കുത്തിയൊലിച്ചെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ച് വയനാടും കേരളവും. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 153 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഉറ്റവരെ കാണാതായവരെ തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും, തേങ്ങലടിച്ചുള്ള വാക്കുകളും മാത്രമാണ് മുണ്ടക്കൈയിൽ നിന്ന് പുറത്തുവരുന്നത്. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവർത്തനങ്ങളാണ് ഇന്ന് നടക്കുന്നത്.
നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. കാലാവസ്‌ഥ അനുകൂലമെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം നടത്തും. ദുരന്തത്തിൽ 89 പേരെ കണ്ടെത്തിയിട്ടില്ല. 143 മൃതദേഹങ്ങളുട പോസ്റ്റ്മോർട്ടം പൂർത്തിയായി. 83 പേരെ തിരിച്ചറിഞ്ഞു. 191 പേരാണ് ചികിത്സയിലുള്ളത്. നിലമ്പൂരിൽ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടമാണ് പൂർത്തിയാക്കിയത്.
ചാലിയാർ പുഴയിൽനിന്നു മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. പോത്തുകല്ല് അങ്ങാടിക്ക് സമീപം പഴയ തോണിക്കടവിനടുത്താണ് മുതദേഹങ്ങൾ കണ്ടത്. പോത്തുകല്ലിൽനിന്ന് ഇതുവരെ 60 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവിടെയും ഇന്നു തിരച്ചിൽ നടത്തുന്നുണ്ട്.
മുണ്ടക്കൈ ഭാഗത്ത് അൻപതിലധികം വീടുകൾ തകർന്നിട്ടുണ്ട്. നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാർ പറഞ്ഞു. 45 ദുരിതാശ്വാസ ക്യാംപുകളിലായി 3,069 പേരെ മാറ്റിപ്പാർപ്പിച്ചു.
ഉരുൾപൊട്ടൽ കണ്ട് ഓടിരക്ഷപ്പെട്ടു മുണ്ടക്കൈയിലെ റിസോർട്ടിലും മദ്രസയിലും ഇൻസ്പെക്ഷൻ ബംഗ്ലാവിലും കുന്നിൻമുകളിലും എത്തിയ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ കയറിനിൽക്കുന്നവരെ പൂർണമായും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ രാത്രി വൈകിയും കഴിഞ്ഞിട്ടില്ല. മലവെള്ളത്തിൽ വന്നടിഞ്ഞ വൻമരങ്ങൾക്കിടയിലും ആളുകളുണ്ടെന്നു സംശയിക്കുന്നു. ഇന്ന് ഉച്ചയോടെ താൽക്കാലിക പാലത്തിന്റെ നിർമാണം ആരംഭിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments