പാലാ നഗരസഭയില്‍ പുതിയ ചെയര്‍മാന്റെ ആദ്യ കൗണ്‍സില്‍ യോഗം ബഹളമയമായി. യുഡിഎഫ് കൗണ്‍സിലര്‍മാരുടെ കസേര കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ കയ്യേറിയപ്പോള്‍ നാടകീയ സംഭവങ്ങള്‍ക്കും കൗണ്‍സില്‍ സാക്ഷ്യം വഹിച്ചു. ഫണ്ട് വിഹിതം സംബന്ധിച്ച ചെയര്‍മാന്റെ മറുപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് വോക്കൗട്ട് നടത്തി .
ജനകീയ ആസൂത്രണം വാര്‍ഷിക പദ്ധതികള്‍ അംഗീകാരം ചര്‍ച്ച വേണ്ടിയാണ് ഇന്ന് യോഗം ചേര്‍ന്നത്. എന്നാല്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സ്ഥിരമായി ഇരിക്കുന്ന സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു. ഹാളില്‍ ആദ്യം എത്തിയ കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ യുഡിഎഫുകാരുടെ സീറ്റ് കയ്യടക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ നടുത്തളത്തില്‍ കസേര ഇട്ട് ഇരുന്നു. ഇടതുമുന്നണിയിലെ പ്രശ്‌നങ്ങളാണ് ഈ കസേര മാറ്റത്തിന് പിന്നില്‍ എന്ന് യുഡിഎഫ് ആരോപിച്ചു. ഇരുവശങ്ങളിലുമായി പ്രതിപക്ഷവും ഭരണപക്ഷവും ഇരിക്കുന്ന സാധാരണ ഇരിപ്പിടക്രമം അട്ടിമറിച്ച് മൂന്നു ഗ്രൂപ്പ് ആയിട്ടാണ് ഭരണപക്ഷം കൗണ്‍സില്‍ ഹാളില്‍ നിലയുറപ്പിച്ചത്. ഇത് ഭരണമുന്നണിയിലെ അനൈക്യത്തിന്റെ വ്യക്തമായ പ്രതിഫലനം ആണെന്ന് യുഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പദ്ധതിവിഹിതം കൗണ്‍സിലര്‍മാര്‍ക്ക് വീതംവച്ചതില്‍ അപാകതയുണ്ടെന്ന് നേരത്തെ യുഡിഎഫ് ആരോപണമുയര്‍ത്തിയിരുന്നു. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് ഫണ്ട് വിഹിതം നല്കിയതില്‍ തിരിച്ചുവ്യത്യാസം ഉണ്ടോയെന്ന ചോദ്യത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും എന്നായിരുന്നു ചെയര്‍മാന്റെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ഭരണപക്ഷം അധികാരത്തിലേറിയ ശേഷമുള്ള മൂന്നുവര്‍ഷങ്ങളിലും പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സിലര്‍മാരായ 9 വാര്‍ഡുകളിലും കുറഞ്ഞ തുകയാണ് വാര്‍ഡ് ഫണ്ട് ആയി അനുവദിക്കുന്നത്. ഇത് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിലെ ജനങ്ങളോടുള്ള അനീതിയും അവഗണനയുമാണെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി.
സംസ്ഥാന ബജറ്റില്‍ പാലാ സ്റ്റേഡിയത്തിനും അരുണാപുരം റഗുലേറ്റര്‍ കം ബ്രിഡ്ജിനും തുക അനുവദിച്ച സര്‍ക്കാരിനെ അഭിനന്ദിച്ച് കേരള കോണ്‍ഗ്രസ് എം പ്രമേയം പാസാക്കി. അതേസമയം, ബൈജു കൊല്ലംപറമ്പലിന്റെ വാര്‍ഡില്‍ റോഡ് നിര്‍മാണത്തിന് തുക അനുവദിച്ച മാണി സി കാപ്പന് അഭിനന്ദനവുമായി കോണ്‍ഗ്രസ് അംഗം വി.സി പ്രിന്‍സ് പ്രമേയം അവതരിപ്പിച്ചതും കൗതുകമായി.
പാലാ കത്തീഡ്രല്‍ പള്ളിയും, അരമനയും, സെന്റ് തോമസ് കോളേജും അരുണാപുരം പള്ളി, മരിയന്‍ ഹോസ്പ്പിറ്റല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലാണ്. ഇവിടങ്ങളിലെ പ്രബുദ്ധരായ വോട്ടര്‍മാരോട് ഉള്ള വെല്ലുവിളിയാണ് ഭരണമുന്നണി നടത്തുന്നത് എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രതിഷേധ സൂചകമായി കൗണ്‍സിലര്‍മാരായ പ്രൊഫ.സതീശ് ചൊള്ളാനി, ജോസ് എടേട്ട്, പ്രിന്‍സ് വി സി ,ജിമ്മി ജോസഫ്, മായ രാഹുല്‍, ആനി ബിജോയി, സിജി ടോണി, ലിസിക്കുട്ടി മാത്യു, ലിജി ബിജു തുടങ്ങിയവര്‍ കൗണ്‍സില്‍ ബഹിഷ്‌ക്കരിക്കുകയായിരുന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments