ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി. രാവിലെ 11.15-ന് തീര്‍ത്ഥാടന കേന്ദ്രത്തിന് മുന്നിലെ കൊടിമരത്തില്‍ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. സഹസ്രാബ്ദങ്ങളുടെ വിശ്വാസ പാരമ്പര്യം പേറുന്ന ഭരണങ്ങാനത്തിന് പത്തു നാളുകള്‍ നീണ്ടുനില്ക്കുന്ന അല്‍ഫോന്‍സാമ്മയുടെ തിരുനാളെന്നാല്‍ നാടിന്റെ പുണ്യാഘോഷമാണ്. ഒന്‍പതു ദിവസത്തേക്ക് രാവിലെ 5.30 മുതല്‍ സന്ധ്യക്ക് 7 വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും 11.30-നുള്ള വിശുദ്ധ കുര്‍ബാന അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മികത്വത്തില്‍ ആയിരിക്കും നടക്കുക.
വിശ്വാസത്തിന്റെ ആഴങ്ങളിലേയ്ക്കുള്ള ദാഹം വര്‍ധിപ്പിക്കുന്നതിനും ആത്മീയ ജീവിതത്തെ ഉത്തമമായ വഴികളിലൂടെ പുനരിശോധന നടത്തുന്നതിനുള്ള വഴിയാണ് ഈ തിരുനാളെന്ന് കൊടിയേറ്റിന് മുന്നോടിയായി നല്കിയ സന്ദേശത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സഭാ മക്കളെ ഒന്നിപ്പിക്കുന്ന ആത്മീയ മന്ത്രമാണ് അല്‍ഫോന്‍സാമ്മ. അടിസ്ഥാനപരമായ ആത്മീയ ഉണര്‍വിന്റെ സന്ദേശമാണ് അല്‍ഫോന്‍സാമ്മ നല്കുന്നത്. അല്‍ഫോന്‍സാമ്മ ഒരു പൂര്‍ണതയാണ്. അതിനോട് ചേര്‍ന്നു നില്‍ക്കാനുള്ള പരിശ്രമമാണ് ഭരണങ്ങനത്ത് കാണുന്നത്. സീറോ മലബാര്‍ സഭയിലെ വിശുദ്ധരെല്ലാം ചേര്‍ന്ന് നമുക്കാവശ്യമായ സമയത്ത് ബലം നല്കുന്നവരാണ്. ആ ബലമാണ് സഭയെ സമ്പന്നമാക്കുന്നത്.
സുവിശേഷം തുറക്കാനുള്ള ഒരു താക്കോലും പാഠപുസ്തകവുമായി അല്‍പോന്‍സാമ്മ മാറികഴിഞ്ഞു. ആത്മീയമായ ഭക്ഷണത്തിന്റെ നിറവ് നല്കി ജീവിത്തതിന് ഉന്‍മേഷം നല്കുന്ന കേന്ദ്രമായി മാറി. ആത്മീയ രംഗത്ത് ഉണ്ടാകുന്ന വരള്‍ച്ചയ്ക്ക് ആശ്വാസം ലഭിക്കുന്ന കേന്ദ്രം കൂടിയാണിത്. സുവിശേഷമെന്ന ഉപ്പിനെ മധുരമാക്കി കളയുന്ന പ്രവണത കൂടി വരികയാണ്. ഉപ്പിന്റെ രുചി നഷ്ടപ്പെട്ടാല്‍ ഭക്ഷണം കഴിക്കാനാകില്ല. സുവിശേഷത്തിന്റെ ആത്മീയ മൂല്യങ്ങള്‍ നഷ്‌പ്പെടുത്തുമ്പോള്‍, പ്രയാസങ്ങളെ മറികടക്കാന്‍ സത്യത്തെ ബലികഴിക്കേണ്ടി വരുമ്പോള്‍ സുവിശേഷത്ത മായം ചേര്‍ത്ത് വ്യാഖ്യാനിക്കുമ്പോഴുമെല്ലാം ലവണാംശം നഷ്ടപ്പെടുകയാണ്. ലവണാംശം നഷ്ടപ്പെട്ട സമൂഹമായി നാം മാറുന്നുണ്ട്. സാഹചര്യമനുസരിച്ച് നിറം മാറുന്നവരാകരുത് നമ്മളെന്നും ബിഷപ് പറഞ്ഞു. യുവതലമുറ ലഹരിക്കടിപ്പെടുമ്പോള്‍ അവരെ ശിക്ഷിക്കാന്‍ മാതാപിതാക്കള്‍ തയാറാവണം. അടികിട്ടാ മാട് പണിയെടുക്കില്ല എന്ന് പറയുംപോലെ കുട്ടികള്‍ക്ക് ഒട്ടും ശിക്ഷണം ലഭിക്കാതെ വരുമ്പോഴാണ് അവര്‍ തെറ്റിലേയ്ക്ക് കടന്നുപോകുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
തിരുക്കര്‍മ്മങ്ങള്‍ക്ക് അല്‍ഫോന്‍സാ ഷ്‌റൈന്‍ റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, ഇടവകപള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, തീര്‍ത്ഥാടനകേന്ദ്രം അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര എന്നിവര്‍നേതൃത്വംനല്കി. മാണി സി കാപ്പന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments