ആദ്യത്തേതും ഏറ്റം പ്രധാനപ്പെട്ടതുമായ വിദ്യാലയങ്ങാളായ പ്രൈമറി വിദ്യാലയങ്ങൾ നമ്മുടെ വീടിന്റെ തുടർച്ചതന്നെയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട്. ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന്റെ ശതാബ്ദിയാഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പ്രൈമറി വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന, പ്രഘോഷിക്കുന്ന, സൗഖ്യം നൽകുന്ന അധ്യാപകർ മാതാപിതാക്കളുടെ പ്രതിരൂപം തന്നെയാണ്. കത്തിജ്വലിക്കുന്ന വിളക്കുകളായ അവർ പകർന്നുനൽകുന്ന മൂല്യങ്ങളാണ് പിൽക്കാലത്ത് നമുക്ക് വളർത്തിയെടുക്കാൻ സാധിക്കുന്നത് എന്നും അനേകായിരങ്ങൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത, പാലാരൂപതയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌കൂളിന്റെ ഒരുനൂറ്റാണ്ട് എന്ന ഓർമ്മ ഭരണങ്ങാനം നിവാസികൾ ഏറ്റെടുത്തതിന്റെ തെളിവാണ് നിറഞ്ഞിരിക്കുന്ന ഈ സമ്മേളനഹാൾ എന്നും പറഞ്ഞ മാർ. ജോസഫ് കല്ലറങ്ങാട്ട്, ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ച് തയാറാക്കിയ സ്മരണികയുടെ പ്രകാശനകർമ്മവും നിർവ്വഹിച്ചു.
സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷൈനി ജോസഫ് സ്വാഗതം ആശംസിച്ച യോഗത്തിന്റെ അധ്യക്ഷൻ സ്‌കൂൾ മാനേജർ റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട് ആയിരുന്നു. എം. എൽ.എ ശ്രീ. മാണി സി. കാപ്പൻ മുഖ്യപ്രഭാഷണം, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി സണ്ണി ശതാബ്ദിസ്മാരക സ്റ്റാമ്പ് പ്രകാശനം, പൂർവവിദ്യാർത്ഥിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ശ്രീ. രാജേഷ് വാളിപ്ലാക്കൽ എൽ. എസ്.എസ്. ജേതാക്കൾക്കായുള്ള ഉപഹാരസമർപ്പണം എന്നിവ നിർവ്വഹിച്ചു.
പാലാ ബി.പി.സി. ശ്രീമതി ജോളിമോൾ ഐസക്ക്, പൂർവവിദ്യാർത്ഥിയും ആർട്ടിസ്റ്റുമായ ശ്രീ. മനുരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. പൊതുസമ്മേളനത്തെത്തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഗാനമേള, സ്‌കോളർഷിപ്പ് വിതരണം സമ്മാനദാനം എന്നിവയും നടത്തപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments