പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'ഡിജി വിസ്ത' സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ പ്രകാശനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തിന്റെ ഫലമായി വായനയുടെ രീതിയും സ്വഭാവവും മാറിയിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ഡിജിറ്റൽ വായനയുടെ പ്രസക്തി വളരെ വലുതാണ്.
ഈ പശ്ചാത്തലത്തിൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ വളരെ മികച്ച രീതിയിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ക്ലബ്ബ് അംഗങ്ങൾ തങ്ങളുടെ പാഠ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പരിചയപ്പെട്ട സ്ക്രൈബ്സ് സോഫ്റ്റ്‌വെയറിലാണ് സ്കൂളിലെ വിദ്യാർഥികളുടെ കഥകളും, കവിതകളും, വരകളും മറ്റും അടങ്ങിയ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.
വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ വളരെ താല്പര്യത്തോടെയാണ് പങ്കെടുക്കുന്നത്. കൈറ്റ് മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ. എസ്. എന്നിവരുടെ മേൽനോട്ടത്തിലാണ് ക്ലബ് പ്രവർത്തിക്കുന്നത്.
മാഗസിൻ പ്രകാശന കർമ്മ വേളയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ., അധ്യാപകർ, അനധ്യാപകർ, ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments