൺ, വാട്ടർ തുടങ്ങിയവയുടെ ബില്ലുകൾ ഓൺലൈനായി അടയ്ക്കുന്നതിനും മാതാപിതാക്കളെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിശീലിപ്പിക്കും.
കൂടാതെ ക്യു ആർ കോഡ് സ്കാനർ, ഗൂഗിൾ പെയ്മെൻറ്, ചാറ്റ് ജി പി ടി, മെറ്റാ എ ഐ എന്നിവയെക്കുറിച്ചും കുട്ടികൾ മാതാപിതാക്കളെ ബോധവാന്മാരാക്കും. പൊതുജനങ്ങൾക്ക് നിത്യജീവിതത്തിൽ ഉപകാരപ്രദമായ വിവിധ മൊബൈൽ ആപ്പുകളും കുട്ടികൾ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തും. കൈറ്റ് മാസ്റ്റർ മനു കെ ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ, ജോസഫ് കെ വി എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments