ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വേങ്ങൂർ അംഗനാട് ഭാഗത്ത് കാനമ്പുറം വീട്ടിൽ (വേങ്ങൂർ കൈപ്പിള്ളി അമ്പലത്തിന് സമീപം വാടകയ്ക്ക് താമസം) വിഷ്ണു (30), എറണാകുളം കാലടി പോലീസ് സ്റ്റേഷൻ ഭാഗത്ത് നെടുമ്പറത്ത് വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന വിനു (48) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് 2021 മുതൽ 2024 വരെയുള്ള കാലയളവിൽ വെച്ചൂർ അംബിക മാർക്കറ്റ് സ്വദേശിയായ മധ്യവയസ്കനിൽ നിന്നും ഇവർ നടത്തിവരുന്ന ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 21 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
കൂടാതെ ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് ഇയാളില്‍ നിന്നും കാറും വാങ്ങിയെടുക്കുകയും ചെയ്തു. പിന്നീട് ബിസിനസ്സിൽ പങ്കാളിയാക്കാതെയും പണവും, കാറും തിരികെ നൽകാതെയും കബളിപ്പിച്ചതിനെ തുടർന്ന് മധ്യവയസ്കന്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷന്നസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ഇവരെ പിടികൂടുകയായിരുന്നു.
ഇയാളിൽ നിന്നും ഇവർ തട്ടിയെടുത്ത കാർ മറ്റൊരാൾക്ക് വിൽപ്പന നടത്തിയതായും പോലീസ് കണ്ടെത്തി. വൈക്കം സ്റ്റേഷൻ എസ്.ഐ പ്രദീപ് എം, എസ്.ഐ വിജയപ്രസാദ് , സി.പി.ഓ പ്രവീണൊ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments