സീറോ മലബാർ സഭയുടെ സമുദായ സംഘടനായ കത്തോലിക്ക കോൺഗ്രസിൻ്റെ നൂറ്റിയാറാം ജന്മവാർഷിക ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് അരുവിത്തുറയിൽ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ . ബിജു പറയന്നിലം കത്തോലിക്ക കോൺഗ്രസ് പതാക ഉയർത്തി. കത്തോലിക്ക കോൺഗ്രസിൻ്റെ വാർഷികാഘോഷങ്ങൾ പൂർവികരോടുള്ള കൃതജ്ഞതയർപ്പണമാണെന്ന്, നൂറ്റിയാറ് വർഷങ്ങളായി സമുദായ സംഘടനക്ക് നേതൃത്വം നൽകിയ നേതാക്കന്മാരേയും പ്രവർത്തകരേയും അനുസ്മരിച്ച് കൊണ്ട് അഡ്വ . ബിജു പറയന്നിലം പറഞ്ഞു.
പൂർവികരുടെ ത്യാഗോജ്ജലമായ പ്രവർത്തനങ്ങൾ ഈ വാർഷികാഘോഷങ്ങളിൽ അനുസ്മരിക്കപ്പെടുന്നത്, സഭയുടെയും സമുദായത്തിൻ്റെ മുഖമായ കത്തോലിക്ക കോൺഗ്രസിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാകണം. സമുദായത്തിൻ്റെ കൂട്ടായ്മ സമുദായത്തിൻ്റെ നിലനിൽപ്പിനും , രാജ്യത്തിൻ്റെ പുരോഗതിക്കും ആവശ്യമാണെന്നും ക്രൈസ്തവീകമായ നിലപാടുകളിലൂടെയും , കരുതലിൻ്റേയും പങ്കുവെക്കലിൻ്റെയും സാക്ഷ്യങ്ങളിലൂടെയും സമൂദായ മുന്നേറ്റത്തിന് എല്ലാവരും തയ്യാറാകണം .
കത്തോലിക്ക കോൺഗ്രസിൻ്റെ നൂറ്റിയാറ് വർഷങ്ങളുടെ ചരിത്രം സമുദായ ശാക്തീകരണത്തിൻ്റെ ചരിത്രമാണെന്നുള്ളത് ഏറെ അഭിമാനകരമായ വസ്തുതയാണെന്നും വരും നാളുകളിൽ കൂടുതൽ ശക്തിയോടെ സഭയുടേയും സമുദായത്തിൻ്റെയും ശബ്ദമാകുവാൻ കഴിയണമെന്നും ബിജു പറയന്നിലം ആഹ്വാനം ചെയ്തു.
പതാക ഉയർത്തലിന് മുന്നോടിയായി തൃശൂരിൽ നിന്ന് പതാക സംവഹിച്ചു കൊണ്ടും, കുറവിലങ്ങാട്ട് നിന്ന് നിധീരിക്കൽ മാണികത്തനാരുടെ ഛായാചിത്രം വഹിച്ചുകൊണ്ടും, രാമപുരത്ത് നിന്ന് പാറെമാക്കൽ ഗോവർണ്ണദോരുടെ കബറിടത്തിൽ നിന്നും ദീപശിഖ സംവഹിച്ച് കൊണ്ടും മൂന്ന് പ്രയാണങ്ങൾ സമ്മേളന നഗരിയായ അരുവിത്തുറയിൽ എത്തിച്ചേർന്നു . പതാക ഉയർത്തലിനു ശേഷം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വർക്കിംഗ് കമ്മറ്റി നടന്നു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ , ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ , പാലാ രൂപത ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ട്രഷറർ ഡോ . ജോബി കാക്കശ്ശേരി, ഗ്ലോബൽ ഭാരവാഹികളായ ഡോ . ജോസ്കുട്ടി ജേ ഒഴുകയിൽ , തോമസ് പീടികയിൽ , അഡ്വ. പി.റ്റി. ചാക്കോ, രാജേഷ് ജോൺ, ടെസ്സി ബിജു , ബെന്നി ആൻ്റണി , ട്രീസ ലിസ് സെബാസ്റ്റ്യൻ , അഡ്വ . ഗ്ലാഡിസ് ചെറിയാൻ ,സന്തോഷ് ജേക്കബ് ക്രാനഡ), ജേക്കബ് ചക്കാത്തറ , റോസ് റ്റി ജെയിംസ് , ഇമ്മാനുവൽ നിധിരി , ജോസ് വട്ടുകുളം , ജോയ് കെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments