മൂന്നിലവ് ടൗണിലെ വെയിറ്റിംഗ് ഷെഡും പൊതുകിണറും ഉള്‍പ്പെടുന്ന സ്ഥലം സ്വകാര്യവ്യക്തിയ്ക്ക് പോക്ക് വരവ് ചെയ്ത് നല്കാന്‍ ഭൂരേഖ തഹസില്‍ദാരുടെ അനുമതി. പഞ്ചായത്ത് ഭരണസമിതിയുടെയും സെക്രട്ടറിയും ഉദാസീനതയാണ് പഞ്ചായത്തിന്റെ സ്ഥലം നഷ്ടമാകാന്‍ കാരണമായതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നതായും ജനകീയ പ്രതിഷേധം ആരംഭിക്കുമെന്നും ഇടതുമുന്നണി നേതാക്കള്‍ വ്യക്തമാക്കി.
മൂന്നിലവ് ടൗണിന്റെ ഹൃദയഭാഗത്താണ് പൊതുജനങ്ങള്‍ക്ക് ഉപകാരമായ ബസ് കാത്തിരിപ്പ് കേന്ദ്രവും തൊട്ടുപിന്നില്‍ പൊതുകിണറും ഉള്ളത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രദേശവാസി പഞ്ചായത്തിന് വിട്ടുനല്‍കിയ 5 സെന്റ് സ്ഥലത്താണ് ഇത് രണ്ടും സ്ഥിതിചെയ്യുന്നത്. എന്നാല്‍ സ്ഥലം സറണ്ടര്‍ ചെയ്ത് വാങ്ങാന്‍ കാലങ്ങളായുള്ള ഭരണസമിതി ശ്രമിച്ചിരുന്നില്ല.
ഏതാനും ആഴ്ചമുന്‍പാണ് ഈ സ്ഥലം പോക്കുവരവ് ചെയ്ത് നല്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് , ഇതിനോട് ചേര്‍ന്നുള്ള സ്ഥലം വാങ്ങിയ ആള്‍ അപേക്ഷ നല്കിയത്. ഇതുമായി ബന്ധപ്പെട്ട ഹിയറിംഗില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ഹാജരായെങ്കിലും ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ പോയതോടെ പോക്കുവരവ് ചെയ്ത് നല്‍കാന്‍ തഹസില്‍ദാര്‍ അനുവദിക്കുകയായിരുന്നു..
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരികയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്ത വെയിറ്റിംഗ് ഷെഡും കിണറും പഞ്ചായത്തിന് അവകാശപ്പെട്ടതാണെന്ന് മെംബര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഫണ്ട് വിനിയോഗിച്ചത് സംബന്ധിച്ച രേഖകള്‍പോലും ഹാജരാക്കാന്‍ പഞ്ചായത്തിനായില്ല. ഇതിന് പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.
വാകക്കാട്, മങ്കൊമ്പ്, മേലുകാവ് അടക്കം വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ജനങ്ങള്‍ ബസ് കാത്തിരിക്കുന്ന കെട്ടിടമാണ് പൊളിക്കല്‍ ഭീഷണിയിലായത്. കിണര്‍ സമീപത്തെ വ്യാപാരികളും പൊതുജനങ്ങളും ഉപയോഗിക്കുന്നതുമാണ്. പഞ്ചായത്തിന്റെ ആസ്തി വകകള്‍ സംരക്ഷിക്കുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടതായി ഇടതു അംഗങ്ങള്‍ ആരോപിച്ചു.
അതേസമയം, വസ്തു കൈമാറിയ സമ്മതപത്രം പഞ്ചായത്തിന് കൈവശമുണ്ടെന്നും രേഖകള്‍ ഹാജരാക്കുന്നതില്‍ ഉദ്യോഗസ്ഥന് പിഴവ് പറ്റിയതായും പഞ്ചായത്ത് പ്രസിഡിന്റ് പി.എല്‍ ജോസഫ് പറഞ്ഞു. ആര്‍ഡിഒയ്ക്കടക്കം അപ്പീല്‍ നല്കിയതായും പഞ്ചായത്തിന്റെ ആസ്തി ഒരു കാരണവശാലും നഷ്ടപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ ആരോപണം മാത്രമാണ് ഇടതുപക്ഷത്തിന്റേതെന്നും പ്രസിഡന്റ് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments