പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കി. രോഗികൾക്ക് ആശ്വാസം പകരുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. മീനച്ചിൽ താലൂക്കിലെയും പരിസര പ്രദേശങ്ങളിലേയും രോഗികൾ ഒ.പി. ചീട്ട് എടുക്കുവാൻ വളരെയേറെ സമയം കാത്തു നിൽക്കേണ്ടി വന്നിരുന്ന സാഹചര്യമാണ് ഇതോടെ ഒഴിവാകുന്നത്. പകർച്ചപനിയുൾപ്പെടെ വ്യാപകമാകുമ്പോൾ മൂവായിരത്തിൽപരം പേരാണ് ഒരേ സമയം ചികിത്സ തേടി എത്തുന്നത്.ഒ.പി. രജിട്രേഷന് വേണ്ടി കൗണ്ടറിനു മുന്നിൽ വലിയ ക്യൂ വാണ് പലപ്പോഴും ഈ സമയത്ത് ഉണ്ടാവുന്നത്.ഇതിന് പരിഹാരമാണ് ഇ-ഹെൽത്ത് രജിസ്ട്രേഷൻ സംവിധാനം. നേരിട്ടും ' വെബ് സൈറ്റ് വഴിയും ഡോക്ടറുമായുള്ള കൂടികാഴ്ച്ചയ്ക്ക്സമയം മുൻകൂർ നിശ്ചയിക്കാം.
ചികിത്സാ രേഖകൾ കൊണ്ടു നടക്കേണ്ടതുമില്ല.മെഡിക്കൽ കോളജ് ആശുപത്രി മുതൽ ഇഹെൽത്ത് സൗകര്യo ലഭ്യമായ എല്ലാ സർക്കാർ ആശുപത്രികളിലേക്കും വീട്ടിലിരുന്ന് ഒ.പി ടിക്കറ്റ് എടുത്ത് സമയം മുൻകൂർ നിശ്ചയിക്കാം. ഈ സേവനം ലഭ്യമാകുന്നതിനായി ഏവർക്കും മുൻകൂർ രജിസ്റ്റർ ചെയ്യാവുന്നതാണ്.ഇതിനായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ നമ്പർ (യു.എച്ച്.ഐ.ഡി) ലഭ്യമാക്കേണ്ടതുണ്ട്.ഇ - ഹെൽത്ത് കേരള വെബ് സൈറ്റ് വഴിയും യു.എച്ച്.ഐ.ഡി നമ്പർ എടുക്കാവുന്നതാണ്. ചികിത്സാ രേഖകളും രോഗികൾക്ക് ഇതുവഴി എടുക്കുവാൻ കഴിയും.
മഴക്കാലം ആരംഭിച്ചതോടെ പനി ബാധിതരുടെ എണ്ണം വർദ്ധിച്ചതു വഴി ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുകയും ഒ.പി. ടിക്കറ്റിനായുള്ള കാത്തിരിപ്പ് നീളുകയും ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, കൗൺസിലർമാരായ ബിജി ജോജോ ,ബൈജു കൊല്ലംപറമ്പിൽ, മാനേജിംഗ് കമ്മിറ്റി അംnങ്ങളായ ബിജു പാലൂ പടവിൽ, ജയ്സൺ മാന്തോട്ടം, ഷാർളി മാത്യു എന്നിവർ ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
രണ്ട് വർഷമായി ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിനായുള്ള നടപടികൾ നടന്നുവരികയായിരുന്നു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഇതിനായുള്ള പരിശീലനം നടത്തുകയുണ്ടായി. സൂപ്രണ്ടിൻ്റെ ചുമതല വഹിക്കുന്ന അസി' ഡയറക്ടർ ഡോ. ടി.പി.അഭിലാഷ് ചുമതല ഏറ്റതോടെ നടപടികൾ വളരെ വേഗത്തിലാക്കി പൂർത്തീകരിക്കുകയായിരുന്നു.40-ൽ പരം കമ്പ്യൂട്ടറുകളാണ് വിവിധ വിഭാഗങ്ങളിൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഫാർമസിയും ലാബും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷണാർത്ഥമാണ് ഇപ്പോൾ ഇതിൻ്റെ പ്രവർത്തനം. ഈ സംവിധാനവുമായി എല്ലാ വിഭാഗം ജീവനക്കാര്യം പരിചയപ്പെടേണ്ടതുണ്ട്. കെൽട്രോണാണ് ഇതിനുള്ള നെറ്റ് വർക്ക് സംവിധാനം സ്ഥാപിച്ചത്.
ആശുപത്രിയിൽ രജിസ്ട്രേഷന് സൗകര്യം
പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന എല്ലാ രോഗികൾക്കും ഇ-ഹെൽത്ത് സൗകര്യത്തിനായുള്ള യൂണീക് ഹെൽത്ത് ഐ.ഡി.നമ്പറിനായി (യു.എച്ച്.ഐ.ഡി)രജിസ്റ്റർ ചെയ്യുന്നതിന് ഒ.പി കൗണ്ടറിൽ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് അറിയിച്ചു. ആധാർ നമ്പരും ഇതുമായി ലിങ്ക് ചെയ്ത ഫോണുമായി ഒ.പി. കൗണ്ടറിൽ എത്തിയാൽ യു.എച്ച്ഐ.ഡി. നമ്പർ ഏവർക്കും ലഭ്യമാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.വിവിധ ചികിത്സാ വിഭാഗങ്ങളിൽ സേവനം ഉറപ്പുവരുത്തുന്നതിനായി ആർ.എം.ഒ.മാരായ ഡോ.എം.അരുൺ, ഡോ.രേഷ്മ എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഒ.പി. ടിക്കറ്റിനായുള്ള നീണ്ട ക്യൂ ഒഴിവാക്കുവാൻ ഏർപ്പെടുത്തിയിട്ടുള്ള ഇ-ഹെൽത്ത് സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് നഗര സഭാ ചെയർമാൻ ഷാജു തുരുത്തൻ അഭ്യർത്ഥിച്ചു. ഡയാലിസിസ് വിഭാഗത്തിൽ മൂന്ന് ഷിഫ്ട് ക്രമീകരിച്ചിട്ടുള്ളതിനാൽ കൂടുതൽ പേർക്ക് ഡയാലിസിസ് സൗകര്യവും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നവീകരിച്ച ആശുപത്രി ലാബ് ഉടൻ പ്രവർത്തനം ആരംഭിക്കും. അവസാന ഘട്ട മിനിക്കുപണികൾ നടന്നുവരുന്നു.24 മണിക്കൂർ ലാബ് സൗകര്യമാണ് ലക്ഷ്യമിടുന്നത്. മൈക്രോബയോളജി പരിശോധനകൾ ഉൾപ്പെടെ ഇരുപത്തിനാല് മണിക്കൂറും രോഗനിർണ്ണയ സൗകര്യം ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആർ.ജി.സി.ബി ലാബിലും ലഭ്യമാണ് എന്നും അദ്ദേഹം അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments