Latest News
Loading...

കൈവിരലിന്‍റെ ശസ്ത്രക്രിയയ്ക്കെത്തി. നാവില്‍ ശസ്ത്രക്രിയ നടത്തി.



കൈവിരലിന്‍റെ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. ചെറുവണ്ണൂർ മധുര ബസാറിലെ 4 വയസുകാരിക്കാണ് മെഡിക്കൽ കോളജിലെ മാതൃഭൂമി ശിശു സംരക്ഷണ കേന്ദ്രത്തിലെ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുന്നതിനിടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ അവയവം മാറിയുള്ള ശസ്ത്രക്രിയ എന്ന പരാതി ഉയരുന്നത്.





നാലു വയസുകാരിയുടെ കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനായാണ് ചെറുവണ്ണൂർ മധുര ബസാറിലെ കുടുംബം മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിയത്. അരമണിക്കൂർ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. ചികിത്സ പിഴവ് വ്യക്തമായതോടെ ഡോക്ടർ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. 




ആറാം വിരല്‍ നീക്കേണ്ട ശസ്ത്രക്രിയ ആണ് ചെയ്യേണ്ടതെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്സിന്‍റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു. മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ രേഖകള്‍ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. 





അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ അരുൺ പ്രീത് പറഞ്ഞു. കുട്ടിയുടെ നാവിന്ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. അതേസമയം കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ പ്രതികരണം. 




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments