കോട്ടയം ജില്ലയിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രൊജക്ടുള്ള അറുപത് സ്കൂളുകളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തി നൽകുന്ന പ്രത്യേക പുരസ്കാരം പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ എസ്.പി.സി. യൂണിറ്റിന് ലഭിച്ചു. കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന സമ്മേളനത്തിൽ കോട്ടയം എ.എസ്.പി.യും എസ്.പി.സി. ജില്ലാ നോഡൽ ഓഫീസറുമായ സതീഷ്കുമാർ, മുൻ ജില്ലാ നോഡൽ ഓഫീസർ സി. ജോൺ, എ.ഡി.എൻ.ഒ. ജയകുമാർ ഡി. എന്നിവർ ചേർന്ന് പുരസ്കാരം സ്കൂൾ അധികൃതർക്ക് കൈമാറി. ക്രിസലിസ് എന്ന പേരിൽ സ്കൂളിലെ എസ്.പി.സി. പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ പ്രധാന പ്രൊജക്ടും അതിൻ്റെ ഭാഗമായ ഉപ പ്രോജക്ടുകളുമാണ് സ്കൂളിന് അവാർഡ് നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത്.
മീനച്ചിൽ നദീസംരക്ഷണ സമിതിയുമായും ഭൂമികയുമായും സഹകരിച്ച് നടപ്പിലാക്കിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നിരവധിയാണ്. വീടുകളിൽ മഴമാപിനി സ്ഥാപിച്ച് അളവുകൾ രേഖപ്പെടുത്തുവാനും മീനച്ചിലാറിൻ്റെ പൂഞ്ഞാർ തെക്കേക്കര റിവർ ഗേജ് വരച്ച് ജലനിരപ്പ് രേഖപ്പെടുത്തി അറിയിപ്പുകൾ നൽകാനും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ മുൻനിരയിൽ ഉണ്ട്. പൂഞ്ഞാർ തെക്കേക്കരയിൽ മഴ-പുഴ-താപ അളവുകൾ ശാസ്ത്രീയമായി നിരീക്ഷിച്ച് രേഖപ്പെടുത്തുന്ന എം.ആർ.ആർ.എം. റഫറൻസ് സെൻ്ററിൻ്റെ നടത്തിപ്പും സെൻ്റ് ആൻ്റണീസിലെ കുട്ടിപ്പോലീസാണ് നിർവ്വഹിക്കുന്നത്. സ്റ്റുഡൻ്റ് ഹണി പ്രോഗ്രാമിലും പങ്കാളിയായ SPC ടീമിന് കഴിഞ്ഞ വർഷത്തെ ബെസ്റ്റ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് അവാർഡും ലഭിച്ചിരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും സൈബർ സുരക്ഷാ ബോധവത്ക്കരണം നൽകാനായി ഡി സെയ്ഫ് പ്രോജക്ടിൻ്റെ ഭാഗമായി കേഡറ്റുകളുടെ നേതൃത്വത്തിൽ ഓൺലൈൻ പ്രോഗ്രാമുകളും ഓഫ് ലൈൻ ക്ലാസുകളും സംഘടിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ സംഭാവന നൽകിയ കേഡറ്റുകൾ ഒരു കുടുംബത്തിൻ്റെ ഭവന പുന:നിർമ്മാണത്തിന് സാമഗ്രികൾ വാങ്ങി നൽകുകയും നിർമ്മാണ വസ്തുക്കൾ ചുമന്ന് സ്ഥലത്ത് എത്തിക്കുകയും ചെയ്തു.
പ്രഥമശുശ്രൂഷാ പാഠങ്ങൾ വിദഗ്ദ്ധരിൽനിന്ന് അഭ്യസിച്ച കുട്ടിപ്പോലീസുകാർ ഈ അറിവുകൾ രക്ഷിതാക്കൾക്കും സഹപാഠികൾക്കും പകർന്നു നൽകുന്ന പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ജനമൈത്രി പോലീസിൻ്റെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച വിമൻസ് സെൽഫ് ഡിഫൻസ് പ്രോഗ്രാമും ശ്രദ്ധേയമായി. എസ്.പി.സി. നോളഡ്ജ് ഫെസ്റ്റിൽ തുടർച്ചയായ രണ്ടു വർഷങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത് പൂഞ്ഞാർ സെൻ് ആൻ്റണീസ് ടീമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്കൂളിലെ നൂറ്റിയൊന്ന് കേഡറ്റുകൾ വിവിധ ബൂത്തുകളിൽ സന്നദ്ധ പ്രവർത്തനത്തിന് എത്തിയിരുന്നു.
അനാഥ-അഗതിമന്ദിരങ്ങൾ സന്ദർശനം, കുട്ടികൾക്കായി പ്രസംഗ പരിശീലനം. വ്യക്തിത്വ വികസന സെമിനാറുകൾ, യോഗാ പരിശീലനം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ, പാഴ് വസ്തുക്കൾക്കൊണ്ട് പാർക്ക് നിർമ്മിച്ചത്, ജലസംരക്ഷണ പ്രവർത്തനങ്ങൾ, മീനച്ചിലാർ ശുചീകരണം, ഫലവൃക്ഷത്തൈകൾ നടുന്ന മധുരവനം പ്രൊജക്ട്, ഊർജ്ജ സംരക്ഷണ സന്ദേശവുമായി സോളാർ ലൈറ്റ് സ്ഥാപിച്ചത്, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ-ചിത്രരചനാ-ഉപന്യാസ മത്സരങ്ങൾ തുടങ്ങിയവ കഴിഞ്ഞ വർഷങ്ങളിലെ പ്രധാന പ്രവർത്തനങ്ങളായിരുന്നു.
സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ., പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, പി.റ്റി.എ. പ്രസിഡൻ്റ് പ്രസാദ് കുരുവിള, എസ്.പി.സി. ഓഫീസർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, മെറീന എബ്രാഹം എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments