സഹനത്തിന്റെ രക്ഷാകരമായ അര്‍ത്ഥം മനസിലാക്കി സഹനത്തെ സന്തോഷത്തോടെ സ്വീകരിച്ചവളാണ് അല്‍ഫോന്‍സാമ്മയെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ ദിനത്തില്‍ തിരുനാള്‍ റാസ അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു കര്‍ദ്ദിനാള്‍ എമിരറ്റസ്. ഈ ലോകത്തിലെ വിലാപങ്ങള്‍ക്കെല്ലാം ആശ്വാസം പ്രതിഫലമായി ലഭിക്കും. സഹനത്തിന്റെ അര്‍ത്ഥം ശരിയായി മനസിലാക്കിയാലേ പ്രാര്‍ത്ഥന അര്‍ത്ഥപൂര്‍ണമാകൂ.
പ്രാര്‍ത്ഥനയും മരുന്നുംമൂലം രോഗം മാറാതിരിക്കുമ്പോള്‍ അത് സഹിക്കാനുള്ള ശക്തിയ്ക്കായി പ്രാര്‍ത്ഥിക്കാനാകണം. നമ്മുടെ ജീവിതങ്ങളിലും സഹനം ഏറ്റെടുക്കുവാനും അര്‍ത്ഥം ഗ്രഹിക്കുവാനും സാധിക്കണം. ആത്യന്തികമായ സൗഭാഗ്യത്തിന് വേണ്ടിയാണ് ജീവിക്കേണ്ടത്. അതാണ് അല്‍ഫോന്‍സാമ്മയുടെ ജീവിതം പഠിപ്പിക്കുന്നതെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.
പ്രധാന തിരുനാള്‍ ദിനത്തില്‍ ആയിരങ്ങളാണ് അനുഗ്രഹം തേടി ഭരണങ്ങാനത്തെത്തിയത്. രാവിലെ 6.45ന് പാലാ രൂപതാ ബിഷപ് എമിരറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിപ്പ് നിര്‍വഹിച്ചു. തുടര്‍ന്ന് രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. 10.30ന് ഇടവക ദേവാലയത്തിലാണ് പ്രധാന തിരുനാള്‍ കുര്‍ബ്ബാന നടന്നത്. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദിക്ഷണവും നടന്നു.
ഇടവക ദേവാലയത്തില്‍ നിന്നും ആരംഭിച്ച ടൗണ്‍ ചുറ്റിയുള്ള ജപമാല പ്രദക്ഷിണത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇടവക ദേവാലയത്തില്‍ നിന്നുള്ള പ്രദിക്ഷണവും അല്‍ഫോന്‍സാമ്മയുടെ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണവും പ്രധാന റോഡിലൂടെ ചുറ്റി ഇടവക ദേവാലയത്തിലെ കുരിശിന്‍ തൊട്ടിയിലെത്തിയപ്പോള്‍ ദൈവമാതാവിന്റെ തിരുസ്വരൂപവും ഇതോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് പള്ളി ചുറ്റി സമാപനപ്രാര്‍ത്ഥനയോടെ പ്രദിക്ഷണം സമാപിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments