സഹനങ്ങൾക്കിടയിലും ഞാൻ ദൈവത്തെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയാൻ അൽഫോൻസാമ്മയ്ക്ക് സാധിച്ചു. അതുകൊണ്ടുതന്നെയാണ് സഹനങ്ങളിലും ദൈവം ഹിതത്തെ നിറവേറ്റാൻ അൽഫോൻസാമ്മയ്ക്ക് കഴിഞ്ഞത് എന്ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ. ജോസ് പുളിക്കൽ പറഞ്ഞു. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ഡെന്നി കുഴിപ്പള്ളിൽ, ഫാ. ജെയിംസ് ആണ്ടാശ്ശേരി, ഫാ. മാത്യു പനങ്ങാട്ട് എന്നിവർ സഹകാർമികരായിരിന്നു.
സഹനപുത്രിയായ അൽഫോൻസ സഹനത്തിലൂടെ വിശുദ്ധിയുടെ പടവുകൾ കയറിയത് പോലെ സഹനത്തിലൂടെയാണ് സഭ വളർന്ന് ഫലംചൂടിയത്. നമ്മുടെ ജീവിതങ്ങളിലെ സഹനങ്ങൾ ദൈവഹിതമായി സമർപ്പിക്കുമ്പോൾ അവ സുകൃതങ്ങളായി മാറും. രക്ഷാകരമായ ക്രൈസ്തവദർശനമാണ് സഹിക്കുക, ശുശ്രൂഷിക്കുക എന്നത്. അതാണ് അൽഫോൻസാമ്മ തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കിയ സൂക്തവും. സ്വർഗ്ഗരാജ്യത്തെ ഈ ഭൂമിയിൽ സന്നിഹിതയാക്കുന്നവളാണ് സഭ. ഈ സഭയെ സ്നേഹിച്ചവളാണ് അൽഫോൻസാമ്മ. സഭയെ തന്റെ അമ്മയായി കണ്ട് സഭയ്ക്ക് വേണ്ടി ജീവിച്ചു സഭയുടെ വിശുദ്ധയായവളാണ് വിശുദ്ധ അൽഫോൻസാ. സഭയെ അമ്മയായി കാണുന്നവർക്ക് മാത്രമേ ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ സാധിക്കുകയുള്ളൂ. ദൈവത്തിന്റെ ഹിതമാണ് സഭയിലൂടെ തുടരുന്നത്. ദൈവത്തിന്റെ അനുഗ്രഹീതയുടെ ആകെത്തുക ദൈവത്തിന്റെ ഹൃദയം നിറവേറ്റുക എന്നതായിരുന്നു. സഭയോട് ചേർന്ന് നിന്നുകൊണ്ടാണ് അവൾ ദൈവഹിതം നിറവേറ്റിയത്.
ദൈവത്തിന്റെ ആൾരൂപമായ മിശിഹായോട് ചേർന്ന് നിൽക്കുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം.
ദൈവഹിതത്തിനു സമർപ്പിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുക എന്നതാണ് അൽഫോൻസാ നമ്മെ പഠിപ്പിക്കുന്നത്. എല്ലായിപ്പോഴും ദൈവഹിതം അന്വേഷിക്കുക എന്നതാണ് ക്രൈസ്തവ ധർമ്മം. കുരിശിൽ ഉദ്ധാനം ഉണ്ടെന്ന് മറിയം തിരിച്ചറിഞ്ഞു,. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പാഠങ്ങൾ നാം പഠിക്കുന്നത് കുരിശിന്റെ ചുവട്ടിലാണ്. നമ്മുടെ ജീവിതങ്ങളിൽ സഹനങ്ങളെ ഏറ്റെടുക്കാൻ നമുക്ക് സാധിക്കുന്നത് വചനങ്ങളിൽ നിന്നും പരിശുദ്ധ കുർബാനയിൽ നിന്നും കൂദാശകളിൽ നിന്നും ഒക്കെ സഹിക്കാനുള്ള ശക്തി സ്വീകരിക്കുമ്പോഴാണ്.വിശുദ്ധ കുർബാന യാകുന്ന ആ ഉറവിടത്തിലേക്കാണ് നാം എത്തേണ്ടത്, ആ ഉറവയിലേക്ക് നാം എത്തുമ്പോൾ സഹിക്കാനുള്ള ശക്തി തമ്മിൽ നിറയപ്പെടും.
അൽഫോൻസാമ്മക്ക് തന്റെ ജീവിതത്തിലെ ഏത് അവസ്ഥയിലും സന്തോഷവാദിയായിരിക്കാൻ സാധിച്ചത് പോലെ നമ്മുടെ ജീവിതങ്ങളിൽ എപ്പോഴും സന്തോഷമുള്ളവരായിരിക്കാൻ നമുക്ക് സാധിക്കണം.
അൽഫോൻസാമ്മ മുൾപ്പടർപ്പിനെ മുന്തിരിച്ചെടിയായി മാറ്റിയവളാണ്. നമ്മുടെ വ്യക്തി ജീവിതങ്ങളെയും സഭ മുഴുവനെയും മുന്തിരിച്ചെടി പോലെ ഫലം നിറഞ്ഞതാക്കണമെങ്കിൽ സങ്കീർണമായ സഹനങ്ങളെ നാം സ്വീകരിക്കാൻ തയ്യാറാകണം എന്നും ബിഷപ്പ് പറഞ്ഞു.
വിവിധ സമയങ്ങളിലായി ഫാ. ആൻറെണി തോണക്കര, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. ചെറിയാൻ കുന്നയ്ക്കാട്ട്, ഫാ. തോമസ് കിഴക്കേൽ, ഫാ. ബെന്നി കിഴക്കേൽ CST, ഫാ. ജോസഫ് കൂവള്ളൂർ, ഫാ. വിൻസന്റ് കദളിക്കാട്ടിൽ പുത്തൻപുര MST, ഫാ. ജേക്കബ് പുതിയാപറമ്പിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. മാത്യൂ പന്തിരുവേലിൽ ജപമാല പ്രദക്ഷിണത്തിന് കാർമ്മികത്വം വഹിച്ചു. 6.15 ന് ജപമാലപ്രദക്ഷിണത്തിന് ഫാ. ജോസഫ് പൊയ്യാനിയിൽ നേതൃത്വം നൽകി.
ഭരണങ്ങാനത്ത് നാളെ
ഉച്ചകഴിഞ്ഞ് 2.30 ന് പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷം ഉദ്ഘാടനവും ആഘോഷമായ വിശുദ്ധ കുർബാനയും സന്ദേശവും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ. റാഫേൽ തട്ടിൽ പിതാവിന്റെ കാർമികത്വത്തിൽ നിർവഹിക്കപ്പെടും. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പാലാ രൂപത ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവർ സഹകാർമികരായിരിക്കും.
രാവിലെ 11.30 ന് കാഞ്ഞിരപ്പള്ളി രൂപത
ബിഷപ്പ് എമരിതൂസ് മാർ. മാത്യു അറയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ഫാ. ജോസഫ് മഠത്തിപറമ്പിൽ സഹകാർമികനായിരിക്കും.
രാവിലെ 5.30- ഫാ. ജോർജ് ചീരാംകുഴി,
6.45- ഫാ. ജോസഫ് വടക്കേക്കൂറ്റ്,
8. 30- ഫാ. മാത്യു മണക്കാട്ട്,
10. 00- ഫാ. എവുജിൻ മടുക്കിയാങ്കൽ,
5. 00- ഫാ. തോമസ് പൈങ്ങോട്ട് CMF,
7. 00 - ഫാ. തോമസ് വാഴയിൽ എന്നിവർ കുർബാന അർപ്പിക്കും
6.15 ന് ജപമാലപ്രദക്ഷിണം ഫാ. തോമസ് പരിയാരത്ത് നേതൃത്വം നൽകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments