തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മൂന്ന് റോഡുകൾ തുറന്നുനൽകി. ഗ്രാമീണ മേഖലയുടെ ഗതാഗതസൗകര്യം ഉറപ്പാക്കാനുള്ള പരിശ്രമങ്ങളുടെ നേട്ടമാണ് ഈ റോഡുകളുടെ വികസനത്തിലൂടെ സമ്മാനിച്ചതെന്ന് ഉദ്ഘാടനം നിർവഹിച്ച തോമസ് ചാഴികാടൻ എംപി പറഞ്ഞു.
പഞ്ചായത്ത് ഏഴാം വാർഡിലെ മരങ്ങാട്ടുപിള്ളി ഗന്ധർവസ്വാമി ക്ഷേത്രം-പാളയം പള്ളി റോഡ് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് കോൺക്രീറ്റിംഗ് നടത്തി നാടിന് സമർപ്പിച്ചത്.
പഞ്ചായത്ത് രണ്ടാംവാർഡിൽ കുര്യനാട് ഈസ്റ്റ് -മാണിയാക്കുപാറ റോഡിൽ തോമസ് ചാഴികാടൻ എംപി അനുവദിച്ച മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് ടാറിംഗ് പൂർത്തീകരിച്ചു.
നാലാം വാർഡിൽ മരങ്ങാട്ടുപിള്ളി നൂറമാക്കീൽ-ആട്ടുകുന്നേൽ റോഡ് വികസനം പൂർത്തീകരിക്കുന്നതിന് മൂന്ന് ലക്ഷം രൂപയാണ് എംപി ഫണ്ടിൽ നിന്ന് വിനിയോഗിച്ചത്.
കരൂർ, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകൾക്ക് നേട്ടം ലഭിക്കുന്ന കുടക്കച്ചിറ-സെന്റ് തോമസ് മൗണ്ട്-പാറമട-നടുവിൽമാവ് റോഡിന്റെ വികസനത്തിന് പിഎംജിഎസ്‌വൈ പദ്ധതിയിൽ എംപി അനുവദിച്ച 4.88 രകോടി രൂപ വിനിയോഗിച്ചുള്ള നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച് മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുര്യനാട് ജംഗ്ഷനിൽ എംസി റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പൂർത്തികരിച്ചത് നാടിന് ഏറെ നേട്ടമായി. 5.3 ലക്ഷം രൂപ വിനിയോഗിച്ചുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു.
പഞ്ചായത്ത് ഒൻപതാം വാർഡിൽ തൂറവയ്ക്കൽ-ചെമ്പനാനി, ആലയ്ക്കാപ്പള്ളി മൈലന്തറ റോഡിലും എട്ടാം വാർഡിൽ മരങ്ങാട്ടുപിള്ളി മൃഗാശുപത്രി-മൈലന്തറ റോഡിലും തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനായി അനുവദിച്ച 13 ലക്ഷത്തോളം രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. ഉദ്ഘാടന സമ്മേളനങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷാ രാജു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ജോൺസൺ പുളിക്കീൽ, സഹകരണബാങ്ക് പ്രസിഡന്റ് എംഎം തോമസ്, ബിജോ തറപ്പിൽ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments