Latest News
Loading...

ഐങ്കൊമ്പ് രാമപുരം മേഖലയില്‍ വിതച്ചത് വന്‍നാശനഷ്ടം



മിനുട്ടുകള്‍ മാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റ് ഐങ്കൊമ്പ് രാമപുരം മേഖലയില്‍ വിതച്ചത് വന്‍നാശനഷ്ടം. കാറ്റില്‍ മരം കടപുഴകി വീണ് 50-ഓളം വീടുകള്‍ തകര്‍ന്നു. കൃഷി-റവന്യൂ വകുപ്പുകളുടെ നേതൃത്വത്തില്‍ നാശനഷ്ടങ്ങള്‍ അധികൃതര്‍ തിട്ടപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. 

ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് ശക്തമായ കാറ്റില്‍ രാമപുരം, ഐങ്കൊമ്പ്, മരങ്ങാട്ടുപിള്ളി എന്നിവടങ്ങളിലാണ് വ്യാകനാശനഷ്ടമുണ്ടായത്. വന്‍മരങ്ങള്‍ കടപുഴകി 50ഓളം വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഐങ്കൊമ്പില്‍ പുത്തന്‍പുരയ്ക്കല്‍ ബിജിുവിന്റെ വീടിന് മുകളിലേയക്ക് 3 ആഞ്ഞിലിമരങ്ങളാണ് കടപുഴകി വീണത്. കുട്ടികളടക്കം വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നേവരെ ഇത്ര ശക്തമായ കാറ്റ് കണ്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.



ആഞ്ഞിലി, പ്ലാവ്, റബര്‍, ജാതി അടക്കം വന്‍മരങ്ങളാണ് കാറ്റില്‍ നിലംപതിച്ചത്. ഓടിട്ട വീടുകള്‍ക്ക് പുറമേ വാര്‍ക്കവീടുകള്‍ക്കും മരം വീണ് നാശമുണ്ടായി. നിരവധി വീടുകളിലെ ഓടുകള്‍ കാറ്റില്‍ പറന്നുപോയി. പ്രധാന റോഡുകളിലടക്കം മരം വീണ് ഗതാഗതവും തടസ്സപ്പെട്ടിരുന്നു. വീട് തകര്‍ന്നവര്‍ക്ക് അടിയന്തരസഹായമെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. 



നാശനഷ്ടമുണ്ടായ മേഖലകളില്‍ പാലാ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ റവന്യൂ സംഘം പരിശോധന നടത്തി. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്‍ഷികമേഖലയിലെ നഷ്ടം തിട്ടപ്പെടുത്തി വരികയാണ്. രാമപുരം, കടനാട് വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നാശനഷ്ടമുണ്ടായ വീടുകളുടെ കണക്കെടുപ്പ് തുടരുകയാണെന്ന് ആര്‍ഡിഒ വ്യക്തമാക്കി.






മേഖലയില്‍ വൈദ്യുതി ബന്ധം ആകെ താറുമാറായി. കാര്‍ഷികമേഖലയില്‍ കോടികളുടെ നഷ്ടുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. മരം വീണ് നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. റബര്‍, ഏത്തവാഴ കൃഷികളും വ്യാപകമായി നശിച്ചു.



പാലാ ആർ ഡി യോക്കൊപ്പം രാമപുരം പഞ്ചായത്ത് പ്രസിഡൻറ് ലിസമ്മ മത്തച്ചൻ, വൈസ് പ്രസിഡൻറ് സണ്ണി പൊരുന്നകോട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത, പഞ്ചായത്ത് അംഗങ്ങളായ റോബി ഊടുപുഴ, കെ കെ ശാന്താറാം, മനോജ്, ജയ്മോൻ, ബീന , റെജി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മാത്തച്ചൻ, സിപിഐഎം ലോക്കൽ സെക്രട്ടറി ജാൻ്റിഷ് എന്നിവരും നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments