പാലാ ടൗണ്‍ അമലോത്ഭവമാതാവിന്റെ ജൂബിലി കുരിശുപള്ളിയുടെ പുനരുദ്ധാരണജോലികള്‍ ആരംഭിച്ചു. ഏതാനും ആഴ്ചകള്‍ അടച്ചിട്ടാവും ജോലികള്‍ നടക്കുക. നവീകരണജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. പതിറ്റാണ്ടുകളായി കുരിശുപള്ളിയുടെ കല്ലുകളില്‍ പറ്റിപ്പിടിച്ച പായലുകള്‍ കഴുകിയും മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തിയും മനോഹരമാക്കാനാണ് ലക്ഷ്യമിടുന്നത്.
1965-ല്‍ പണി ആരംഭിച്ച് പല ഘട്ടങ്ങളിലായി 22 വര്‍ഷം കൊണ്ടാണ് 1977-ല്‍ ഇന്നു കാണുന്ന രീതിയില്‍ ജൂബിലി കപ്പേള പൂര്‍ത്തീകരിച്ചത്. 50 വര്‍ഷത്തോടടുക്കുന്ന ഈ മഹാസൗധത്തിനു് പായലും മറ്റു കാരണങ്ങളാലും മൂലം നഷ്ടപെട്ടിരിക്കുന്ന മനോഹാരിതയും സംഭവിച്ചിരിക്കുന്ന ചോര്‍ച്ചയും മറ്റു കേടുപാടുകളും പരിഹരിക്കാനാണ് തീരുമാനം.
ഇതിന്റെ പ്രൗഢിക്ക് ഇണങ്ങാത്തതും ഭംഗം വരുത്തുന്നതുമായ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സോഷ്യല്‍ മീഡിയാ വഴിയും അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെയാണ് നവീകരണത്തെ കുറിച്ച് കുരിശുപള്ളി പ്രതിനിധിയോഗം ചിന്തിക്കുകയും അഭിപ്രായങ്ങള്‍ തേടുകയും ചെയ്തത്. പല നിര്‍ദേശങ്ങളും മുന്‍പോട്ടുവന്നെങ്കിലും ചില ആശങ്കകളും ധാരണകളും മൂലവും വലിയ മുന്‍കരുതലോടുകൂടി ചെയ്യേണ്ട ഒരു പുനരുദ്ധാരണ ജോലി ആയതിനാലും പ്രയോഗികതലത്തില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.
കുരിശുപള്ളിയുടെ നിലവിലുള്ള അവസ്ഥക്കുള്ള കാരണവും അതിനുള്ള പരിഹാരവും ശാസ്ത്രിയമായും സാങ്കേതികമായും പഠനം നടത്തുവാന്‍ പിന്നീട് ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപെടുകയായിരുന്നു. അതുപ്രകാരം The Technical Consultancy Wing of SJCET Team പല പ്രാവശ്യം, കുരിശുപള്ളിയില്‍ നേരിട്ട് വരുകയും ഗൗരവതരമായ അറ്റകുറ്റപണികളുടെ ആവശ്യകത മനസിലാക്കുകയും ചെയ്തു. കുരിശുപള്ളിയുടെ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ച എഞ്ചിനീയര്‍ യേശുദാസും പ്രതിനിധിയോഗവും SJCET Consultancy ടീമും ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനങ്ങള്‍ എടുത്തത്.
കുരിശുപള്ളിയുടെ പായല്‍ കഴുകി കല്ലിന്റെ ഭംഗി തിരിച്ചുകൊണ്ടുവരിക, ചോര്‍ച്ച ഭാഗങ്ങള്‍ പരിഹരിക്കുക, ജനലുകള്‍ക്കും അതോട് ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കുക, ഇടിമിന്നല്‍ രക്ഷാചാലകം സുശക്തമാക്കുക, ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെ നവീകരണം എന്നിവയാണ് നവീകരണകാലയളവില്‍ പൂര്‍ത്തിയാക്കുക.
ഫെബ്രുവരി മാസം 29-ന് കൂടിയ കുരിശുപള്ളി പ്രതിനിധിയോഗം പുനരുദ്ധാരണ പണികള്‍ എത്രയും വേഗം ആരംഭിക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും തീരുമാനിക്കുകയും അത് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അംഗീകരിച്ചു നല്‍കുകയും ചെയ്തു. ഈ പണികള്‍ക്ക് നേതൃത്വം നല്കാന്‍ കുരിശുപള്ളി പുനരുദ്ധാരണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. നവീകരണ ജോലികള്‍ക്ക് 50 ലക്ഷത്തിലധികം തുക ആവശ്യമായി വരുമെന്നാണ് കണക്കാക്കപെടുന്നത്.
കത്തീഡ്രല്‍ വികാരി ഫാ ജോസ് കാക്കല്ലില്‍, ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, ളാലം പൂത്തന്‍പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍ എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണജോലികള്‍ പുരോഗമിക്കുന്നത്. ഫാ.ജോസഫ് ചീനോത്തുപറമ്പിൽ, ഫാ. ജോർജ് ഈറ്റയ്ക്കക്കുന്നേൽ, ഫാ. ജോർജ് ഒഴുകയിൽ, കൺവീനർ രാജേഷ് പാറയിൽ, വർക്കിച്ചൻ മുള്ളനാനിയ്ക്കൽ, റോയി ഉപ്പൂട്ടിൽ, ജോഷി വട്ടക്കുന്നേൽ, അലക്‌സാണ്ടർ മുളയ്ക്കൽ, തോമസ് മേനാംപറമ്പിൽ, ടോമി തോട്ടുങ്കൽ, തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments