Latest News
Loading...

ക്‌നാനായ സമുദായം സീറോ മലബാർ സഭയ്ക്ക് പാഠപുസ്തകം: മാർ റാഫേൽ തട്ടിൽ



 ക്‌നാനായ സമുദായം സീറോ മലബാർ സഭയ്ക്ക് പാഠപുസ്തകമാണെന്ന് സീറോ മലബാർ  സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ.  കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ അൽമായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ മുഖ്യപങ്കാളിത്തത്തോടെ കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച കുടിയേറ്റ അനുസ്മരണ സമ്മേളനവും ക്നായി തോമാദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷണറി തീഷ്ണതയുള്ള ക്‌നാനായ സമുദായത്തെക്കൂടാതെ സീറോ മലബാർ സഭ അപൂർണ്ണമാണെന്നും സമുദായത്തിന്റെ കെട്ടുറപ്പും തനിമയും സീറോ മലബാർ സഭയ്ക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ മാതൃകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.   



കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന  ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസമ്മേളനത്തിൽ ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ,  കോട്ടയം അതിരൂപതാ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവർ അനുഗ്രഹസന്ദേശങ്ങൾ നൽകി.വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, പ്രിസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, വിസിറ്റേഷൻ കോൺഗ്രിഗേഷൻ മദർ ജനറാൾ സിസ്റ്റർ കരുണ എസ്.വി.എം, പാസ്റ്ററൽ കൗൺസിൽ അൽമായ സെക്രട്ടറി ബിനോയി ഇടയാടിയിൽ,  കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, കെ.സി.വൈ.എൽ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.  





അതിരൂപതയിലെ സമുദായ സംഘടനകളുടെ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ രാവിലെ  കോട്ടപ്പുറം കോട്ടയിലെത്തി പൂർവ്വിക അനുസ്മരണ പ്രാർത്ഥന നടത്തി. തുടർന്ന് ക്‌നായി തോമാഭവനിൽ കെ.സി.സി പ്രസിഡന്റ് പതാക ഉയർത്തിയതോടെയാണു ദിനാചരണപരിപാടികൾക്കു തുടക്കമായത്.  കോട്ടപ്പുറം ഹോളി ഫാമിലി ദൈവാലയത്തിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയിൽ അതിരൂപതയിലെ പ്രതിനിധികൾ പങ്കെടുത്തു.  കോട്ടപ്പുറം കോട്ടയ്ക്ക് സമീപം അതിരൂപത നിർമ്മിക്കുന്ന ഓർമ്മക്കൂടാരത്തിന്റെ അടിസ്ഥാനശില അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ആശീർവ്വദിച്ചു. എ.ഡി. 345 ൽ  ദക്ഷിണ മെസൊപ്പൊട്ടോമിയ ദേശത്തുനിന്നും കൊടുങ്ങല്ലൂരിൽ വന്നിറങ്ങി ഭാരത ക്രൈസ്തവ സഭയ്ക്ക് പുതുജീവനും സഭാസംവിധാനങ്ങളും ഒരുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ക്‌നാനായക്കാർ എ.ഡി. 1524 ൽ  കൊടുങ്ങല്ലൂരിൽനിന്നും പൂർണ്ണമായി വിട്ടുപോന്നിട്ട് 2024 ൽ 500 വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് വിപുലമായ അനുസ്മരണ പരിപാടികൾ  സംഘടിപ്പിച്ചത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments