Latest News
Loading...

കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു




വൻ ജനാവലിയുടെ സാന്നിധ്യത്തിൽ, ഉത്സവാന്തരീക്ഷത്തിൽ കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു. പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. തടസമില്ലാത്ത റോഡ് ശൃംഖല സാധ്യമാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന ലെവൽക്രോസിങ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി റെയിൽവേ മേൽപ്പാലങ്ങൾക്കായി സംസ്ഥാനത്ത് 250 കോടിയിലധികം രൂപ ചെലവഴിക്കുന്നതായി മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ലെവൽക്രോസിങ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച അഞ്ചാമത്തെ റെയിൽവേ മേൽപ്പാലമാണ് കാരിത്താസിലേത്. 72 മേൽപ്പാലങ്ങൾ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡും 22 മേൽപ്പാലങ്ങൾ കെ.ആർ.ഡി.സി.എല്ലും നിർമിക്കുന്നതാണ് പദ്ധതി. നാലെണ്ണം പൂർത്തീകരിച്ചു. 

ഒമ്പതെണ്ണം നിർമാണപുരോഗതിയിലാണ്. റെയിൽവേപാലം നിർമാണം പൂർത്തീകരിച്ചാൽ ഈ വർഷം ഇവ ഉദ്ഘാടനം ചെയ്യാനാകും. കിഫ്ബി പദ്ധതിയിലൂടെയുള്ള 63 മേൽപ്പാലങ്ങൾ വിവിധ ഘട്ടത്തിലാണ്. 25 റെയിൽവേ മേൽപ്പാലങ്ങൾ 2025ൽ പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. 20 എണ്ണത്തിന്റെ സ്ഥലമേറ്റെടുക്കൽ പുരോഗതിയിലാണ്. അന്തിമഘട്ടത്തിലെത്തിയവ ഈ സാമ്പത്തിക വർഷം ടെണ്ടർ ചെയ്യും. 22 എണ്ണത്തിന് ഭൂമിയേറ്റെടുക്കൽ അനുമതി നൽകി. നൂറിലധികം മേൽപ്പാലങ്ങൾ അഞ്ചുവർഷത്തിനുള്ളിൽ പൂർത്തീകരിക്കും. എല്ലായിടത്തും വികസനമെത്തിക്കുക എന്നതാണ് സർക്കാരിന്റെ നയം. വിവികസനം മുടക്കാൻ ആരു ശ്രമിച്ചാലും ജനപിന്തുണയോടെ, സമൂഹത്തെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.



യോഗത്തിൽ സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. മൂന്നുമാസത്തിനുള്ളിൽ കമ്പനിക്കടവ് പാലം പൂർത്തീകരിക്കുമെന്നും നടക്കില്ലെന്നു പറഞ്ഞിരുന്ന എല്ലാ പദ്ധതികളും നടപ്പാക്കാനായെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലത്തിലെ എല്ലാ പൊതുമരാമത്തു റോഡുകളും ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാക്കി. കോട്ടയം മെഡിക്കൽ കോളജ് അടിപ്പാത നിർമാണത്തിന്റെ കരാറായെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.      തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. 




റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് അഡീഷണൽ ജനറൽ മാനേജർ റ്റി.ജെ. അലക്‌സ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കുര്യൻ, ഫാ. ജോസഫ് മുണ്ടകത്തിൽ, ജോണി വർഗീസ്, ഫാ. ബിനു കുന്നത്ത്, ഫാ. ജെയിംസ് മുല്ലശേരി, ഫാ. ജോസ് ആലുങ്കൽ, ഫാ. അജി ജോസഫ്, ഡോ. എ. ജോസ്, ഫാ. സരീഷ്, കെ.എൻ. വേണുഗോപാൽ, അഡ്വ. ബിനു ബോസ്, ജോസ് ഇടവഴിക്കൻ, രാജീവ് നെല്ലിക്കുന്നേൽ, ടി.എച്ച്. ഉമ്മർ, പി.എസ്. കുര്യാച്ചൻ, ഇ.എസ്. ബിജു, പി.സി. മോഹൻദാസ്, ഷാജി തെള്ളകം, സജി വള്ളോംകുന്നേൽ, പ്രൊഫ. ജോസ് വെല്ലിങ്ടൺ, റ്റി.റ്റി. രാജേഷ് എന്നിവർ പങ്കെടുത്തു.
13.60 കോടി രൂപ ചെലവിലാണ് മേൽപ്പാലം പൂർത്തീകരിച്ചത്. റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിനായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണകരാർ എടുത്തത്. 2022 ഡിസംബറിൽ നിർമാണം ആരംഭിച്ച പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments