ജെസിബി ഉപയോഗിച്ച് പത്തടി താഴ്ചയിലൊരു കുഴിയെടുക്കണം; മൂടണം. ചെലവ് രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ. മൂന്നിലവ് പഞ്ചായത്തിലാണ് ഇതുമാതിരി മാന്തല്‍ നടക്കുന്നത്. കളത്തൂക്കടവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് മാലിന്യം കുഴിച്ചിട്ടെന്ന പ്രദേശവാസിയായ ജോണ്‍സന്റെ പരാതി പരിശോധിക്കാനായാണ് കുഴി എടുക്കുന്നത്. അതിന്റെ ചെലവിലേയ്ക്കായി ജോണ്‍സണ്‍ അടയ്‌ക്കേണ്ട തുകയാണ് 277905 രൂപ.
ആശുപത്രി മുറ്റത്ത് തറയോട് പതിപ്പിച്ചപ്പോള്‍ മുറ്റം നികത്തുന്നതിന് മുന്‍പ് കുഴിയില്‍ ഹരിതകര്‍മസേനയുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇട്ടാണ് മൂടിയതെന്നാണ് ജോണ്‍സന്റെ ആരോപണം. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ വലിയ പരിശോധനകള്‍ ഉണ്ടായില്ല. പിന്നീട് പെയ്ത മഴയില്‍ മുറ്റം താഴ്ന്നതോടെ കരാറുകാരന്റെ ചെലവില്‍ പുനര്‍നിര്‍മാണത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. മുറ്റം 3 അടി കുഴിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. എന്നാല്‍ പത്തടിയോളം താഴ്ത്തി പരിശോധിക്കണമെന്നായിരുന്നു ജോണ്‍സന്റെ ആവശ്യം. ഇതിനുള്ള ചെലവ് വഹിക്കാമെന്ന് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു.
ജോണ്‍സന്റെ താത്പര്യപ്രകാരം മുറ്റം കുഴിച്ച് പരിശോധിക്കുന്നതിനും തിരികെ മണ്ണിട്ട് മൂടുന്നതിനും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ കണക്കാക്കിയ തുകയാണ് രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ. 7 ദിവസത്തിനകം ഈ പണം പഞ്ചായത്തില്‍ അടയ്ക്കണമെന്നാണ് നിര്‍ദേശം. 8 മണിക്കൂര്‍ ജെസിബി ഉപയോഗിച്ച് പണിതാല്‍ 20000 രൂപപോലും ആകില്ലെന്നിരിക്കെ ഇത് എന്ത് കണക്കാണെന്ന് മനസിലാകാതെ അന്തംവിടുകയാണ് ജോണ്‍സണ്‍.
അതേസമയം, ആദ്യം തയാറാക്കിയ എസ്റ്റിമേറ്റ് 13 ലക്ഷം രൂപയായിരുന്നു. ഇതിനെ പ്രസിഡന്റ് അടക്കം എതിര്‍ത്തതോടെയാണ് 2.77 ലക്ഷത്തിന്റെ പുതിയ എസ്റ്റിമേറ്റ് തയാറായത്. കുഴി മാന്തിയുള്ള പരിശോധന എങ്ങനെയും തടയാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ജോണ്‍സണ്‍ ആരോപിക്കുന്നത്. മണ്ണ് മന്തുന്നത് കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായേക്കുമെന്നും സെക്യൂരിറ്റിയായി തുക വാങ്ങുന്നുവെന്നുമാണ് വിവരം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments