ആയിരക്കണക്കിന് സഞ്ചാരികൾ ആസ്വദിച്ച് മടങ്ങുമ്പോൾ അരുവിക്കച്ചാൽ ഒരുക്കുന്ന ദൃശ്യവിരുന്നിന് നന്ദി പറയാൻ വെള്ളച്ചാട്ടത്തിനു മുന്നിൽ നൃത്തമാടി ഒരുപറ്റം വിദേശികൾ. ബാംഗ്ലൂരിൽ നടന്ന ആഫ്റോ - ലാറ്റിൻ ഫെസ്റ്റ് ഏഷ്യ ആറാമത് എഡിഷനിൽ പങ്കെടുത്ത പ്രമുഖ കലാകാരന്മാരും കലാകാരികളുമാണ് ഭൂമികയുടെ പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിലെ മര്യാദകളുടെ ടൂറിസം ലക്ഷ്യസ്ഥാനങ്ങളിലൊന്നായ അരുവിക്കച്ചാലിൽ എത്തിയത്.
അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, റഷ്യ, ജർമ്മനി ഉൾപ്പെടെ ഏഴോളം രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 17 പേരായിരുന്നു സന്ദർശകർ. വെള്ളച്ചാട്ടത്തിൽ കുളിച്ചും പരിസരത്ത് നൃത്ത അവതരണം നടത്തിയും ഏറെ സമയം ചിലവഴിച്ച സംഘം ഭൂമിക നേറ്റീവ് കളക്ടീവായ അരുവിക്കച്ചാൽ നാട്ടുപച്ചയിലെ വനിതാ സംരംഭക ശോഭന തയ്യാറാക്കിയ രുചികരമായ പാലപ്പവും മുട്ടക്കറിയും, കൂടാതെ എരിവ് പറ്റാത്തവർക്ക് മുളക് ഇടാത്ത വെജിറ്റബിൾ കറിയും, കടുംകാപ്പിയും കടും ചായയുമൊക്കെ ഭൂമിക നേറ്റീവ് വിൻഡോയ്ക്ക് സമീപം കല്ലിലും കയ്യാലയിലുമൊക്കെയിരുന്ന് കഴിച്ച് ആസ്വദിച്ചാണ് മടങ്ങിയത്.
സഞ്ചാരികളുടെ പ്രാദേശിക യാത്ര പാതാമ്പുഴ ജംങ്ഷനിലെ ഓട്ടോറിക്ഷകളിലായിരുന്നു. മര്യാദകളുടെ ടൂറിസത്തിൻ്റെ അർത്ഥവും ആവിഷ്കാരവും അനുഭവിച്ചാണ് സംഘം മടങ്ങിയത്. ആഫ്രോ- ലാറ്റിൻ ഫെസ്റ്റ് ഏഷ്യയുടെ സംഘാടകരിൽ ഒരാളായ പാലാ സ്വദേശി ബോണി എം. അവന്നൂരാണ് സഹപ്രവർത്തകരെ പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിലേയ്ക്ക് കുട്ടിക്കൊണ്ടുവന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments