പാലാ: കോട്ടയത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ പത്രികാ സമര്‍പ്പണത്തിന് പുറപ്പെട്ടത് ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ചാപ്പലിലെത്തി നാമനിര്‍ദേശ പത്രിക കബറിടത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിച്ച ശേഷം. രാവിലെ ഇടവക ദേവാലയമായ അരീക്കര സെന്‍റ് റോക്കീസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത ശേഷം നേരെ പാലായില്‍ മാണി സാറിന്‍റെ വീട്ടിലേയ്ക്ക്. ഇവിടെ കുട്ടിയമ്മ മാണിയെ കണ്ട് അനുഗ്രഹം വാങ്ങി ജോസ് കെ മാണിക്കൊപ്പം നേരെ പോയത് ഭരണങ്ങാനത്ത് അല്‍ഫോന്‍സാ ദേവാലയത്തിലേയ്ക്ക്.
അല്‍ഫോന്‍സാമ്മയുടെ ദേവാലയത്തില്‍ വിശുദ്ധയുടെ കബറിടത്തില്‍ നാമനിര്‍ദേശ പത്രിക വച്ച് മുട്ടുകുത്തി പ്രാര്‍ഥിച്ച ശേഷം നേരെ മാന്നാനത്ത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ കബറിടത്തിലും പ്രാര്‍ഥിച്ച ശേഷമാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്.
ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും തനിക്ക് തുണയായത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹമാണെന്നും ഈ തെരഞ്ഞെടുപ്പിലും അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥം തേടാനാണ് കബറിടത്തില്‍ വന്നതെന്നും ചാഴികാടന്‍ പറഞ്ഞു. പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയും സ്ഥാനാർത്ഥി ക്ക് ഒപ്പമുണ്ടായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments