പൂഞ്ഞാർ: ജീവിതം നൽകിയ പ്രതിസന്ധിയിൽ തളരാതെ നേടിയ വിജയമാണ് പാലാ മരിയൻ സദനത്തിലെ അന്തേവാസിയായ കണ്ണൻ്റെ ഫുൾ എ പ്ലസ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 9-ാം വാർഡിൽ കുഴുംമ്പള്ളി ചിലമ്പൻകുന്നേൽ പരേതനായ മോഹനൻ്റെയും ഓമനയുടെയും മകനാണ് കണ്ണൻ.
മരത്തിൽ നിന്നും വീണ് പിതാവ് മരിച്ച് 20 ദിവസത്തിന് ശേഷമാണ് കണ്ണൻ്റെ ജനനം. തൻ്റെ അഞ്ചാം വയസിലാണ് പാതാമ്പുഴ അന്നത്തേ വാർഡ് മെമ്പറായ പി.ജി ജനാർദ്ദനൻ്റെ നേതൃത്വത്തിൽ കോട്ടയം ചൈൽഡ് ലൈനിൻ്റെയും ഈരാറ്റുപേട്ട പോലീസിൻ്റെയും ബന്ധുക്കളുടെയും സഹായത്തോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 2013 സെപ്റ്റംബർ 1ന് പാലാ മരിയൻ സദനത്തിൽ എത്തിക്കുന്നത്.
ഭർത്താവിൻ്റെ മരണശേഷം കുഞ്ഞിനെയും കൊണ്ട് അമ്മയുടെ വീട്ടിൽ കുന്നോന്നി- ആലുംന്തറ കഴിഞ്ഞുള്ള സ്ഥലമായ ഈന്തുംമ്പള്ളിയിൽ ഒറ്റപ്പെട്ട വീട്ടിലായിരുന്നു താമസം. അമ്മയ്ക്ക് കുഞ്ഞിനെ സംരക്ഷിക്കാൻ സാധിക്കുകയില്ല എന്ന് മനസ്സിലാക്കി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഓമനയേയും മകൻ കണ്ണനെയും പാലാ മരിയൻ സദനത്തിൽ എത്തിച്ചത്. മരിയൻ സദനത്തിൽ നിന്നും സ്കൂൾ ജീവിതം ആരംഭിച്ച കണ്ണൻ പഠനത്തിൽ മുൻപന്തിയിലായിരുന്നു.
പാലാ ടെക്നിക്കൽ ഹൈസ് സ്കുളിൽ നിന്നും ഈ വർഷം പത്താം ക്ലാസിലെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിജയം മറ്റാരുടെയും വിജയത്തേക്കാൾ തിളക്കമേറിയതായി. പ്രതിസന്ധികളിൽ തോൽക്കാതെയും വകവെയ്ക്കാതെയും നേടിയ ഉന്നതവിജയത്തിൻ്റെ സന്തോഷത്തിലാണ് ഇന്ന് കണ്ണൻ. പരിമിതമായ ജീവിത സാഹചര്യങ്ങളിലും വിജയം ആർജ്ജിച്ചെടുക്കേണ്ടതിൻ്റെ ആവശ്യകത അവൻ്റെ ഉള്ളിൽ നിറഞ്ഞിരുന്നു.
ലക്ഷ്യ ബോധത്തോടെയുള്ള തുടർ പഠനം സാധ്യമാക്കുക, മികച്ച ജീവിത നിലവാരത്തിൽ എത്തുക അവൻ്റെ സ്വപ്നമാണ്. ചിത്രകലയിലും കാർട്ടൂൺ വരയ്ക്കുന്നതിലും നല്ല കഴിവുള്ള കുട്ടിയാണെന്ന് മരിയൻ സദൻ ഡയറക്ടർ
സന്തോഷ് ജോസഫ് പറയുന്നത്.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ദിശ 2024 മെറിറ്റ് ഡേയിൽ കോട്ടയം
ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐ.എ.എസിൽ നിന്നും അവാർഡ് സ്വീകരിക്കാൻ ഒരുക്കത്തിലാണ്. തൻ്റെ ഗ്രാമം നൽകുന്ന അനുമോദത്തിൽ മരിയൻ സദനത്തിൽ നിന്നും കണ്ണൻ എത്തും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments